രചന : അനീഷ് കൈരളി. ✍️
ഒറ്റപ്പെടുന്ന രാത്രിയിൽ
ദൃശ്യപ്പെടുത്തലിൻ്റെ കല
സ്വായത്തമാക്കിയാൽ
പ്രിയപ്പെട്ടവളേ,
നീ ആരുടെ ചിത്രം വരയ്ക്കും ?
നിൻ്റെ നോട്ടത്തിലെ
ചോദ്യം ഞാൻ ഗ്രഹിക്കുന്നു,
കാഴ്ചയ്ക്ക് പാത്രീഭവിക്കുന്ന
ഒരു മാധ്യമത്തിലൂടല്ലാണ്ട്
നിൻ്റെ രൂപവും, ശബ്ദവും
എൻ്റെ മുന്നിലെ ചതുരപ്പെട്ടിയിൽ
തെളിയുമെന്ന് –
ഞാനന്ന് പറഞ്ഞപ്പോൾ,
നിനക്കുണ്ടായ അമ്പരപ്പിൽ –
കവിഞ്ഞ് മറ്റൊന്നായി –
ഞാനിതിനെ കാണുന്നില്ല.
കെട്ടുകഥകളുടെ കെട്ടഴിക്കലാണ്
ആധുനിക ശാസ്ത്രം ചെയ്യുന്നതെന്ന്
ഞാൻ പറഞ്ഞാൽ
നിനക്കത് നിരസിക്കാനാകുമോ?
ഒറ്റമാംസപിണ്ഡത്തിൽ നിന്ന്
നൂറ്റൊന്നായി പിറന്ന കൗരവരും,
ദിശാ സൂചിയാകും നക്ഷത്രവും,
പുഷ്പകവിമാന മേറിയ കാമനകളും,
പാതി കടിച്ച ആപ്പിളിനൊപ്പം
മനുഷ്യ മസ്തിഷ്ക്കത്തിൻ
അടരുകളിൽ വിരിയുന്ന
ശാസ്ത്ര പുഷ്പങ്ങളാകുന്ന
വേളയിൽ,
നീയെന്തിനിങ്ങനെ
അത്ഭുതത്തിനടിപ്പെടണം?
മനുഷ്യേച്ഛയുടെ
പൂർത്തീകരണത്തിലത്രേ
ആധുനികശാസ്ത്രം നിലകൊള്ളുന്നത്….
അപ്പോ പറഞ്ഞു വന്നത്,
കുന്തീ ദേവി സൂര്യഭഗവാനെ നോക്കി
പ്രയോഗിച്ച, ആ പഴയ –
ഒടിവിദ്യയില്ലേ …
ദൃശ്യപ്പെടുത്തലിൻ്റെ കല,
അതും,
മജ്ചയും മാംസവുമുള്ള
സർവ്വവികാര സമ്മിശ്രനായ –
മനുഷ്യനെ!
നാസ വിക്ഷേപിച്ച
ബഹിരാകാശ പേടകം
ആകാശ ശൂന്യതയിൽ
അതിൻ്റെ പ്രവർത്തനം
തുടങ്ങിക്കഴിഞ്ഞു.
രാത്രി 12.15
റിട്ടേഡ് ബാങ്കു മാനേജർ
സതീശൻ്റെ വീട്ടിൽ ‘വിക്ടോറിയ തീൽവിഗ് ‘
പ്രത്യക്ഷപ്പെട്ടു.
സതീശൻ്റെ ഭാര്യ ‘സൗധാമിനി’
ഡ്രൈവർ മരുകേശൻ്റെ വീട്ടിലും
അനന്യദൃഷ്ടാന്തേ
വെളിച്ചപ്പെതോടെ
ദൃശ്യപ്പെടലിൻ്റെ ഉത്സവം തുടങ്ങുകയായി.
ദുൽക്കർ,ഷാരൂഖ്,കപിൽദേവ് തുടങ്ങി
ജാക്സണും, നെപ്പോളിയനും, സോക്രട്ടീസും വരെ….,
ഭാവന,നയന,ഐശ്വര്യ തുടങ്ങി
ഷക്കീരയും,മഡോണയും, ക്ലിയോപാട്ര വരെ …
ദേശ,വംശ,വർഗ്ഗ വേർതിരിവുകളേതുമില്ലാതെ
ഭാവനാപൂർണ്ണ കിടപ്പറകളിൽ
ദൃശ്യപ്പെട്ടു കിടന്നു.
