എകാന്തതയ്ക്കു കൂട്ടിരിക്കുന്നവരുടെ
മണിമാളികയിൽ
കടവാവലുകൾ കൂടുകൂട്ടാറുണ്ട്.
ഇലയനക്കങ്ങളുടെ
നേർത്തശബ്ദം പോലും
ശല്യമാകാറില്ലവിടെ.


മറന്നുപോയ ഓർമ്മകൾ
ചിക്കിച്ചികഞ്ഞു
അനുദിനം നീങ്ങുമ്പോൾ
ക്രമം തെറ്റാതെ മിടിക്കുന്ന
സമയസൂചിയും പിന്തുണ
പ്രഖ്യാപിച്ചു കൂടെക്കൂടുന്നു.


ഉത്തരമില്ലാത്ത ചോദ്യങ്ങളും
എണ്ണിയാലൊടുങ്ങാത്ത
പരിദേവനങ്ങളും
ശബ്ദമില്ലാത്ത വാക്കുകളും
ആരും കേൾക്കാതെ
വായുവിൽ അപ്രത്യക്ഷമാകുന്നതും
നിത്യക്കാഴ്ചയാണാ കൊട്ടാരത്തിൽ.


ഊരും പേരും നാളുമറിയാതെ
പരസ്പരം നോക്കുന്നവർ
ആരെന്നുമെന്തെന്നുമറിയാതെ
നെടുവീർപ്പിടുമ്പോൾ
ഇമയനക്കത്തിനു പോലും
ജീവനില്ലെന്ന് തോന്നും.


അസ്തിത്വം തേടുന്നവരുടെയിടയിൽ
മേൽവിലാസമേതാണെന്ന്
ചോദിച്ചാൽ തുറിച്ചു നോട്ടമല്ലാതെ
മറ്റെന്തു കിട്ടാൻ.?
ആർക്കും വേണ്ടാത്ത
ഒറ്റ ജന്മങ്ങൾക്ക് കൂട്ടിരിക്കാൻ
മേൽവിലാസത്തിന്റെയാവശ്യമുണ്ടോ?


സ്വത്വം മറന്നുപോയവരോട്
നിശബ്‍ദതയ്ക്ക്
കൂട്ടിരിക്കുവാണോയെന്നു
ചോദിച്ചാൽ കേൾവിയില്ലാത്തവരായി
അഭിനയിച്ചു കാണിക്കില്ലേ?


വിലാസമൊരു കുരുക്കായി
മാറാതെ വാ കൂട്ടിയടച്ചാൽ
കല്ലിലും ചുഴിയിലും തട്ടിക്കറങ്ങാതെ
ജീവിതമങ്ങൊഴുകി പോകും.

അൻസൽന ഐഷ


By ivayana

Leave a Reply

Your email address will not be published. Required fields are marked *