തന്റെ വിചാരങ്ങളും ചിന്തകളും ശരിയല്ലെന്ന് അയാൾക്ക്‌ തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളായി.
ഉണർന്നയുടനെ അയാൾ ഫോണിൽ തണുപ്പ് എത്രയെന്നു പരിശോധിച്ചു. അഞ്ച് ഡിഗ്രി. മുറി ചൂടാക്കിക്കൊണ്ടിരിക്കുന്ന ഉപകരണം നിർത്താൻ അയാൾക്ക്‌ തോന്നിയില്ല. വാതിൽ തുറന്നാൽ മറ്റു മുറികളിലെ തണുപ്പ് അയാളെ പൊതിഞ്ഞുപിടിച്ചു വിറപ്പിക്കും. കുളിമുറിയിലെ വെള്ളം ചൂടാക്കാൻ ഇന്നലെത്തന്നെ അത് ഓണാക്കി വെച്ചിരുന്നു. മുറി തുറന്നു അയാൾ കുളിമുറിയിലേക്ക് നടന്നു, വേഗംതന്നെ ചൂട് വെള്ളം ബക്കറ്റിൽ പിടിച്ചു, അതിലേക്കു കൈകൾ താഴ്ത്തി, പാദങ്ങളിൽ കുറച്ചു ചൂടുവെള്ളമൊഴിച്ചു. ഇനിയൊരു സമാധാനം ഉണ്ട്.


തണുപ്പ് അന്തരീക്ഷത്തിൽ നിന്ന് ആരോ വീശിയെറിഞ്ഞ കരിമ്പടംപോലെ മരുഭൂമിയിലേക്ക് പറന്നിറങ്ങുകയായിരുന്നു. ഇന്നലെയാണെങ്കിൽ കനത്ത മഴയും കാറ്റുംകൂടി തണുപ്പിനൊപ്പം മരുഭൂമിയിൽ നൃത്തമാടുകയായിരുന്നു.
ഇന്നലെ മൂന്നാം നിലയിലുള്ള തന്റെ മുറിയിലേക്ക് പടികൾ കയറി എത്തിയപ്പോൾ നല്ല കിതപ്പ് തോന്നിയിരുന്നു. എന്തും അതിജീവിക്കും എന്ന തന്റെ തോന്നലിനോട് ശരീരം ചേർന്ന് നിൽക്കുന്നില്ല എന്ന മുന്നറിയിപ്പുകൾ ആണോ എന്നയാൾ സംശയിച്ചു. എന്തുചെയ്യാം, അതിരാവിലെ മുതൽ കസേരയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന താൻ അതിലൂടെ പലതും നേടിയെടുത്തിട്ടുണ്ടെന്നും സമാധാനിക്കണം.
നാട്ടിലായിരുന്നെങ്കിൽ ജോലിയിൽ നിന്ന് വിരമിക്കേണ്ട സമയമായില്ലേ? ആയിരിക്കണം.


മരുഭൂമിയിൽ ജോലിയിൽ നിന്ന് വിരമിക്കുക എന്ന വാക്കില്ലല്ലോ. സ്വയം ഒരു തീരുമാനമെടുക്കാതെ കമ്പനി പറഞ്ഞുവിടുന്നതും കാത്തിരിക്കുന്നവരാണ് ഭൂരിപക്ഷം പേരും.
അവനവനായി ഒരു തെറ്റായ തീരുമാനമെടുക്കരുതെന്ന വാശി, അല്ലെങ്കിൽ സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് കുറവ്, ധൈര്യമില്ലായ്മ. തെറ്റായ തീരുമാനമെടുത്തു എന്ന് പിന്നീട് ഖേദിക്കാതിരിക്കാനുള്ള ഒരു മുൻ‌കൂർ ജാമ്യം.
അവനവന്റെ വിജയവും പരാജയവും അവനവൻ തന്നെയാണ് തീരുമാനിക്കുന്നതെന്ന ആപ്തവാക്യം, പ്രായോഗികതയിൽ വരുത്താതെ തളർന്നുപോകുന്ന മനുഷ്യജന്മങ്ങൾ.
പുറത്തെ തണുപ്പ് അതിരൂക്ഷമായിരുന്നു. കഴുത്തിൽ അയാൾ മഫ്ലർ ചുറ്റിയിരുന്നില്ല, അതിനാൽ കാറ്റ് കഴുത്തിനെ തഴുകി അന്തരീക്ഷത്തിലെ തണുപ്പ് അയാളെ അനുഭവിപ്പിച്ചു. മഫ്ലർ എടുക്കാമായിരുന്നു. കുറച്ചു കഴിഞ്ഞു മൂക്കിൽ നിന്ന് വെള്ളം വാലാൻ തുടങ്ങി. മുഖം തുടക്കുന്ന പേപ്പർ കീശയിൽ നിന്നെടുത്ത് അയാൾ മൂക്ക് ഒപ്പിക്കൊണ്ടിരുന്നു.


മഫ്ലർ എടുക്കാമായിരുന്നു. അയാൾ വീണ്ടും സ്വയം പറഞ്ഞു.
മഫ്ലർ എടുത്തിരുന്നെങ്കിൽ നീ ഈ തണുപ്പ് അനുഭവിക്കുമായിരുന്നോ? മരുഭൂമിയിലെ ഈ ജീവിതവും തിരിച്ചറിയുമായിരുന്നോ? ഇല്ല, ജീവിതത്തിൽ പലതും അനുഭവിച്ചറിയണം. അപ്പോഴേ ജീവിതം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങൂ.
പെട്ടെന്നൊരു കാറ്റ് ആഞ്ഞു വീശി, കാറ്റിനെ നേരിടാനാകാതെ അയാൾ തിരിഞ്ഞു നിന്നു. അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്, ആ വീഥിയിലുള്ള ചുരുക്കം മനുഷ്യരെല്ലാം താൻ ചെയ്തപോലെ, തിരിഞ്ഞു നിൽക്കുകയാണ്. കാറ്റൊന്നു അവസാനിച്ചാൽ ലക്ഷ്യങ്ങളിലേക്കു തിരിച്ചു നടക്കാൻ.


അതൊരു വലിയ പാഠമായി അയാൾക്ക്‌ തോന്നി. ജീവിതം എന്ന വലിയ വെല്ലുവിളി, എല്ലാം നേരിട്ട് മുന്നോട്ടു പോകുന്ന നാം. ഇടയിൽ നമ്മെ തളർത്താൻ കനത്ത കാറ്റുകൾ. ആ കാറ്റിനെ, അല്ലെങ്കിൽ ആ തടസ്സങ്ങളെ നാം ബഹുമാനിക്കണം, അതൊരു പരീക്ഷണമാണ്, തിരിഞ്ഞു നിന്ന് ആ കനത്ത കാറ്റിന് കീഴടങ്ങിയതായി സ്വയം തിരിച്ചറിയണം. കാറ്റും കോളും കുറയുമ്പോൾ നമുക്ക് തിരിച്ചു നടക്കാം. ആ അൽപ്പവിശ്രമങ്ങൾ നമുക്ക് കുറച്ചു ഊർജ്ജം ശേഖരിക്കാനുള്ള സമയവും നൽകും.
അയാൾക്കരികിൽ ഒരു ടാക്സി നിന്നു. വേണ്ട, അടുത്താണ്, ഞാൻ നടക്കാം.
കനത്ത തണുപ്പാണ്, ഞാൻ വിടാം – അയാൾ വീണ്ടും പറഞ്ഞു.
വേണ്ട, ഈ തണുപ്പ് എനിക്കിഷ്ടമാണ്. അയാൾ മറുപടി പറഞ്ഞു. ടാക്സിക്കാരൻ വണ്ടി മുന്നോട്ട് എടുത്തു.


