രചന : കാവല്ലൂർ മുരളീധരൻ✍
കല്ലിന് മുകളിൽ കൊട്ടിപ്പഠിപ്പിക്കുമ്പോൾ അച്ഛൻ പറഞ്ഞു, “കൈകൾ നന്നായി വഴങ്ങണം, നാലഞ്ച് മണിക്കൂറുകൾ വിശ്രമമില്ലാതെ നാദപ്രപഞ്ചം തീർക്കാൻ ഭഗവാനെ, ഭഗവതിയെ അല്ലെങ്കിൽ ഏതൊരു ആരാധനാലയമാണോ, അവിടത്തെ ആരാധനാമൂർത്തിയെ അതിനുള്ളിലെ ചൈതന്യത്തെ മേളം ആസ്വദിക്കുന്നവരിലേക്ക് ഇറക്കികൊണ്ടുവരാൻ കഴിയണം”.
“രൗദ്രതാളങ്ങളിലൂടെ അതിന്റെ ആസ്വാദനത്തിലൂടെ മനുഷ്യരുടെ ഉള്ളിലെ രൗദ്രങ്ങളെല്ലാം പുറത്തെടുത്ത് മേളക്കൊഴുപ്പിൽ അതിന്റെ മൂർദ്ധന്യതയിൽ അവരെ നാം വിമലീകരിക്കുകയാണ്”.
അച്ഛൻ പേരുകേട്ട മേളപ്രമാണി, തൃപ്പേക്കുളം അപ്പൻ മാരാർ. എവിടെയും അച്ഛൻതന്നെയായിരിക്കും പ്രമാണം. കൊട്ടിത്തുടങ്ങി അതിൽ ലയിച്ചുചേരുന്ന അച്ഛൻ, താളം തെറ്റാതിരിക്കാൻ ചുറ്റും നിന്ന് കൊട്ടുന്നവരെ നന്നായി ശ്രദ്ധിച്ചുകൊണ്ടിരിക്കും. ആ ശ്രദ്ധ, തെറ്റ് വരാതിരിക്കാൻ മാത്രമല്ല, നല്ല ചെറുപ്പക്കാരെ അടുത്ത മേളത്തിൽ മുൻനിരയിലേക്ക് കൊണ്ടുവരാൻ കൂടിയാണ്.
വലിയ ഒരമ്പലത്തിൽ നിന്ന് “മേളാധിപതി” എന്നെഴുതിയ സ്വർണ്ണമാല സമ്മാനം നൽകി ആദരിച്ചു, അച്ഛൻ വീട്ടിലെത്തിയപ്പോൾ അത് ചെണ്ടയുടെ പുറത്താണ് സൂക്ഷിച്ചിരുന്നത്. “ഞാനല്ല, ഈ ചെണ്ടയാണ് നാദവിസ്മയങ്ങൾ തീർക്കുന്നത്” എന്നായിരുന്നു അച്ഛന്റെ അഭിപ്രായം.
അച്ഛന്റെ പ്രശസ്തി കേരളമാകെ നിറഞ്ഞു, അത്പിന്നെ വിദേശങ്ങളിലേക്കും പടർന്നു. എന്നും നിഴൽപോലെ താൻ ഉണ്ടായിരുന്നു. തന്നെക്കാൾ മുതിർന്ന അച്ഛന്റെ ശിഷ്യൻ, അച്ഛന്റെ സ്ഥാനം ഏറ്റെടുക്കാനുള്ള കുതന്ത്രങ്ങളിൽ ആയിരുന്നു.
അച്ഛനറിയാതെ അയാൾ പറഞ്ഞുപരത്തിയ അപവാദങ്ങളിൽ അച്ഛൻ “മേളപ്രമാണി” സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടു.
ആ പുറത്താക്കൽ അച്ഛന് താങ്ങാൻ കഴിയുന്നതായിരുന്നില്ല. ഈ ലോകം മുഴുവൻ നിറഞ്ഞുനിന്ന താൻ ഒന്നുമല്ലാതായിരിക്കുന്നു എന്ന യാഥാർത്ഥ്യം അച്ഛനെ ഉലച്ചു കളഞ്ഞു.
