കടപ്പാട് 🙏
ഉമ തോമസിന് നേരിട്ട അപകടത്തിൽ നിന്ന് അവർ കഴിയും വേഗം മുക്തയാവട്ടെ. എന്നാൽ അതോടൊപ്പം ഞാൻ ശ്രദ്ധിക്കുന്നത് ആ വേദി എന്തായിരുന്നു എന്നതാണ്. പന്ത്രണ്ടായിരം ഭരതനാട്യ നർത്തകികളെ അണിനിരത്തി കൊണ്ടുള്ള ഒരു മഹാസംഘനൃത്തം നടത്തുകയായിരുന്നു അവിടെ നടന്നത്. ഉദ്ദേശം ഗിന്നസ് ബുക്കിൽ ഇടം. ലീഡ് ചെയ്യുന്നത് ദിവ്യാ ഉണ്ണി എന്ന നർത്തകി. ഉദ്ദേശ്യം നടന്നു. ഗിന്നസ്ബുക്ക് പ്രസാദിച്ചു.
പരിപാടിയിൽ പന്ത്രണ്ടായിരം നർത്തകികൾ എന്നു വെച്ചാൽ സ്വാഭാവികമായും ഭൂരിപക്ഷവും നൃത്തം പഠിക്കുന്ന കുട്ടികളാണ്. അവരെ എങ്ങനെ സംഘടിപ്പിച്ചു? വിവിധ ഡാൻസ് സ്കൂളുകളിൽ നിന്ന് കൊണ്ടുവന്നു. അവരിലൊരാളുടെ രക്ഷിതാവ് മാധ്യമങ്ങളിൽ സംസാരിക്കുന്നത് കേട്ടതുപ്രകാരം ” തമിഴ് നാടിനെ കേരളം തോൽപ്പിക്കാനായി നടത്തുന്ന പരിപാടി” എന്നാണറിയിച്ചത്. അത്യാവശ്യമുള്ള കാര്യമാണ്. തമിഴ്നാടിന് കുറേക്കാലമായി ഭരതനാട്യത്തിൽ വലിയ അഹങ്കാരമുണ്ട്. നമുക്ക് തോൽപ്പിക്കണം.” കേരളമെന്നു കേട്ടാലോ തുടിക്കണം ചോര നമുക്കു ഞെരമ്പുകളിൽ” എന്നാണല്ലോ. അങ്ങനെ സംസ്ഥാനദേശീയതയാൽ ത്രസിക്കപ്പെട്ട കൗമാരങ്ങൾ കേരളത്തിൻ്റെ അഭിമാനം കാത്തു. പക്ഷേ പരിപാടി ഉമാതോമസിൻ്റെ അപകടത്തോടെ വേറെ വഴിക്ക് വാർത്തയായപ്പോൾ മറ്റു പലതും രക്ഷിതാവ് പറയുന്നുണ്ട്. കുട്ടികളെ കൊണ്ടു വന്നത്, സാമ്പത്തികം- അതൊക്കെ ഇരിക്കട്ടെ. തമിഴ്നാട് തോറ്റല്ലോ. നമുക്ക് സന്തോഷിക്കാൻ അതു മതി.
എന്തു ഭ്രാന്താണിതെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇത്തരത്തിലുള്ള മൈതാനപ്രകടനം കൊണ്ട് ഭരതനാട്യത്തിനോ, കേരളത്തിനോ യാതൊരു പ്രയോജനവുമില്ല. ആകെ പ്രയോജനമുള്ളത് ഈ പരിപാടി നടത്തുന്ന കമ്പനിക്കും മുന്നിൽ നിന്ന് നൃത്തംചെയ്ത ദിവ്യാഉണ്ണി എന്ന സിനിമാനടിക്കും മാത്രമാണ്. ഭരതനാട്യം എന്ന കലയുമായി ഇത്തരം ഉച്ചക്കിറുക്കിന് യാതൊരു ബന്ധവുമില്ല. ഇനി ഭരതനാട്യത്തിൻ്റെ പേര് ഗിന്നസ് ബുക്കിൽ വരുന്ന വഴി കിട്ടുന്ന പ്രശസ്തി എന്നാണെങ്കിൽ അതും അസംബന്ധമാണ്. ഭരതനാട്യം അത്ര അപ്രസിദ്ധ കലാരൂപമേയല്ല, ആ കലാരൂപത്തിന് ലഭിക്കാവുന്ന പരമാവധി ലോകപ്രശസ്തി അതിന് നേടാനായിട്ടുണ്ട്. അത് രുഗ്മിണീദേവിയും ബാലസരസ്വതിയും മുതൽ അനേകം ഉഗ്രപ്രതിഭകളാൽ നിർമ്മിക്കപ്പെട്ടതാണ്. അവരാരും മൈതാനസംഘനൃത്തം നടത്തി നിർമ്മിച്ചതല്ല ആ പെരുമ.