ഈ തണുപ്പെന്നല്ല, ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളോടും, രോഗങ്ങളോടും, വേദനകളോടും തനിക്കിപ്പോൾ എന്തെന്നില്ലാത്ത പ്രതിപത്തിയാണ്. ഇതെല്ലാം എന്തൊക്കെയോ പഠിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയാണ്.
ജീവിതം എന്നതിൻറെ അർത്ഥം തേടി അലയുന്ന ഒരാൾക്ക് അത് എന്നെങ്കിലും കണ്ടെത്താൻ കഴിയുമോ?
കഴിയുമായിരിക്കും, ഒരു കാലഘട്ടം കഴിയുമ്പോൾ നാം ജീവിതത്തിൽ നടത്തുന്ന, അല്ലെങ്കിൽ നടത്തിക്കഴിഞ്ഞ യുദ്ധങ്ങളുടെ ആകെത്തുക എന്തായിരുന്നെന്ന് എപ്പോഴെങ്കിലും ഗുണിച്ചും ഹരിച്ചും എടുക്കാൻ നാം ശ്രമിക്കും, അത് മിക്കപ്പോഴും ഒരു രോഗം നമ്മെ ആക്രമിച്ചു കീഴടക്കി ഒരു കിടക്കയിൽ കുറച്ചുനാൾ കിടത്തുമ്പോഴായിരിക്കും സാധാരണ സംഭവിക്കുക.


താൻ അങ്ങനെ ഒരുപാട് അവലോകനങ്ങൾ സ്വയം നടത്തിയിട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം ജീവിതത്തിന്റെ നശ്വരത ബോധ്യപ്പെട്ടിട്ടുമുണ്ട്.
എല്ലാം തിരിച്ചറിയുന്നുണ്ടെങ്കിലും മനുഷ്യർ പിന്നെയും മുന്നിലേക്ക് നടക്കുകയാണ്. എനിക്കിനിയും എന്തെങ്കിലും കുറെയൊക്കെ ചെയ്യാൻ സാധിക്കും, നേടിയെടുക്കാൻ സാധിക്കും. അതിൽനിന്നു കുറച്ചുപേരെയെങ്കിലും സഹായിക്കാൻ കഴിഞ്ഞേക്കും, അതും ഒരു ആത്മസംതൃപ്തിയാണല്ലോ.
വാഹനങ്ങൾ വരുന്നത് ശ്രദ്ധിച്ചാണ് അയാൾ സീബ്രാ വരകളിലൂടെ പല റോഡുകളും മറികടക്കുന്നത്.
നടക്കുമ്പോൾ അയാൾ ചിന്തകളിൽ മുഴുകിപ്പോകുന്നു. തന്നെ പൊതിഞ്ഞുപിടിക്കാൻ ശ്രമിക്കുന്ന തണുപ്പിനേക്കാൾ, തന്നിൽ നിറഞ്ഞുകവിയുന്നത് തന്റെ ചിന്തകൾ തന്നെയാണ്.


മനസ്സിനെ ചിന്തകളിൽനിന്ന് നിയന്ത്രിക്കാൻ താൻ ഇനിയും പഠിച്ചിട്ടില്ല.
ഓഫീസിന്റെ മുന്നിലെ വലിയ ചില്ലുവാതിലിന് മുന്നിൽ അയാൾ നിന്നു. ബാഗിൽ നിന്ന് തിരിച്ചറിയൽ കാർഡെടുത്ത് അയാൾ സ്കാനറിൽ ചേർത്ത് പിടിച്ചു. അതിൽ അയാളുടെ പേരും സമയവും തെളിഞ്ഞു വന്നു.
പുറത്തെ തണുപ്പിൽ നിന്ന് അഭയം തേടി അയാൾ വാതിൽ തുറന്നു അകത്തേക്ക് നടന്നു.

കാവല്ലൂർ മുരളീധരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *