2024.ഡിസംബർ 15 ലെ ഒരു മദ്ധ്യാഹ്നം
വാറങ്കൽ റെയിൽവേ സ്റ്റേഷനിൽ ഇന്ന് ഒന്നര മണിക്കൂർ വൈകി ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വരെ പോകുന്ന കേരള എക്സ്പ്രസ്സ്‌ കാത്ത്‌ ഇപ്പോഴും തണുപ്പ് വിട്ട് മാറാത്ത മരപ്പലകയടിച്ച ബെഞ്ചിൽ ഇരുന്നു..
കയ്യിലെ ഹാൻഡ്‌ബാഗിൽ നിന്ന് എം ടി യുടെ നാലുകെട്ട് കയ്യിലെടുത്തു തുറന്നു.
മഞ്ഞപ്ര ഗ്രാമക്ഷേമം വായനശാലയിൽ നിന്ന് ആദ്യമായി വായിച്ച എം ടിയുടെ പുസ്തകം.


അത് വായിച്ചതിനു ശേഷം അന്നുമുതൽ അദ്ദേഹത്തിന്റെ ആരാധകനായി. കഴിയുന്നത്ര MT പുസ്തകങ്ങൾ വായിച്ചു.
നമ്മിൽ നിന്ന് വിട പറഞ്ഞ മലയാളത്തിന്റെ കഥാകാരന് പ്രണാമം 🙏🏻
പറഞ്ഞു റയിൽവേ സ്റ്റേഷനിൽ നിന്ന് മഞ്ഞപ്രയിലേക്ക് പോയി ഓക്കേ വാറങ്കലിലേക്ക് തിരിച്ചു വരാം.
സ്റ്റേഷനിൽ ആളുകൾ വന്നുകൊണ്ടിരിക്കുന്നു. ഉടൻ വരുന്ന ഗോൽകൊണ്ടാ എക്സ്പ്രസ്സ്‌ പിടിക്കുവാനാണെന്നു തോന്നുന്നു.
രണ്ടാമത്തെ ട്രാക്കിൽ ഒരു തലയില്ലാത്ത ഗുഡ്‌സ് ട്രെയിൻ വയറു നിറയെ കൽക്കരിയുമായി എപ്പോഴോ വരുന്ന തന്റെ തലയെ കാത്തു നിൽക്കുന്നു..
അടുത്ത ട്രാക്ക് ഒരു അനാഥനെപ്പോലെ ഉച്ചചൂടിൽ നീണ്ട് തിളങ്ങി നിൽക്കുന്നു.
നാലുകെട്ടിന്റെ പുറം ചട്ടയിൽ നിന്ന്
MT സാർ
“എന്താ വായിക്കുന്നില്ലേ “
എന്ന് ചോദിക്കുന്നപോലെ.
എം ടി. സാറിനോട് മാപ്പ് പറഞ്ഞു പുസ്തകം തുറന്നു. അപ്പോഴാണ് അത് കേട്ടത്.
മൊഹമ്മദ്‌ റാഫി സാബിന്റെ
“യേ ദുനിയാ കെ രഖ് വാലെ..”എന്ന ഗാനം.


അൽപ്പം സംഗീതം മനസിൽ കിടക്കുന്നതു കൊണ്ട് കണ്ണുകൾ ആ പാട്ടിന്റെ ഉറവിടം തേടി.കുറച്ച് ദൂരെ ഒരു സിമന്റ് തൂണിന്റെ ചുവട്ടിൽ തന്റെ പഴയ ഹാർമോണി യത്തിൽ ശുഷ്കിച്ച വിരലുകളോടിച്ചു സ്വയം മറന്നു പാടുന്ന ഒരു ഉത്തരേന്ത്യൻ വൃദ്ധ ഗായകൻ. അടുത്ത് ഡോലക്കിൽ താളമിടുന്ന ഒരു സ്ത്രീയും.
ബാഗുമെടുത്തു അവരുടെ അടുത്തേക്ക് നടന്നു വാച്ചിൽ നോക്കി ഇനിയും ഒരു മണിക്കൂർ കൂടിയുണ്ട്. അടുത്തുള്ള ബെഞ്ചിൽ ഇരുന്നു.
ചിലമ്പിച്ച ശബ്ദമാണെങ്കിലും മനോഹരമായ ആലാപനം. ഒരു എഴുപത് വയസ്സ് കാണും ഗായകന്. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ എത്ര നന്നായി അദ്ദേഹം പാടിയിട്ടുണ്ടാകും.
ഹാർമോണിയത്തിന് മുന്നിൽ ചാരി വച്ചിരിക്കുന്ന കുറെ ചിത്രങ്ങൾ. അത് ശ്രദ്ധിച്ചപ്പോൾ അതിശയിച്ചു പോയി. ഹിന്ദിയിലെ അറിയപ്പെടുന്ന സംഗീതകാരന്മാരുടെ കൂടെയുള്ള ആ ഗായകന്റെ ചെറുപ്പത്തിലുള്ള ചിത്രങ്ങൾ..
മൂന്ന് നാലു പാട്ടുകൾ കഴിഞ്ഞു പാട്ട് നിർത്തി. തന്റെ ഹാർമോണിയംഅടച്ചു മുന്നിൽ വച്ചിരുന്ന അല്പമാത്രമായ തുക തന്റെ കോട്ടിന്റെ കീശയിൽ നിക്ഷേപിച്ചു.


“, ആപ് ഖാന ഖായാ “
ചോദ്യം കേട്ട് ഗായകൻ എന്റെ നേരെ നോക്കി
അപ്പോൾ ഒരു പത്തു മുപ്പത് വർഷം മുൻപുള്ള കുറേ
സംഗീത ഓർമ്മകൾ മനസ്സിലേക്ക് ഓടിക്കയറി.
“നയി സാബ്..”
ഗായകന്റെ മറുപടി കേട്ട്. പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുത്തു അവർക്കുള്ള ആഹാരത്തിനുള്ളത് കൊടുത്തു തിരിയുമ്പോൾ, വൈകി ഓടികിണ്ടിരുന്ന കേരള എക്സ്പ്രസ്സ്‌ സ്റ്റേഷനിലേക്ക് ഒരു ചൂളം വിളിയോടെ കിതച്ചു വന്നു നിന്നു.
S 5 കോച്ചിലേക്ക് കയറുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു സന്തോഷാശ്രു പൊഴിച്ചു നിൽക്കുന്ന നാലു കണ്ണുകൾ.
വണ്ടി നീങ്ങി സീറ്റിൽ ഇരുന്നു ഒന്ന് മയങ്ങാൻ ശ്രമിച്ചപ്പോൾ മനസ്സിൽ വീണ്ടും ആ പാട്ട് ഓടിയെത്തി
“യേ ദുനിയാ കെ രഖ് വാലേ…..,”

ജോസഫ്മഞ്ഞപ്ര

By ivayana

Leave a Reply

Your email address will not be published. Required fields are marked *