രചന : ദീപ്നാദാസ് അണ്ടലൂർ ✍️
ഒറ്റച്ചില്ലയിൽ വേവുകായും പക്ഷികൾ നമ്മൾ!
ചുറ്റിലുമിരുട്ടിൻ കൈകുടഞ്ഞെത്തി നോക്കുന്നിതാ
വേട്ടക്കണ്ണുകൾ.
മൂർച്ച കൂട്ടി പഴുപ്പിച്ച ലോഹം
കുത്തിയിറക്കി
മജ്ജയിൽ നിന്നുമിറ്റുവീഴുന്നു രക്തം.
കാടെനിക്കമ്മയായിരുന്നു
കൂടെനിക്കോർമ്മയാവുന്നു
കൂടൊഴിഞ്ഞ പക്ഷികൾ മാത്രമെങ്ങു പോവുന്നു…..
മറ്റു ചില്ലകൾ തളർന്നു വീഴുന്നു
ഒറ്റുകാരനാർത്താർത്തു ചിരിക്കുന്നു.
തെറ്റുകൾ, കൊടിയപാപമെത്ര വേഗത്തിൽ
മറന്നു പോവുന്നു.
ദുഃഖമെന്തൊരന്ധകാരം !
ശാപ ജൻമമെത്രയോ ദു:സ്സഹം !
കൊരുത്ത ചില്ലയത്രയും കടുത്ത വേനലിൽ
ചുവന്നു കരിഞ്ഞുമടർന്നു വീഴുന്നു
പറന്നു പറന്നു തളർന്നു കരിഞ്ഞു
തൂവൽ കൊഴിഞ്ഞു
കൂടില്ലാ പക്ഷി
കാടകം വിട്ടു പോവുന്നു.