രചന : ശാന്തി സുന്ദർ ✍
ചില പെണ്ണുങ്ങളങ്ങനാ ..
മൊരിഞ്ഞും കരിഞ്ഞും
ഇളകാത്ത ദോശക്കല്ലിലെ
ദോശപോലെ..
വീട്ടുകാരുടേം നാട്ടുകാരുടേം
വാക്കിനിടയിൽ കൊരുത്ത്
മുറിഞ്ഞും ചതഞ്ഞും
അരഞ്ഞും കിടക്കുന്ന
പെണ്ണുങ്ങൾ
കുലസ്ത്രീയെന്നു
സ്വയം പാട്ടുപാടി
നടക്കുന്ന ശബ്‍ദമില്ലാത്ത
വായാടികൾ!
ആർക്കോ
ചവിട്ടാൻ പാകത്തിന്
ചാണകം മുഴുകിയ
നടുമുറ്റങ്ങൾ!
ചൂലാകാതെ
വീടിനു പുറത്തേക്കിറങ്ങാൻ
ഉപേദ്ദേശിച്ചു കൊണ്ട്
മുറ്റത്തു നിന്നൊരു
സ്ത്രീശബ്‍ദം.
പതുങ്ങിയിരുന്ന്
പതിഞ്ഞ ശബ്ദത്തിൽ
ഉറക്കെ ശബ്‍ദിക്കുന്ന
ഇഷ്ടങ്ങളെ പ്രണയിച്ചു
സ്വന്തം ആകാശത്തിൽ
വട്ടമിട്ടു പറക്കുന്ന സ്ത്രീയെ
അഹങ്കാരിയെന്നു
പലയാവർത്തി വിളിച്ചുകൊണ്ട്
അടുക്കള മൂലയിൽ
നിന്നും മീൻകഴുകി പുലമ്പുന്ന
കുലസ്ത്രീ.
നീ ഉയിർപ്പുകളില്ലാത്ത
കുരിശുമരമെന്ന്
ഉറക്കെ പറഞ്ഞു
പടിയിറങ്ങുന്നു
ഇഷ്ടങ്ങളെ ചുംബിക്കാൻ
പറഞ്ഞ സ്ത്രീ.
അല്ലെങ്കിലും ചില
പെണ്ണുങ്ങളങ്ങനാ…
അസ്വാതന്ത്ര്യത്തെ
ആചാരമാക്കുന്നവർ!