മനുഷ്യാഭിലാഷ –
സ്വാതന്ത്ര്യത്തിൻ്റെ യുഗം
തിരഞ്ഞെടുക്കൽ മഹാമഹം
അനുസ്യൂതം തുടർന്നു.
പല ജാലകർമ്മങ്ങളും തകരാറിലായി,
രസമതല്ല,
കൂടുതൽ പ്രാവശ്യം
തെറ്റായി ശ്രമിച്ചവർക്ക്,
“നിങ്ങളുടെ പരമാവധി ശ്രമങ്ങൾ
അവസാനിച്ചു, 24 മണിക്കൂറിന്
ശേഷം വീണ്ടും ശ്രമിക്കുക “
എന്ന സന്ദേശവാചകങ്ങളിൽ
തൃപ്തിപ്പെടേണ്ടി വന്നു.
ഇരുപത്തിനാലു മണിക്കൂറുകൾ
ഇരുപത്തിനാല് യുഗങ്ങളിലേക്ക്
വ്യാപരിപ്പിക്കാവുന്ന ഏകാന്തത –
ഇണനഷ്ടപ്പെട്ട കാമുകീകാമുകൻമാരെ
കുറച്ചൊന്നുമല്ല വേട്ടയാടിയത്!
അതിനുള്ളിലൊരു സാമൂഹ്യഉത്സുകൻ
വിവരസാങ്കേതിക വിദ്യയും നൈതികതയും
എന്ന വിഷയത്തിൽ വാചാലനായി.
ചൊവ്വയും,രാഹുവും,കേതുവും
നോക്കുകുത്തികളായി,
പൊരുത്തവും,പൊരുത്തക്കേടുകളും
കണിയാൻ്റെ വീട്ടിലെ ഉത്തരത്തിൽ
ചത്തിരുന്നു.
കൂടുവിട്ട് കൂടുമാറലിൻ്റ
ഈ ജാലവിദ്യാ പ്രകടനം കണ്ട്
മനോവിശ്ലേഷകർ പോലും
മനോവിഭ്രാന്തിയിലായി.
രാഷ്ട്രത്തലവൻമാർ
സൈനിക മേധാവികൾ
ന്യായാധിപതിമാർ തുടങ്ങി
നമ്രശിരസ്കരാം ലിംഗധാരികൾ വരെ
അഭീഷ്ടാനുസൃതമായി
അപരസാധ്യമായ
വിചിത്രകല്പ്പനകളിൽ അഭിരമിച്ചു.
പുലർച്ചേ 3.30
ടോക്കിയോയിലെ ഡാൻസ് ബാർ,
‘ടെക്വില’
മഞ്ഞുകട്ടകളിലേക്ക് അലിഞ്ഞിറങ്ങുന്ന
അഗേവ് ചെടിയുടെനീര്.
ലഹരിയുടൽകളിൽ
വിരിഞ്ഞിരുന്ന ഉന്മാദശലഭങ്ങൾ.
”ബ്രേക്കിംഗ് ന്യൂസ് “
ബഹിരാകാശചഷകത്തിൽനിന്നും
വിവരവിനിമയ ഉപാധിനഷ്ടമായിരിക്കുന്നു.
ലോകം ഞെട്ടി!
അടിച്ച കള്ള്, വെറും വെള്ളമായി
പെരുപ്പിൻ്റെ ശലഭങ്ങൾ
ചത്തുമലച്ചു.
തെരുവുകളിൽ,
തിരഞ്ഞെടുപ്പിൻ്റെ ഭൂഖണ്ഡത്തിൽ
സമ്മതിദാന അവകാശമില്ലാത്തവർ
ഒറ്റയായവർ,
ഞെട്ടിയുണർന്ന ബോധം
കാതുകളിൽ നിൻ്റെ കൂർക്കംവലി
പ്രിയപ്പെട്ടവളേ,
തിരഞ്ഞെടുപ്പിൻ്റെ ലോകത്ത്
നാമിപ്പോഴും …..
പ്രായപൂർത്തിയാകാത്തവർ.