ചുരുക്കത്തിൽ, ഇത്തരം അശ്ലീലങ്ങൾ ഒന്നാന്തരം മാഫിയയാണ്. പാവപ്പെട്ട കുട്ടികളെയും രക്ഷിതാക്കളെയും പറഞ്ഞു പറ്റിച്ചും അവരുടെ ആഗ്രഹങ്ങളെ മുതലെടുത്തും സ്വകാര്യവ്യക്തികൾക്കും തട്ടിക്കൂട്ടുകമ്പനികൾക്കും പണമുണ്ടാക്കണം. അതിൻ്റെ മുമ്പിൽ നിൽക്കാൻ സെലിബ്രിറ്റിയായ ഒരു നടി നർത്തകി വേണം, അവർക്കും അതുവഴി ഒരു പേരുകിട്ടണം. ഇതിനൊക്കെ ഒപ്പം നിൽക്കാൻ ഇവിടെ ജനപ്രതിനിധികളുണ്ട്, സംവിധാനങ്ങളുണ്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് ഇതൊക്കെയാണ് കേരളത്തിൽ കല.
ഇതിന് മറുവശത്ത്, കേരളത്തിലെ യഥാർത്ഥ കലാകാരന്മാർ നിലവിൽ അനുഭവിക്കുന്ന പലതരം പ്രശ്നങ്ങളുണ്ട്. ജോലിയിൽ, സ്ഥാപനങ്ങളിൽ, പഠനത്തിൽ – സർവ്വത്ര പ്രശ്നങ്ങളുണ്ട്. അവയൊക്കെ പരിഹാരമില്ലാതെ നിൽക്കുകയാണ്. അതിനിടയിലാണ് ഇത്തരം ചൂഷണം. കലയെ സ്നേഹിക്കുന്ന മുഴുവൻ മനുഷ്യരും കണ്ടാൽ അശ്ലീലം എന്ന് മാത്രം പറയുന്ന പ്രകടനം.
ഇനി പറയുന്നത് എല്ലാവർക്കും രസിക്കണമെന്നില്ല. എങ്കിലും ഇതുകൂടി പറഞ്ഞു നിർത്താം. പാർട്ടി സമ്മേളനങ്ങൾക്ക് വരെ കാണുന്ന ഈ മെഗാ തിരുവാതിര എന്ന ഇടപാട് ഉണ്ടല്ലോ, ഈ ചൂഷണവും സ്വകാര്യ കമ്പനിയുടെ ലാഭമുണ്ടാക്കലും ഇല്ല എന്നതൊഴിച്ചാൽ, കലാപരമായ ദൃഷ്ടിയിൽ ശുദ്ധ അശ്ലീലമാണ്. കലയെ കെട്ടുകാഴ്ചയാക്കി മാറ്റുന്ന ഇത്തരം പരിപാടികളിൽ നിന്ന് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഇന്നും മോചനം ഇല്ലെങ്കിൽ അതിനുപുറത്ത് സ്വകാര്യ കമ്പനികൾ ഇതിലും വലിയ ചൂഷണം നടത്തുക സ്വാഭാവികമാണ്. തോന്നുംപോലെ എടുത്ത് പെരുമാറാനുള്ള ഒരു ഉപകരണ സാമിഗ്രി അല്ല കല. കലയുടെ ജനകീയവൽക്കരണം ഇത്തരം പൊള്ളയായ കെട്ടുകാഴ്ചകൾ അല്ല. ഒരേസമയം അത് കലയുടെ മണ്ഡലത്തെയും സാമൂഹ്യമണ്ഡലത്തെയും മലീമസമാകുന്നു.
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ സ്വയം കണ്ണാടി നോക്കുമ്പോൾ പുച്ഛം തോന്നുന്ന ഒരാൾ പറയുന്നു എന്നുവച്ചാൽ മതി.