രചന : ജോളി ഷാജി✍️
“ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുകയാണ്. ചന്ദനത്തിരിയുടെ വല്ലാത്തൊരു ഗന്ധം അവിടമാകെ നിറഞ്ഞു നിൽക്കുന്നു. വരുന്നവരാരും തന്നെ പൊട്ടിക്കരയുന്നില്ല. ആരെയോ പ്രതീക്ഷിക്കുന്നതുപോലെ വല്ലാത്തൊരു നിശബ്ദത എല്ലാവരെയും മൂടിയിരിക്കുന്നു….
പ്രകൃതിയും ആകെ മൂടിക്കെട്ടി വല്ലാത്തൊരു മൂകഭാവം അണിഞ്ഞു നിൽക്കുന്നു…. എവിടെനിന്നോ പറന്നുവരുന്ന തണുത്ത കാറ്റിനു വല്ലാത്ത കുളിര്… മഴ ഏതുനേരവും പെയ്തു വീണേക്കാം എന്ന മട്ടിലാണ്…
അക്ഷമരായി ഗോവിന്ദിനെ പ്രതീക്ഷിച്ചു നിന്ന ഗോപനും ഗൗരിയും പരസ്പരം നോക്കി…
“ഇനിയും അവനെ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.. ഈ ശവം
ഇവിടെകിടന്നു ചീഞ്ഞു നാറുകയെയുള്ളൂ…”
ഗോപൻ പല്ലുകടിച്ചു കൊണ്ടാണ് പറഞ്ഞത്.. “ഏട്ടൻ മൂത്തമോനാണ് തീരുമാനം എടുക്കാൻ അവകാശവും ഉണ്ട്… എത്രയും പെട്ടന്ന് കർമ്മങ്ങൾ തുടങ്ങാൻ പറയൂ.. ഇന്നലെ പോന്നതാണ് വീട്ടിൽനിന്നും…” ഗൗരിയുടെ ശബ്ദം അല്പം കടുപ്പമുള്ളതായി…
“എനിക്കും പോകേണ്ടത് അത്യാവശ്യമാണ് ഗൗരി…. അതെങ്ങനെ അയാൾ ഒന്നിനും സമ്മതിക്കുന്നില്ലല്ലോ…”
“മരിച്ചു വിറങ്ങലിച്ചു കിടക്കുന്നതു നമ്മുടെ അമ്മയാണ് അമ്മാവന്റെ സമ്മതം നമ്മളെന്തിനാ നോക്കുന്നത്….”
ഗൗരി ദേഷ്യത്തോടെയാണ് ഗോപനോട് സംസാരിക്കുന്നത്…
“അമ്മാവനെ എങ്ങനെയും പറഞ്ഞ് സമ്മതിപ്പിക്കാം… പക്ഷെ അവൾ…. അവളാണ് ഇതിനൊക്കെ പിന്നിൽ..
“ഗോവിന്ദ് അവൾ പറയുന്നതിന് അപ്പുറം ഒന്നും ചെയ്യുകയും ഇല്ല…”
അവരുടെ സംസാരത്തിന് ഇടയിലേക്ക് ഇന്ദു കടന്നുവന്നത് അപ്പോളാണ്…. അവളുടെ കയ്യിൽ ട്രേയിൽ നിരത്തിയ ആവി പറക്കുന്ന ചായഗ്ലാസുകൾ ഉണ്ടായിരുന്നു…
ഗൗരി പെട്ടെന്ന് ഇരുന്ന കസേരയിൽ നിന്നും എണീറ്റ് മുന്നോട്ട് നടക്കാൻ ഭാവിച്ചു…
“ഏട്ടത്തി, ദാ ചായ കുടിക്ക്…” ഇന്ദു ഗൗരിയോടായി പറഞ്ഞു…
ഗൗരി അവളെ ദേഷ്യത്തോടെ നോക്കി…. “എനിക്ക് വേണ്ട…. എന്താ ഇവിടെ സൽക്കാരം നടക്കുകയാണോ…”
“ഗോവിന്ദേട്ടൻ വരാൻ ഇനിയും താമസിക്കും നല്ല തണുപ്പും ഉണ്ടല്ലോ ഇത് കുടിക്കു….” വളരെ ശബ്ദം താഴ്ത്തിയാണ് ഇന്ദു സംസാരിച്ചത്…
“ഇനിയും ആ ഊര് തെണ്ടിയെ പ്രതീക്ഷിക്കുന്നത് ഭ്രാന്താണ്…. വെറുതെ വെച്ചുകൊണ്ടിരുന്നു സമയം കളയാം എന്നേ ഉള്ളു…. ഇപ്പോൾ തന്നെ സമയം പത്തോട് അടുക്കുന്നു…”
“ഏട്ടൻ വരും,, കൂടിയാൽ രണ്ടോ മൂന്നോ മണിക്കൂർ…”
“അവന് സമയത്തിന് വിലയില്ല ഞങ്ങൾക്ക് അങ്ങനെയല്ല…”
ഗോപന്റെ വകയാണ്..
