രാധയ്ക്കു കണ്ണനോടാത്മബന്ധ,മനു-
രാഗത്തെ വെല്ലുന്ന ദിവ്യബന്ധം.
രാമനും സീതയും തമ്മിൽ പരിണയ-
കാമനയ്ക്കപ്പുറമെന്തു ബന്ധം?
കർണ്ണനു ദുര്യോധനനുമായുള്ളതു
വർണ്ണിക്കാനാകാത്തയാത്മബന്ധം.
അന്തികത്തെത്തിയൊടുവിൽ വിലപിച്ച
കുന്തിയ്ക്ക് കർണ്ണനൊടെന്തുബന്ധം?
രാധേയനെന്നും മനസ്സിൽ നിറഞ്ഞു, തൻ
ആരാദ്ധ്യയായ പോറ്റമ്മ മാത്രം.
തമ്മിലകറ്റാൻ മനുഷ്യൻ പണിയുന്ന
വന്മതിൽക്കെട്ടുകളുണ്ടെങ്കിലും,
വന്യശിഖരത്തിൽ നിന്നുമൊഴുകുന്ന
പുണ്യനദിയ്ക്കു പ്രിയമീക്കടൽ.
മൂക്കും മുലയും മുറിഞ്ഞു വിലപിച്ച
ശൂർപ്പണഖയ്ക്കു തിരിച്ചറിവിൽ
നോവും മനസ്സിനകത്തു വിരിഞ്ഞതു
രാവണനോടുള്ളയാത്മബന്ധം.
മാവേലിയിന്നുമീ നാടിന്റെയാത്മാവിൽ
ആവേശമായി വിളങ്ങിടുമ്പോൾ
വാമനമൂർത്തിതാനെന്നുമധികാര-
കാമന കൈക്കൊണ്ട ദേവരൂപം.
തമ്മിൽ പടവെട്ടി ജീവൻ വെടിയുന്നു
നമ്മളിൽ ഭ്രാന്തു മുളച്ചിടുമ്പോൾ.
അമ്മധരിത്രിക്കു മക്കളോടപ്പൊഴും
നന്മ കിനിയുന്നൊരാത്മബന്ധം!
സൗരയൂഥത്തിലെ സർവ്വ ഗ്രഹങ്ങൾക്കു-
മുർവ്വിയോടുള്ളതു സ്നേഹഭാവം.
പെറ്റ മാതാവിനു മക്കളെ പോറ്റുവാൻ
കുറ്റമില്ലാത്തൊരു ജൈവ ബന്ധം.
മാനസസന്തതികൾക്കു വളരുവാൻ
വേണം മഹനീയമാത്മബന്ധം!.
()

മംഗളാനന്ദൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *