രചന : റോയ് കെ ഗോപാൽ ✍
ഗംഗയെക്കുറിച്ച്..
പലകാലങ്ങളിലായി കുറിച്ചിട്ടവരികൾ കോർത്തെടുത്ത കവിതയാണ് ഗംഗ. 12 വർഷങ്ങൾക്കുമുന്പാണ് ഗംഗയിലെ ആദ്യവരികൾ പിറക്കുന്നത്. തുടർന്ന് വർഷങ്ങളോളം ഗംഗ അപൂർണ്ണത്വം പ്രാപിച്ച് ഒഴുക്കുനിലച്ച് കിടന്നു. എന്തുകൊണ്ട് ഗംഗയെ പൂർണ്ണതയിൽ എത്തിക്കാൻ കഴിയുന്നില്ല എന്നചിന്ത പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും
കൃത്യമായൊരുത്തരം ലഭിച്ചിരുന്നില്ല. ഞാനെഴുതിയ കവിതകളിൽ എന്റെ മനസ്സിനെ ഇത്രയും മുറിവേൽപ്പിച്ച മറ്റൊരു രചന ഉണ്ടെന്ന് തോന്നുന്നില്ല.
ഗംഗയെ ഞാൻ നിങ്ങളിലേക്ക് ഒഴുക്കുന്നു. പാപഭാരം പേറിയൊഴുകിയാലും പാപനാശിനിയാണല്ലോ ഗംഗ..
○○○○○○○
ഗംഗ
□□□□
ഗംഗ,
ഉരുകിയൊഴുകുന്ന പെൺനദി
ഗംഗ,
നാടിന്നടയാള സൂചികപോലെ
അതിരിന്നപ്പുറത്തെ അന്തേവാസി
അയൽവാസിയെങ്കിലും അപരിചിത
അതിർത്തി വരയ്ക്കും സ്നേഹമതിലും
അവൾക്കുനേരെ പുറംതിരിഞ്ഞു തന്നെ.
തേവിടിശ്ശി കണിയ്ക്കുത്തമമെന്ന്
നിരന്ന കവടിവാദങ്ങളുയരം
കുറച്ചതാണീ മതിൽപ്പൊക്കം.
ഗംഗ,
ശവങ്ങൾ ചുമക്കുന്നു
ഗംഗ
ശവങ്ങളെ ചുമക്കുന്നു
അതിജീവനത്തിനായ് പേരിൻപവിത്രത
കഥയ്ക്കും കവിതയ്ക്കും മാത്രമല്ല
സംസ്കൃതിക്കും ആവശ്യമത്രെ..!!
മുങ്ങിനിവരുകളാൽ പാപനാശനത്തിന്
ഗംഗയോളം മറ്റേതുപേരാണ് ചേരുക..?
ഉരുകിയീപകലിനോടൊത്തു പുണരുന്ന
നിഴലും വെയിലും ഇണചേർന്നുണക്കുന്ന
തിട്ടയിൽ മലർന്നൊന്നു മലയ്ക്കവേ
ഗംഗേ,
നീ ശവവും ചുമന്നൊഴുകുന്നു മെല്ലെ
ഞാനീ ശവങ്ങളെ ചേർത്തടുക്കി-
തുടകളുടെ വരിഞ്ഞടുക്കലിൽ
എന്നരവയർ നിറയാതെ
കാലകത്തി മരിക്കുന്നു
ആർക്കൊക്കെയോ വേണ്ടി
ചാവതിരിൽ ചങ്ങലകളില്ലാതെ..
നീ
ഒഴുകുമ്പോഴൊക്കെയും
പിടഞ്ഞഴുകുന്നു ഞാൻ
നീ
ഒഴുകുന്നഗംഗ
ഞാനോ
അഴുകുന്ന ഗംഗ
ഒരുപേരിലൊരേപേരുപോൽ
എത്രയഴുക്കുകൾ ചുമക്കുന്നു നാം
പാവാടത്തുമ്പരയിൽക്കുത്തി
ആറ്റുകടവതിൽ അലയ്ക്കും
തുണികളിൽ
നൊന്തുചാകുന്നു ഗംഗ..