“”അതുമല്ല വല്ല മഴയും പെയ്തുപോയാൽ എന്ത് ചെയ്യും…. ഇലക്ട്രിക് ശ്മശാനത്തിൽ മതിയെന്ന് പറഞ്ഞാൽ നീയും നീയും നിന്റെ അച്ഛനും സമ്മതിക്കത്തും ഇല്ലല്ലോ…., “”
“എന്റേം അച്ഛന്റെയും ഇഷ്ടമല്ലത്… അമ്മായിയുടെ ആഗ്രഹം ആയിരുന്നു അമ്മാവനും മുത്തശ്നും മുത്തശ്ശിയുമൊക്കെ ഉറങ്ങുന്ന ഈ മണ്ണിൽ തന്നെ തന്നെയും അടക്കം ചെയ്യണം എന്നത്…”
“അതൊക്കെ പണ്ട് ഓരോരുത്തർ ഉണ്ടാക്കി വെച്ചിരിക്കുന്ന ഓരോ ചടങ്ങുകൾ ഇപ്പോൾ അങ്ങനെയൊന്നും ഇല്ല….”
ഇന്ദു നിശബ്ദയായി അവർക്ക് അടുത്തുനിന്നുപോയി..
ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോളേക്കും ഗോവിന്ദ് എത്തി… പൂജാകർമ്മങ്ങൾ ഉടനെ തുടങ്ങി… എങ്ങനെയും കർമ്മം തീർത്തു അമ്മയെ മറവ് ചെയ്യാൻ തിടുക്കം കൂട്ടുകയായിരുന്നു ഗോപനും ഗൗരിയും…
വായ്ക്കരിയിട്ട് അമ്മയുടെ മുഖം മൂടിയപ്പോളേക്കും ഗോവിന്ദ് പൊട്ടിക്കരഞ്ഞു പോയി…
അടക്കം കഴിഞ്ഞ് കുളിച്ച ഗോവിന്ദ് അമ്മയുടെ മുറിയിൽ പോയിരുന്നു പൊട്ടിക്കരഞ്ഞു…
“ഗോവിന്ദേട്ട എന്താ ഇത് കൊച്ചു കുട്ടികളെപ്പോലെ…”
ഇന്ദു അവനെ അശ്വസിപ്പിച്ചു കൂടെത്തന്നെ നിന്നു…”
ചാരിയിട്ടിരുന്ന വാതിലിൽ മുട്ട് കേട്ട് ഇന്ദുവാണ് ഡോർ തുറന്നത്….
“ഓ നിങ്ങൾ ഇതിനകത്ത് ആയിരുന്നോ… അമ്മയുടെ സാധനങ്ങൾ ആദ്യമേ അടിച്ച് മാറ്റാനുള്ള പുറപ്പാട് ആരുന്നു അല്ലേ….”
മുള്ളുവെച്ച സംസാരവുമായി ഗൗരി റൂമിലേക്ക് കയറി പിന്നാലെ ഗോപനും….
“ഞങ്ങൾക്ക് അമ്മയുടെ സ്വത്ത് ഒന്നും വേണ്ട ഗൗര്യേച്ചി.. എല്ലാം നിങ്ങൾ എടുത്തോ… പറ്റുമെങ്കിൽ അമ്മ കിടന്ന ഈ കട്ടിൽ മാത്രം എനിക്ക് തന്നേക്കുക…”
ഗോവിന്ദ് ശബ്‍ദം താഴ്ത്തി പറഞ്ഞു…
” ഗോവിന്ദ് അമ്മ മരിച്ചു ഇനി ഈ സ്വത്തുക്കൾ എല്ലാം വീതം വെക്കണം…”
ഗോപൻ ഗോവിന്ദിനോടായി പറഞ്ഞു..
“ഏട്ടാ നമ്മുടെ അമ്മയെ കുഴിയിലേക്ക് വച്ചിട്ട് ഇങ്ങ് വന്നതല്ലേ ഉള്ളു… ഈ വീട്ടിൽ നിന്നും അമ്മയുടെ ശ്വാസം വിട്ട് മാറും മുന്നേ വേണോ വീതം വെപ്പ്….”
