രചന : എം പി ശ്രീകുമാർ✍
വിവേകാനന്ദൻ വിവേകാനന്ദൻ
വിധി കരുതിയ യുവരാജൻ
വീരഭാരത ഹൃദയത്തിൽ നി-
ന്നുദിച്ചുയർന്ന വിരാട്ട്ഭാവം
വിധിയെ പഴിച്ച ഭാരത പുത്രർ
വിധിയെ വിധിച്ചവരായ് മാറാൻ
ഉഷസൂര്യനെപ്പോലെ കിഴക്ക്
ഉദിച്ചുയർന്നൊരു ഋഷിവര്യൻ
തപസ്സിൽ നിന്നും ഭാരത ചിത്തം
തപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾ
തകർന്നു പോയി ചങ്ങലയെല്ലാം
ചിതറി തരികളെവിടേയ്ക്കൊ !
ഉറങ്ങും ഭാരത പുത്രർക്കായി
ഉയർത്തിയ ശംഖൊലി കേട്ടില്ലെ
ഹിമവത് കൊടുമുടിശൃംഗത്തിൽ
വിന്ധ്യ മഹാചല പ്രതലത്തിൽ
ഹിന്ദുമഹാസമുദ്ര ഗർത്തത്തിൽ
അനന്ത ഗഗനനീലിമയിൽ
പ്രകമ്പനം കൊണ്ടതു ജഗത്തിൽ
മുഴങ്ങിയതു നമ്മൾ കേട്ടില്ലെ
പാവനജ്ഞാന ഗംഗാപ്രവാഹം
കൈക്കുമ്പിളിൽ കോരി പകർന്നില്ലെ
പാരിജാതപ്പൂമണം പോലതു
മനസ്സിൽ പുണ്യമായ് പതിഞ്ഞില്ലെ !
വിവേകാനന്ദൻ വിവേകാനന്ദൻ
വിധി കരുതിയ യുവരാജൻ
വീരഭാരത ഹൃദയത്തിൽ നി-
ന്നുദിച്ചുയർന്ന വിരാട്ട്ഭാവം !
(ജനുവരി 12 വിവേകാനന്ദ ജയന്തി.
രാഷ്ട്രം ദേശീയ യുവജനദിനമായി
ആചരിക്കുന്നു.)