രചന : പ്രിയബിജു ശിവകൃപ ✍
“ഇത്തവണ വെക്കേഷന് നമുക്ക് ഗൂഢല്ലുരു പോയാലോ “
സന്തോഷിന്റെ ചോദ്യത്തിന് ദീപു ഉത്തരം നൽകിയത് പെട്ടെന്നായിരുന്നു
“ഞാനില്ല.. ഞാൻ എങ്ങോട്ടുമില്ല “
” അതെന്താ ദീപു നീയിങ്ങനെ പറയുന്നേ. ഇത്ര പെട്ടെന്ന് നീയാ സ്ഥലം മറന്നോ. വീണ്ടും പോകണമെന്ന് ഒരിക്കൽ നീ പറയുകയും ചെയ്തതാണല്ലോ പിന്നെന്താ “
” അതൊക്കെ ശരിയാണ്. പക്ഷെ ആ സ്ഥലം ഓർമ്മയിൽ വരുമ്പോൾ മുന്തിരിക്കണ്ണുള്ള ഒരു മൊഞ്ചത്തിയെ ഓർമ്മ വരും. “
” നാദിയ”
സന്തോഷ് പിറുപിറുത്തു
” അതേ “
” നീയിതുവരെ അവളെ മറന്നില്ലേ “
” എങ്ങനെ മറക്കും. “
മധുരമുള്ള മുന്തിരികൾ നാവിനെ മാത്രമല്ല ഹൃദയത്തിനെ കൂടി നിറച്ചത് മറക്കാൻ കഴിയോ?
” നമുക്ക് ഒന്ന് പോയാലെന്താ.. എന്തായാലും അവളെ നിനക്ക് നേടാനായില്ല. എങ്കിലും വർഷം കുറേയായില്ലേ ഇപ്പോൾ അവൾ അവിടെയുണ്ടാവണമെന്നുമില്ല
വിവാഹം കഴിഞ്ഞു കാണും . അഥവാ അവൾ അവിടെയുണ്ടെങ്കിൽ അവളെയൊന്ന് കാണാനെങ്കിലും നിനക്ക് കഴിയുമല്ലോ.
ദീപു എന്തൊക്കെയോ ചിന്തയിലാണ്ടു.
” ആലോചിക്കാനൊന്നുമില്ല. ഈ വരുന്ന സൺഡേ നമ്മൾ പുറപ്പെടുന്നു. വേണമെങ്കിൽ ഹിമയെക്കൂടി വിളിച്ചോളൂ. വിവാഹം കഴിഞ്ഞിട്ട് നിങ്ങൾ അധികം യാത്ര പോയിട്ടില്ലല്ലോ “
ദീപു അമ്പരപ്പോടെ അവനെ നോക്കി. “അത് വേണോ “
” വേണം… ഒരു കുഴപ്പവുമില്ല.. അവൾക്ക് നിന്റെ എല്ലാ കാര്യങ്ങളും അറിയാമല്ലോ. പിന്നെന്താ?”
ശരിയാണ്
ദീപു ഓർത്തു.
ഹിമ ഒരു പക്വത എത്തിയ പെൺകുട്ടിയാണ്
ശാന്ത സ്വഭാവം
ആരെയും വേദനിപ്പിക്കാനും കരയിക്കാനുമൊന്നും അവൾക്കിഷ്ടമില്ല.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ കാരണം നാദിയയെ പിരിയേണ്ടിവന്നു
ഗൂഡല്ലൂരിൽ നിന്നും താൻ മടങ്ങി വന്നിട്ടു അമ്മയുടെ നിർബന്ധ പ്രകാരം പെണ്ണുകാണാൻ പോയതാണ്. അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്. മുൻപ് അവളുടെ വിവാഹം കഴിഞ്ഞതാണെന്ന്. പക്ഷെ
വിവാഹം കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന വഴി കാർ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു. വരൻ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴി മരിച്ചു… ഏറെ നാൾ ചികിത്സയിലായിരുന്ന ഹിമ.
തന്റെ ദുര്യോഗത്തെ പഴിച്ചു ഹിമ അനേകനാളുകൾ കഴിച്ചുകൂട്ടി.. കൂട്ടുകാരുടെയും വീട്ടുകാരുടേയുമൊക്കെ സ്നേഹപൂർവ്വമായ പരിചരണങ്ങൾ മൂലം അവൾ ജീവിതത്തിലേക്ക് തിരികെ വന്നു.
