രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️
ഇവിടെ ഞാനീ,ബോധിവൃക്ഷച്ചുവട്ടിലായ്
കവിതകൾ മൂളിയിരിപ്പുനിത്യം
ഭുവനൈകനാഥാ മുരളീധരാ വിഭോ,
അവികലാനന്ദത്തോടെത്തുവേഗം
നവനവ രാഗങ്ങളോരോന്നുമങ്ങനെ,
നവനീതചോരാ പൊഴിക്കുവേഗം
അടിയൻ്റെയകതാരിലവിടുത്തെ നർത്തനം
ഇടതടവില്ലാതെ തുടരുകേവം
കമലവിലോചനാ കരുണാമയാ കൃഷ്ണാ,
കരതാരുകൂപ്പി വണങ്ങിടുന്നേൻ
പരശതം ജൻമങ്ങളായ് ഞാൻ നിരന്തരം
തിരുനാമമല്ലോ,വുരുക്കഴിപ്പൂ!
അറിവിന്നനന്ത വിഹായസായ്മൻമനം
മരതകമണിവർണ്ണാ മാറ്റിനീളേ
സകലദുഃഖങ്ങളുമൂതിക്കെടുത്തിയെൻ
ഹൃദയത്തിലാനടനം തുടരൂ
കുറുനിരതന്നിലാ,പൊൻമയിൽ പീലിയും
തിറമൊടുചൂടി വരൂമുകുന്ദാ
അരിയൊരാ പാഞ്ചജന്യംമുഴക്കീ,ധർമ്മ-
സരണി തെളിക്കാൻ വരൂമുകുന്ദാ
മഴമുകിലഴകുമായ് നിരുപമസ്നേഹത്തിൻ
പുഴയായ്തഴുകി വരൂമുകുന്ദാ
കലിപൂണ്ടഹോ മദിച്ചീടുംമനുഷ്യരെ-
ക്കടപുഴക്കീടാൻ വരൂമുകുന്ദാ
തിരുമൊഴികേട്ടെൻ മനസ്താപമൊക്കെയും
സുരുചിര മൂർത്തേയകന്നിടട്ടേ
പരമാത്മസത്തയതൊന്നിനാലല്ലാതെ,
ധരയിലുണ്ടോ,പരിവർത്തനങ്ങൾ!
പരിതപ്ത മനസ്സുകൾക്കൊരു ശാന്തിഗീതമായ്
ഹരികേശവാ കൃഷ്ണദാമോദരാ,
കനകത്തളകൾ കിലുക്കിപ്പൊടുന്നനെ;
പനിമതിപോലുദിച്ചെത്തുകാർദ്രം.