രചന : സുവർണ്ണ നിഷാന്ത് ✍️
വേനൽ മുടിയഴിച്ചിട്ടൊരു
പകൽകൂടെ കൊഴിയുന്നതിനിടെ
ഒരു മിണ്ടലിലേക്കുള്ള പ്രയാണം
തുടരുന്ന മൗനത്തിന്റെ
ചക്രവാളകവാടത്തിൽ കിതച്ചു-
നിൽക്കുന്ന സൂര്യനെന്ന വാക്ക്.
അത്രയേറെ ഇരുട്ടിനെ
വാരിവലിച്ചുടുത്തതിനാലാവണം
എന്നുമുറങ്ങാതെ കൂട്ടിരുന്ന
രാത്രിയോടു മാത്രം പറഞ്ഞിരുന്നില്ല
നമ്മുടെ മിണ്ടായ്മകളാൽ,
ഒരിക്കലും എത്തിച്ചേരാത്തൊരു
തീവണ്ടി കാത്തിരിക്കുന്ന
റയിൽവേ സ്റ്റേഷനോ
എഴുതാത്തൊരു കത്തിനെവിഴുങ്ങാൻ
വാ പൊളിച്ചിരിക്കുന്ന
തപാൽപ്പെട്ടിയോ ആയിപ്പോയേക്കാം
അടുത്തപകലുമെന്ന രഹസ്യം.
മഴയെപ്പറ്റി പറഞ്ഞു പറഞ്ഞ്
നുണകളിൽക്കുളിച്ചൊരു മേഘത്തെ
ഒളിച്ചു താമസിപ്പിച്ചിരുന്നു
കുറച്ചു കാലമെന്റെയുടലിൽ.
അതിലാണ് നിന്നേക്കാൾ
നനഞ്ഞൊരു മഴയെയും,
മഴയിലിട്ടുവളർത്തുന്ന മീനുകളെയും
ഞാനാദ്യമായി കാണുന്നത്.
ആ മഴയുടെ ഓർമ്മപോലിന്നും
പെയ്യാറുണ്ട് ഞാനിടയ്ക്കിടെ.
എന്നിട്ടും അത്ഭുതം തോന്നുന്നു.
വാക്കുകളുടെ ചിറകിൽ നിന്ന്
എന്നോ കൊഴിഞ്ഞുവീണ
തൂവലുകൾ പെറുക്കിക്കളഞ്ഞും
കെട്ടുപോയ നക്ഷത്രങ്ങൾ
തൂത്തു വൃത്തിയാക്കിയും
എന്നുമാകാശം സൂര്യനുവേണ്ടി
ഒരുങ്ങുന്നത് കാണുമ്പോൾ,
നിന്നോട് മിണ്ടാതിരിക്കുന്നത്
എങ്ങനെയാണ് ഞാനെന്ന്..!