ദീപുവിന്റെ വിവാഹാലോചന വന്നപ്പോൾ ആദ്യമവൾ എതിർത്തു. പക്ഷെ അച്ഛനമ്മമാരുടെ സങ്കടം കണ്ടപ്പോ മനസ്സില്ലാ മനസ്സോടെ അവൾ സമ്മതിച്ചു.
ദീപുവിനെ ഉൾക്കൊള്ളാൻ ഹിമയ്ക്ക് ആദ്യമൊന്നും സാധിച്ചിരുന്നില്ല. പക്ഷെ മെല്ലെ മെല്ലെ അവർ ഇരുവരും മനസ്സുകൊണ്ട് ഒന്നായി..
ദീപുവും മുന്തിരിക്കണ്ണുള്ള അവന്റെ മൊഞ്ചത്തി നാദിയായും തമ്മിലുള്ള ഹൃദയബന്ധം പാതിവഴിയിൽ മുറിഞ്ഞു പോയതും അതേതുടർന്ന് അനേകനാളുകൾ ഏകാന്തതയെ കൂട്ടുപിടിച്ചു അവൻ കഴിഞ്ഞുകൂടിയതുമെല്ലാം ഹിമയെ അറിയിച്ചു…
പതുക്കെ പതുക്കെ അവർ പരസ്പരം താങ്ങായി..
കഴിഞ്ഞുപോയ നല്ല നാളുകൾ വീണ്ടും അവരുടെ ജീവിതത്തിൽ തിരിച്ചെത്തി
“ഉള്ളിന്റെ ഉള്ളിൽ നാദിയയുടെ ഓർമ്മകൾ ഉണ്ടെങ്കിലും എല്ലാം മാറ്റിവച്ചു പുതിയ ജീവിതം നയിക്കുകയാണ് വീണ്ടും പഴയതൊക്കെ കുത്തിപ്പൊക്കണോ?”
” ഡാ വർഷങ്ങൾ കഴിഞ്ഞില്ലേ അവൾ ഇപ്പോൾ കല്യാണമൊക്കെ കഴിഞ്ഞു കുടുംബമായിക്കാണും. മാത്രമല്ല നമ്മൾ ഗൂഡല്ലൂർ പോകുന്നത് അവളെ കാണാനല്ലല്ലോ. അവൾ അവിടെ ഉണ്ടാകണമെന്നുമില്ല.
പിന്നെന്താ. എന്റെ സ്മിതയ്ക്കും പിള്ളേർക്കും അവിടെ പോകണമെന്ന് ആഗ്രഹം പറയുകയും ചെയ്തു. നീ വരുന്നുണ്ടെങ്കിൽ നമുക്കൊന്നിച്ചു പോകാം “
” ശരി ഞാൻ ഹിമയോടൊന്ന് ചോദിച്ചു നോക്കട്ടെ. അവൾക്ക് താല്പര്യം ഉണ്ടെങ്കിൽ നമുക്ക് പോകാം “
” ശരിയെടാ… കാര്യങ്ങളൊക്കെ ശരിയാക്കിയിട്ട് നീ വിളിക്ക് “
സന്ധ്യാനേരം…
ദീപു വീട്ടിലെത്തുമ്പോൾ ഹിമ തുളസിത്തറയിൽ വിളക്ക് വയ്ക്കുകയായിരുന്നു..
അവൻ ഒരു നിമിഷം അത് നോക്കി നിന്നു.
ദീപനാളത്തിന്റെ പ്രഭ അവളുടെ മുഖത്തു പ്രതിഫലിച്ചപ്പോൾ ഐശ്വര്യ ദേവത പ്രത്യക്ഷപ്പെട്ടത് പോലെ…
പെട്ടെന്ന് അവന്റെ മനസ്സിലേക്ക് നാദിയയുടെ മുഖം തെളിഞ്ഞു. അവൾ സൂര്യ തേജസ് ആണെങ്കിൽ ഹിമ പൂർണ്ണ ചന്ദ്രനെപ്പോലെ ശീതളമാണ്.
ശാന്തത അവളുടെ സ്ഥായീഭാവമാണ്.
അവനെ കണ്ടു അവൾ പുഞ്ചിരിച്ചു.
വിളക്ക് വച്ച ശേഷം രണ്ടാളും പൂമുഖത്തേക്ക് കയറി.
” ദീപുവേട്ടനെന്താ ഇന്ന് നേരത്തെ? “
” ഇന്ന് പൊതുവെ തിരക്ക് കുറവായിരുന്നു ഷോപ്പിൽ”
ടൗണിൽ സൂപ്പർ മാർക്കറ്റ് നടത്തുകയാണ് ദീപു.
“മാത്രമല്ല നമുക്ക് ഉടനെ ഒരു യാത്രയുണ്ട്. അതിനെപ്പറ്റി പ്ലാൻ ചെയ്യണം “
” എവിടേയ്ക്ക് “
പഴയ തട്ടകത്തിലേക്ക്. ഗൂഡല്ലൂർ
“ഓഹോ… പഴയ മുന്തിരിപെണ്ണിനെ കാണാനാണോ?”
അവൾ തമാശ പോലെ ചോദിച്ചു.
” പോടീ “
അവൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു
” അമ്മ വിളിച്ചോ? “
” ദേവിചേച്ചിക്ക് ഒരു തവണ കൂടി ചെക്ക് അപ്പ് ഉണ്ട്. അടുത്ത ആഴ്ച അത് കൂടി കഴിഞ്ഞാൽ അമ്മ എത്തുമെന്ന് പറഞ്ഞു”
ദീപുവിന്റെ സഹോദരിയാണ് ദേവിക. രണ്ടാമത്തെ പ്രസവം അടുത്തു വരികയാണ്. അവളെ ചേർത്തലയിൽ ആണ് വിവാഹം കഴിപ്പിച്ചു അയച്ചിരിക്കുന്നത്. അമ്മ കുറച്ചു നാൾ അവളുടെ കൂടെ നിൽക്കാൻ പോയതാണ്..
“ദീപുവേട്ടൻ കുളിച്ചിട്ടു വരൂ ഞാൻ ചായ എടുക്കാം “
കുളിച്ചു വന്ന ശേഷം ദീപു കുറച്ചു നേരം ന്യൂസ് കാണുക പതിവുണ്ട്.. അവൻ സോഫയിലേക്ക് ചാഞ്ഞു.
അവൾ ചായയും പലഹാരവുമായി വന്നു.
” എന്നാ പോകാൻ തീരുമാനിച്ചത്? “
” തീരുമാനിച്ചതൊന്നുമില്ല… സന്തോഷു പറയുന്നത് സൺഡേ പോകാമെന്നാ.. സ്മിതയും പിള്ളേരുമൊക്കെ ഉണ്ട് “
” ആഹാ എന്നാൽ പിന്നെ നമുക്കും കൂടാം.. എനിക്ക് ദീപുവേട്ടന്റെ പഴയ മുന്തിരിത്തോട്ടം കാണാമല്ലോ. ഒത്താൽ മുന്തിരിപ്പെണ്ണിനേയും “
. അവൾ ചിരിച്ചു.
ദീപു പുഞ്ചിരിച്ചു.
” ശരി. ഞാൻ അവനെ വിളിച്ചുപറയാം
അങ്ങനെ ആ യാത്ര നിശ്ചയിക്കപ്പെട്ടു.
സന്തോഷും ഭാര്യ സ്മിതയും അവരുടെ ആറുവയസ്സുകാരി മകൾ സിതാരയും. പിന്നെ ദീപുവും ഹിമയും..
കാഴ്ചകൾ കണ്ടു. ആനന്ദ പൂർണ്ണമായ ഒരു മനോഹരയാത്ര..
ഹിമയുടെ മുഖം ഇത്രയും തെളിഞ്ഞു ദീപു കണ്ടിട്ടേയില്ല
അവനു സന്തോഷിനോട് ഒരുപാട് നന്ദിയും സ്നേഹവും തോന്നി…
പുലർച്ചെ ആണ് അവർ അവിടെയെത്തിയത്.,
ദീപുവിന്റെ പഴയ സുഹൃത്തായ ധർമ്മരാജിന്റെ വീട്ടിൽ താമസസൗകര്യമൊരുക്കിയിരുന്നു.. അയാളും ഭാര്യയും അവരെ സന്തോഷത്തോടെ സ്വീകരിച്ചു..ധർമ്മരാജ് മുൻപ് ദീപു ജോലി ചെയ്തിരുന്ന മുന്തിരിതോട്ടത്തിന്റെ മാനേജർ ആണ്.
നല്ല പുതുമയുള്ള ഭക്ഷണം.. നല്ല അന്തരീക്ഷം. ഹിമയ്ക്ക് ഒത്തിരി ഇഷ്ടായി.
വൈകുന്നേരം അവർ മുന്തിരി തോട്ടത്തിന് നടുവിലൂടെ നടന്നു.. സെൽഫികളെടുത്തു…
വിളവെടുപ്പ് ആയിട്ടില്ല… എങ്കിലും തൊഴിലാളികളൊക്കെയുണ്ട്…
അതിനിടയിൽ ചുവന്ന തോർത്തു തലയിൽ കെട്ടി നിന്ന ഒരാളെ ധർമ്മരാജ് കയ്യാട്ടി വിളിച്ചു. അയാൾ ഭവ്യതയോടെ ഓടിവന്നു.
അയാളെ കണ്ടതും ദീപു അമ്പരന്നു..
നാദിയയുടെ ബാപ്പ,. മുഹമ്മദ്…
അയാൾക്ക് പെട്ടെന്ന് ദീപുവിനെ മനസ്സിലായില്ല. എന്നാൽ ഹിമയെ കണ്ട അയാളുടെ മുഖത്തു ഭാവഭേദം ഉണ്ടായത് പെട്ടെന്നായിരുന്നു..
” മോളെ… “
അയാൾ സ്നേഹ സാന്ദ്രമായി വിളിച്ചു
മോൾക്ക് ” എന്നെ മനസ്സിലായില്ലേ?
” ഞാൻ.. എനിക്ക്…. “
ഹിമ അയാളുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു..
അയാൾ പതുക്കെ അവളുടെ അടുത്തേക്ക് വന്നു..
അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി..
” എന്റെ പൊന്നുമോളുടെ കണ്ണുകളാണ് ഇത്… എന്റെ നാദിയയുടെ കണ്ണുകൾ “
ദീപു ഒന്നും മനസ്സിലാകാതെ നിന്നു..
ധർമ്മരാജ് അവരുടെ അടുത്തേക്ക് വന്നു..
” നീ അറിഞ്ഞില്ല അല്ലെ നാദിയ പോയ വിവരം?
എറണാകുളത്തു വച്ചു വിവാഹപാർട്ടിയുമായി പോയ കാറും അവളും ഭർത്താവും സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ചു അവളും ഭർത്താവും മരണപ്പെട്ടു.. മരണ ശേഷം അവളുടെ കണ്ണുകൾ ആ വണ്ടിയിൽ ഉണ്ടായിരുന്ന കല്യാണപെണ്ണിന് ദാനം ചെയ്തിരുന്നു എന്ന് കേട്ടിരുന്നു..
ദൈവമേ! അത് നിന്റെ പെണ്ണിന് ആയിരുന്നോ?
ദീപു ആദ്യമായി കാണുന്നത് പോലെ ഹിമയെ നോക്കി. തന്റെ മുന്തിരിപ്പെണ്ണിന്റെ കണ്ണുകളായിരുന്നോ അത്. അപകടത്തിൽ കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു എന്നും നീണ്ട നാളത്തെ ചികിത്സയിലൂടെയാണ് കാഴ്ച്ച തിരികെകിട്ടിയതെന്നും അറിയാമായിരുന്നു., ഡീറ്റെയിൽസ് ആയി ഒന്നും അറിഞ്ഞില്ല എന്നേയുള്ളു..
അവൾ തരിച്ചു നിന്നു..
താൻ സ്വീകരിച്ച കണ്ണുകൾ തന്റെ ദീപുവേട്ടന്റെ മുന്തിരിപ്പെണ്ണിന്റെകണ്ണുകൾ ആണെന്നറിഞ്ഞില്ല
അവൻ മെല്ലെ ഹിമയെ ചേർത്തു പിടിച്ചു..
പരിസരം മറന്നു ആ മുഖം കൈകളിൽ കോരിയെടുത്തു.. ആ മിഴികളിൽ ഉമ്മ വച്ചു…
കണ്ടു നിന്നവരുടെ കണ്ണുകളിലും ആനന്ദാശ്രു പടർന്നു…
മുന്തിരിതോട്ടത്തിലേക്ക് ഒരിളം കാറ്റ് വീശി.. നാദിയയുടെ അദൃശ്യ സാന്നിധ്യം പോലെ…