കാണിക്കവഞ്ചി എന്നരക്കവാടങ്ങൾ
മാറിന്നൊളിപ്പുകൾ കാമഗർത്തങ്ങളും
ചാളവേവാത്ത ഗന്ധത്തണുപ്പിലും
തുടയിടുക്കിലായ് പന്നിയിറച്ചി-
നാവുകൾ തൻ നെട്ടോട്ടവും.
നിന്റെ,
തീരത്ത് ഞാൻ നിന്നുതേങ്ങുമ്പോൾ അമ്മേ,
ഓളച്ചുണ്ടിനാൽ കാൽവിരലുകളിൽ
ഓരോന്നിലും ഉമ്മവെച്ചകന്നുപോകിലും
ഞാനൊന്ന് മുങ്ങാംകുഴിയിട്ടൊപ്പം വന്നിടട്ടെ..
ഒരുപേരിലല്ല
ഇരുജീവിതത്തിൻ പ്രയാണമാണ്
നമുക്കൊരേ പേരാണ് ഗംഗേ..
തുപ്പലും കാറലും
നിനക്കൊഴുകുന്ന പുണ്യം
എനിക്കോ..?
അഴുകിത്തലോടലും അറപ്പില്ലാജീവിതം
നമ്മളോരുപോലെ പേരിൽ മാത്രമാകുമ്പോൾ
ഒരുപേരിൽ എന്തിരിക്കുന്നു ഗംഗേ..?
നിന്നിൽ മുങ്ങുന്നു പാപം ശമിക്കുവാൻ
എന്നിൽ മുങ്ങുന്നു കാമം ശമിക്കുവാൻ
അഴുക്കൊത്ത ദേഹമായ് നിന്നെ നമിച്ചവർ
വിയർപ്പൊത്ത ദേഹമായ് എന്നെ അണച്ചവർ
ഗംഗേ..,
നാമൊന്നായ് അഴുക്കുപേറുന്നവർ
ദേവിയായ് നീ കുലംകുത്തി വാഴ്കവേ
ചാവുചിരിയുടെ പുഴുക്കുത്തെനിക്കായ്.
ഗംഗേ,
എന്നിൽ പുഴുക്കൾ നുരയ്ക്കുന്നു
നീയോ,
നുരയ്ക്കും പുഴുക്കളെപ്പേറിപ്പിന്നെയും
മുന്നോട്ടൊഴുകുന്നു..
എനിക്കാവുന്നില്ല ഗംഗേ
പുഴുത്തമണത്തെ വിട്ടെങ്ങോട്ടുമൊഴുകുവാൻ
ഉൾനനവുകളിലേക്ക് പൊള്ളിയിറങ്ങുകയാണ് ഗംഗാ,
കടുംതുടിയുടെ ആവേശക്കിതപ്പുകൾ.
തിളച്ചുരുകും വെള്ളലാവതൻ
പുളിച്ച കഞ്ഞിവെള്ള ഗന്ധം വിശപ്പിൻ നാലതിരുകളിൽ
തളംകെട്ടിനിൽക്കുന്നു.
ഒഴുകിമെലിഞ്ഞൊരു നിന്നെയും
ഒഴുക്കേറ്റുമെലിഞ്ഞോരെന്നെയും
ചേർത്തൊത്തുചൊല്ലുമ്പോൾ
ഗംഗേ,
നീ വെറും പുഴ
ശിവന്റെ ജടയിൽ ശ്വാസം കിട്ടാത്തവൾ
ഞാനോ..
പൂവുണങ്ങി മെല്ലിച്ചരാവിൽ
ഉടുക്കടിച്ചെത്തും ശൂലത്തെ മണക്കുന്നവൾ.
ഇനി..നീ,
എന്നെയും പേറുക
ഒരേ പേരിൽ നമുക്കൊന്നിക്കാം
അനാദിയാം ആഴിയിൽ
മറ്റൊരു പ്രളയത്തിൻ
താണ്ഡവത്തുള്ളലിൽ
പേരുകൾ മാറ്റി പുനർജ്ജനിക്കാം.
□□□□□□□□□□□□□□□□□□□□□□□
കവിത:പുള്ളിക്കണക്കൻ
വര:അനിൽ മുട്ടാർ