രചന : രാജു വിജയൻ✍️
ചന്ദനതൈലം തേച്ചു മിനുക്കിയ
ചന്ദ്രികപ്പെണ്ണിനെ കാണുവാനും…
ചാമരം വീശി എതിരേൽക്കും വേദിയിൽ
ചക്രവർത്തി പോൽ അമരുവാനും…
കണ്ടാൽ ചിരിച്ച് കുശലം പറയാനും
കൈകളിൽ സ്നേഹം പകുക്കുവാനും…
ഈശ്വര സന്നിധി പോലുമെതിരേറ്റ്
ഈശന്റെ ഒപ്പമിരുത്തുവാനും…
പാതയോരത്തെ അഴുക്കു ചാൽ തിട്ടമേൽ
തട്ടിയൊരുക്കിയ പീടികയിൽ
പത്തു രൂപാ കടി, കട്ടൻ വെള്ളം, ചായ
വാങ്ങി കുടിക്കാനും കാശ് വേണം…
വാങ്ങി കുടിക്കാനും കാശ് വേണം…..!
കോടികളുള്ളവൻ… കോടീശ്വരൻ
ലോകം വണങ്ങുന്ന സർവേശ്വരൻ
കൂടപിടിക്കാനും, ചെരുപ്പെടുക്കാനും
കോളാമ്പി കൈയ്യിൽ കരുതുവാനും…
വെള്ള തുണിമേലഴുക്കു പറ്റിടാതെ
ചുറ്റിനും ചൂഴ്ന്നിടും ഭ്രിർത്യ വർഗ്ഗം…!
പണമാണ് ദൈവം… പരമാധികാരം
പരമ രേണുക്കളിൽ പടരും പ്രഭാവം..
പണമെന്ന ശക്തിക്കു മേലെ പരുന്തും
പാറാൻ മടിക്കുമെന്നുള്ളതാണുന്മ…
പലരും പറയുന്ന കേൾക്കാം ചിലപ്പോൾ
പണമുണ്ടെന്നാകിൽ.. എല്ലാം തികഞ്ഞൊ..?
ഇപ്പറയുന്നവർക്കറിയാമൊരിക്കൽ
ജീവൻ പറന്ന് പിണമായോരച്ഛൻ
ബാധ്യതയായ് മാറിയ മോർച്ചറിക്കുള്ളിൽ
ബില്ലടക്കാതെ, തന്നാത്മ ചേതനയെ
ദിവസങ്ങളോളം മരവിപ്പിച്ച നരകം….!
പണമെന്ന കോട്ട തകർക്കുവാനാർക്കും
കഴിയില്ല മണ്ണിൽ കൊടികൾക്ക് പോലും…!
ആദ്യമായ് നിന്നെ അറിയാൻ ശ്രമിക്കും
അപരന്റെ അസ്ത്രമാണെന്തു ചെയ്യുന്നു…?
മധുരം കിനിയുന്നൊരാ വാക്കിന്റെ മറവിൽ
മറഞ്ഞിരിപ്പുണ്ടല്ലോ… നിനക്കുള്ള മൂല്യം…!
മണ്ണിതിൽ മാലാഖയാകും വെളുപ്പിന്ന-
കമേ നുരയുന്നുണ്ടമേദ്യപ്പുഴുക്കൾ…!
ഈ ലോക ഗോളം തിരിയുവാനായി
ഈശ്വരരെന്ന കോടീശ്വരർ വേണം….!
കാലം പതറിക്കഴിഞ്ഞു ഇന്നലെകൾ
മഹാപ്രളയത്തിൽ മരുഭൂവായ് തീർന്നു..
പണമെന്ന പ്രപഞ്ചം സൃഷ്ടിച്ചെടുക്കാൻ
മനുഷ്യത്വമെന്നോ പാതാളമേറ്റി….
പണമാണ് സർവ്വം… പണമാണ് നിന്നെ
നീയെന്ന നീയായി മാറ്റുന്ന ലോകം….
അറിവില്ലയെങ്കിൽ നടക്കാൻ തുടങ്ങൂ..
പരിഭവം പറയാത്ത ശ്മശാന പറമ്പിൽ..
അവിടെയലയുന്ന കാറ്റിനു പോലും
പറയുവാനുണ്ടാം… പണത്തിൻ മഹത്വo
പണമില്ലയെങ്കിലോ ജന്മം തുടിക്കും
പാണന്റെ കൈയ്യിലെ നന്തുണിയെപ്പോൽ…
പണമില്ലയെങ്കിലോ ജന്മം തുടിക്കും
പാണന്റെ കൈയ്യിലെ നന്തുണിയെപ്പോൽ..!
പണമാണ് ദൈവം… പണമാണ് സർവ്വം..
പണമുള്ളവൻ സദാ സ്നേഹ പ്രപഞ്ചം…!
പണമാണ് മണ്ണിൽ പിറവിക്ക് സ്വന്തം..
പണമില്ലായെങ്കിലീ.. ജന്മം നിരർത്ഥം…..!!