രചന : ടി.എം. നവാസ് വളാഞ്ചേരി✍
കൈവിട്ട വാക്കും കല്ലും ഒരുപോലെ മൂർച്ചയേറിയതത്രെ. എല്ലില്ലാ നാവിൻ്റെ പരാക്രമങ്ങൾ വരുത്തി വെക്കുന്ന വിന ഭയാനകമത്രെ.
നാവിനാൽ നാമൊരു വാക്ക് ചൊല്ലും മുമ്പ്
ഒരു നൂറു വട്ടം മനസ്സോടുരക്കുക
നാക്കിലെ പിഴവുകൾ നാറിക്കുമെന്നത്
നമ്മളെല്ലാവരുമെപ്പെഴുമോർക്കുക
എല്ലില്ല നാവിൻ പരാക്രമങ്ങൾ കൊണ്ട്
എല്ല് മുറിയുമെന്നെപ്പൊഴുമോർക്കുക
കൂർത്ത മുറിവുകൾ ഹൃത്തിൽ കുറിച്ചിടും
നെഞ്ചകം വാക്കിനാൽ കീറിമുറിച്ചിടും
മായാത്ത മുറിവുകൾ താങ്ങാത്ത നോവുകൾ
നാവിനാൽ നോവുമ്പോൾ നീറി പുകഞ്ഞിടും
രുചിയേറുമന്നം രുചിച്ചിടും നാവിനാൽ
അരുചികമായത് പലതും ഭവിച്ചിടും
മനമതിൽ മുളപൊട്ടുമെല്ലാ അഴുക്കതും
വാക്കായി ചർദ്ദിച്ചു പോന്നിടും നാക്കിനാൽ
നാവൊരു വാളെന്നതെപ്പെഴുമോർക്കുക
നീതിക്കു വേണ്ടിയാ
വാൾ നാമെടുക്കുക
നാക്കിനാൽ നാടിൻ്റെ തേര് തെളിക്കുക
നാവ് പൊന്നായിടാൻ നാഥനിൽ തേടുക