അച്ഛന്റെ ഓർമ്മകൾ ചെണ്ടയിൽ തീർത്ത വസന്തകാലങ്ങളിൽ നിറഞ്ഞു നിന്നു. എന്നാൽ പെട്ടെന്ന് നിശബ്ദത തിരിച്ചറിയുമ്പോൾ അച്ഛൻ കട്ടിലിൽ വിറങ്ങലിച്ചു കിടക്കുകയാണ്. ആ സമയത്ത് അച്ഛന്റെ കൈക്കുഴകൾ തിരിയുന്നത് താൻ അറിഞ്ഞിരുന്നു. ഇനിയും കൊട്ടാനാകാത്ത ആ വിരലുകളിലെ കുത്തിത്തറക്കുന്ന വേദന താൻ തിരിച്ചറിഞ്ഞു. ചിലപ്പോഴൊക്കെ ചെണ്ടക്കോൽ അച്ഛന്റെ കൈവെള്ളയിലേക്ക് ചേർത്ത് വെച്ച് വിരലുകൾ മടക്കി ചേർത്തു. അപ്പോഴെല്ലാം അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
തുറക്കുമ്പോൾ ഇപ്പോഴും തിളങ്ങുന്ന കണ്ണുകൾ, ഇടത്തോട്ടും വലത്തോട്ടും സഹകൊട്ടുകാരെ നിരീക്ഷിച്ചിരുന്ന അതേ രീതിയിലാണ് അച്ഛൻ മുറിയിൽ നോക്കികൊണ്ടിരുന്നത്.
അനുദിനം അച്ഛന്റെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. ഇനിയധികം സമയമില്ലെന്ന് ഡോക്ടർ പറഞ്ഞു.
ഞാൻ അച്ഛനെ വീടിന്റെ പുറത്തേക്ക്, മുറ്റത്തേക്ക് ഇറക്കിക്കിടത്തി. കണ്ണുകൾ തുറന്നു അച്ഛൻ പ്രകൃതിയിലേക്ക് നോക്കി, ആ കണ്ണുകൾ തിളങ്ങി. മുകളിൽ ആരെയോ കണ്ടു സന്തോഷിക്കുന്നത് പോലെ.
താൻ അച്ഛന്റെ ചെണ്ട ചുമലിലേറ്റി, അച്ഛന്റെ കുറെ ശിഷ്യന്മാർ എന്റെയൊപ്പം കൂടി. അച്ഛനായി ഞങ്ങൾ മേളം തുടങ്ങി. ഓരോ കാലവും കൊട്ടിക്കയറുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. അതെന്തായാലും സന്തോഷത്തിന്റെ കണ്ണീരാകും, ഒരു മേളക്കാരനും ആരും ഇന്നുവരെ നൽകാത്ത സമർപ്പണം.
ഞാൻ കണ്ണുകൾ അടച്ചു കൊട്ടിക്കയറുകയായിരുന്നു. താളം മുറുകിക്കൊണ്ടിരുന്നു. മുന്നിൽ നടതുറക്കാൻപോകുന്ന ഏതോ ദേവന്റെ അമ്പലം, അതിനു ചുറ്റും ദീപനാളങ്ങൾ കത്തിജ്ജ്വലിക്കുന്നു, നടതുറക്കാറായി എന്നപോലെ മണിനാദങ്ങൾ മുഴങ്ങി. തന്റെ കൈകൾ ശക്തമായി ചെണ്ടയിൽ പതിച്ചു.
ചെണ്ടയിലെ ശബ്ദം മാറിയത് താൻ തിരിച്ചറിഞ്ഞു, കണ്ണുകൾ തുറന്നപ്പോൾ ചെണ്ട പൊട്ടിയിരിക്കുന്നു.
കട്ടിലിലേക്ക് നോക്കിയപ്പോൾ ഡോക്ടർ അച്ഛന്റെ കണ്ണുകൾ അടക്കുന്നത് കണ്ടു.