രചന : ജയരാജ് പുതുമഠം. ✍
(1)
അക്ഷരമണ്ഡലങ്ങളിൽ
വിസ്മയസുകൃതം വിളമ്പിയ
മലയാളമണ്ണിൻ മഹാപ്രഭോ
ഞങ്ങടെ വീരഗാഥപ്രഭയിൽ
മലകളും പുഴകളും പൂങ്കാറ്റിൻ
മർമ്മരങ്ങളും താഴ്വാരങ്ങളും
കാവ്യലോലമാം കതിരണിഞ്ഞ
വയലുകളും പറവകളും
മാത്രമായിരുന്നില്ല
സ്വത്വമുദ്രാപൂമ്പൊടി തൂകിയ
എം. ടി. എന്ന നിങ്ങളും
മേനി ചൊല്ലാനുണ്ടായിരുന്നു
(2)
ഭാവനാലതകളിൽ പൂത്തുലഞ്ഞ
നീലത്താമരയുടെ ഉദ്യാനവക്കിൽ
കഥാസുമങ്ങൾ കുളിരണിഞ്ഞ
റാന്തൽ വിളക്കിൻ കാന്തികതയിൽ
പുഴകൾ പലതും ഒഴുകിയെത്തി
അലകളായ് തിരികളായ് കഥകളായ്
പിന്നെ വികാരമായ് വിജ്ഞാനമായ്
അക്ഷരമുത്തുക്കുടകൾ-
നിരത്തിയ വരികളിൽ
കെട്ടുകളിറക്കി മുട്ടുകളൊഴുക്കി
മകരന്ദമഞ്ഞിൽ നനഞ്ഞ്
വസന്തങ്ങളെത്ര നടന്നു ഞങ്ങൾ
(3)
പ്രതിഭാമഹിമയൊഴുകിയ
വ്യഥകളുടെ ഓളങ്ങൾതട്ടി
കാപട്യംപുളയും കടലായി
ബന്ധനങ്ങൾ പരിണമിക്കുമ്പോൾ
കാലാതീതനായി പെരുമയോടെ
കടവ് നീന്തികടന്ന പെരും തച്ചാ,
ഇനിയൊരു രണ്ടാമൂഴമില്ലാതെ
ഇതിഹാസരചനകളുടെ
ആരൂഢവുമായി പടികടന്ന
അങ്ങയുടെ നിഴലാട്ടം പതിക്കാത്ത
ഋതുഭേദങ്ങൾ മലയാളനാട്ടിൽ
പിറക്കില്ലൊരിക്കലും
(4)
ഇരുട്ടിന്റെ ആത്മാവിനുള്ളിലെ
നിറവെളിച്ച സോപാനത്തിലേക്ക്
ഒരു ചെറുപുഞ്ചിരിയുമായ്
ആൾക്കൂട്ടത്തിൽനിന്ന്
തനിയെപ്പോയ യാത്രികാ
കാലത്തിന്റെ ആരണ്യകങ്ങളിലെ
വാരിക്കുഴികൾ വാപിളർന്ന്
നിൽക്കുമീ വിഷലിപ്ത നാളുകളിൽ
മനസ്സിന്റെ അടിവേരുകൾ പിഴുത്
ഖനനം ചെയ്തെടുത്ത നിന്റെ
രചനാ മധുതീർത്ഥങ്ങൾ
കെടാവിളക്കുകളായ് സ്പന്ദിക്കുന്നു.