രചന : ഗണേശ് പന്നിയത്ത് ✍️
കരി പിടിച്ചു പുക വമിക്കുന്ന അടുക്കള കണ്ണുകള്‍ക്ക്
പുതിയ കാഴ്ച നല്‍കി മക്കള്‍.
വിശുദ്ധമാക്കപ്പെട്ട അടുക്കളയില്‍
പാരമ്പര്യത്തിന്‍ അഴുക്കു പുരണ്ട ചിലത് അറപ്പോടെ നില്‍ക്കുന്നു !
അറുത്തു മാറ്റി എറിയാന്‍ ഇനി അമാന്തിക്കേണ്ട !!
ഒരിക്കല്‍ പപ്പടവും ശര്‍ക്കരക്കട്ടകളും പുളിയുരുട്ടിയതും
ഗര്‍വ്വോടെ പേറി നിന്ന,
ദ്രവിച്ച കയര്‍ കണ്ണികളില്‍
മച്ചില്‍ തൂങ്ങിയാടുന്ന ഉറി,
തേഞ്ഞു ഇളകിയാടുന്ന നാവു നീട്ടി
ഇരിപ്പിടത്തിന്‍ ചൂട് മാറാത്ത ,
ചെളി പുരണ്ട ചിരവ,
എരിഞ്ഞ മുളകരച്ചു കരഞ്ഞു തേഞ്ഞ
കുട്ടിയെ മാറോടടുക്കിയ അമ്മിക്കല്ല്,
കൊലുന്നു സുന്ദരികളെ ഗര്‍ഭത്തിലേറ്റി
ആവിയും ചൂടും സഹിച്ചു പെറ്റിട്ട
പഴയ ഓടിന്‍റെ പുട്ട് കുറ്റി,
കടുകും കറിവേപ്പിലയും അഴകും സുഗന്ധവും
നല്‍കി നാനാതരം കറികളെ നിറച്ച
മുക്കും മൂലയും പൊട്ടിയ പഴയ കല്‍ച്ചട്ടികള്‍ ,
കൊഴുത്ത മീന്‍കറി കാട്ടി കൊതിപ്പിച്ചിരുന്ന
കരിയും മെഴുക്കും പുരണ്ട മണ്‍ചട്ടി ,
കലങ്ങള്‍, ഓട്ടുരുളി ,
അഴുക്കും മാറാലകളും വൃത്തിയാക്കാന്‍
ഓടി നടന്ന ചൂല്‍,
പാഴ് വസ്തുക്കള്‍ എല്ലാം ചാക്കിലാക്കി
വിറകുപുരയില്‍ തടവിലാക്കി .
വലിച്ചെറിയാന്‍ പറ്റാതെ കിടപ്പുണ്ടൊന്നു,
കണ്ണീര്‍ വറ്റി കവിളൊട്ടി,
അഴുക്കു പിടിച്ച പഴന്തുണി പോലെ ,
മൂലയ്ക്ക് അധികപ്പറ്റായി,
അമ്മ!
(ദ്രുതഗതിയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ആധുനിക ജീവിതം പഴമയെയും ആചാര സമൃദ്ധിയെയും നിരാകരിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ പൗരാണികതയുടെ ഉദാരതയില്‍ സ്നേഹം ചുരത്തി നിന്ന ആര്‍ദ്രമുഹൂര്‍ത്തങ്ങളെല്ലാം മറവിയുടെ തലങ്ങളിലേക്ക് അനാഥമായി ഇറങ്ങിപോകുന്നു. വായനക്കിടയില്‍ കണ്ടു മുട്ടിയ ഈ കവിതക്ക് ഒരു ആധുനിക കവിതയുടെ മട്ടും ഭാവവും ഇല്ലെങ്കിലും ഒരുതരം നോസ്സ്റ്റാള്‍ജിയയായി എവിടെയെല്ലാമോ കൊളുത്തുന്നു. ആധുനിക അടുക്കള അടുക്കളയല്ല മറിച്ച് കിച്ചനാണ്. പഴയ അടുക്കളയെ കുറിച്ചോർമയാകുമ്പോള്‍ മുന്നില്‍ നിറയുന്നത് കരിയിലും പുകയിലും അമര്‍ന്നിരിക്കുന്ന അശ്രുപൂര്‍ണമായ ഒരു വൃദ്ധമുഖവും അവിടെ നിറഞ്ഞിരിക്കുന്ന വ്യഥയും വേദനയും കാത്തിരിപ്പുമാണ്. അമ്മയുടെ ആര്‍ദ്രതയും വ്യാകുലതയും അര്‍ത്ഥപൂര്‍ണമാകുന്നത് അടുക്കള എന്ന മഹാലോകത്ത് തന്നെ. വ്യവസായവിപ്ലവത്തോടൊപ്പം അടുക്കളയിലും വിപ്ലവം നടന്നു കഴിഞ്ഞു. ഉറി , ചിരവ, അമ്മിക്കല്ല്, പുട്ട്കുറ്റി, കല്‍ച്ചട്ടി, മണ്‍ചട്ടി ,കലങ്ങള്‍, ഓട്ടുരുളി, ചൂല്‍ … മക്കള്‍ എല്ലാം പെറുക്കി കെട്ടി ചാക്കില്‍ നിറയ്ക്കുകയാണ്. അമ്മയുടെ മനസ്സില്‍ അങ്കലാപ്പിന്റെ തീ ആളുന്നുണ്ട്. എപ്പോഴാണ് മക്കള്‍ ചാക്കുമായെത്തി തന്നെ ചാക്കില്‍ കെട്ടി പൂച്ചയെപോലെ നാടുകടത്തുക..? അല്ലെങ്കില്‍ ഏതെങ്കിലും ഒരു വൃദ്ധസദനത്തിന്റെ ഇരുണ്ട വഴിയില്‍ നടയിരുത്തുക ..? അമ്മയെ പഴയ സാധനങ്ങളുടെ കൂട്ടത്തില്‍പെടുത്തി ഈ അവസ്ഥയെ പത്മ തമ്പാട്ടി മനോരഹമാക്കി.
തമസ്കരിക്കപ്പെടുന്ന സ്നേഹവായ്പ്പിന്റെ ശീലുകള്‍ ഈ കവിതയില്‍ വായിച്ചെടുക്കാം. വ്യവസ്ഥാപിതമായ ഒരു സമൂഹത്തില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്ന പാരസ്പര്യത്തിന്റെ ദയാരാഹിത്യം തിരിച്ചറിയാം. ചൈതന്യം വാര്‍ന്നുപോകുന്ന ഗ്രാമ്യസംസ്കൃതിയുടെ പുരാവൃത്തങ്ങള്‍ അറിയാം….പിന്നെ ഒരു അമ്മയില്‍ നിന്നുയരുന്ന നിലവിളിയുടെ നടുക്കം ഏകാന്തതയില്‍ അലിയുന്നതും …ലിളിതമായ വരികളിലൂടെ പത്മ തമ്പാട്ടിയുടെ കവിത ആര്‍ദ്രമായ ഉറവിടങ്ങള്‍ തേടുകയാണ് )