“പ്രായമായാലും അസുഖം വന്നാലുമൊക്കെ ആളുകൾ മരിക്കും…. അതിനേ അംഗീകരിച്ചേ പറ്റു… മരിച്ചവർ മരിച്ചു ഇനി ബാക്കി കാര്യങ്ങൾ നോക്കുക…””
“എങ്ങനെ പറയാൻ പറ്റുന്നു ഇങ്ങനെ… ജീവിച്ചിരുന്നപ്പോൾ ഇറ്റ് വെള്ളം കൊടുക്കാൻ പോലും നിങ്ങൾക്ക് സമയം ഉണ്ടായില്ല… ഇവൾ ഉള്ളതുകൊണ്ട് അമ്മ പുഴുവരിക്കാതെ മരിച്ചു…. ഒരു ദിവസം കൂടി അമ്മക്ക് വേണ്ടി ക്ഷമിക്കാൻ നിങ്ങൾക്ക് കഴിയില്ല അല്ലേ…”
ഗോവിന്ദിന്റെ ശബ്ദം അല്പം കടുപ്പത്തിലായി..
“ഓ നീ ഞങ്ങളെ പേടിപ്പിക്കുവാണോ… ഈ വളപ്പിലെ ആദായം മുഴുവനും ഇതുവരെ എടുത്തിരുന്നത് നീയാണ്… അതുപോലെ അമ്മയുടെ പെൻഷൻ തുകയും…. ഞങ്ങൾ ചോദിച്ച് വന്നിട്ടില്ലല്ലോ… ഇനി അത് പറ്റില്ല…”
ഗൗരി അല്പം ശബ്ദം കൂട്ടിത്തന്നെയാണ് പറഞ്ഞത്…
“ഗൗരിയേച്ചിയും ഏട്ടനും ധൃതി ആണെങ്കിൽ ഇപ്പോൾ തന്നെ ഭാഗഉടമ്പടികളെക്കുറിച്ച് തീരുമാനിക്കാം..”
ഗോവിന്ദ് ഫോൺ എടുത്തു ആരെയോ വിളിച്ചു… “എടോ താൻ ഫ്രീ ആണെങ്കിൽ പെട്ടന്ന് ഇത്രേടം വരൂ… പോരുമ്പോൾ എല്ലാ രേഖകളും എടുത്തോളൂ….”
ഫോൺ കട്ട് ചെയ്ത അവൻ അവരോടായി പറഞ്ഞു….
“വെയിറ്റ് ചെയ്യൂ വക്കീൽ ഉടനെ എത്തും..””
ഗോപന്റെയും ഗൗരിയുടെയും മുഖത്ത് പെട്ടന്ന് പുഞ്ചിരി വിടർന്ന്… രണ്ടാളും റൂമിൽ നിന്നും പുറത്തേക്ക് പോയി…
ഗോവിന്ദ് അമ്മയുടെ അലമാര തുറന്നു… പുഴുങ്ങി അലക്കിയ തുണിയുടെ സുഗന്ധം മൂക്കിലേക്ക് തുളച്ചു കയറിയപ്പോൾ അമ്മയുടെ സാമിപ്യം തനിക്കൊപ്പം ഉള്ളതായി അവന് തോന്നി… അലമാരയിൽ അമ്മ അടുക്കി വെച്ചിരിക്കുന്ന ബുക്കുകൾ ഓരോന്നായി അവനെടുത്തു നോക്കി… അമ്മ എഴുതിക്കൂട്ടിയ കവിതകൾ…. താൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഒരു പുസ്തകം ഇറക്കുന്നതിനെക്കുറിച്ച് പക്ഷെ അമ്മ സമ്മതിച്ചില്ല ഇതുവരെ… ഇനി ഉടനെ അത് ചെയ്യണം…
“ഗോവിന്ദേട്ട അയാൾ വന്നു…”
ഇന്ദു വാതിൽക്കൽ നിന്നു വിളിച്ചപ്പോൾ ഗോവിന്ദ് അവൾക്ക് പിന്നാലെ വരാന്തയിലേക്ക് പോയി….
“വക്കീലേ എല്ലാം എടുത്തല്ലോ അല്ലേ…”
ഗോവിന്ദ് അയാളോട് ചോദിച്ചു…
“ഉവ്വ്… ദാ ഈ ബാഗിൽ എല്ലാം ഉണ്ട്…. എന്താ പെട്ടന്ന് ഇങ്ങനെ തോന്നാൻ…”
“അമ്മ മരിച്ചില്ലേടോ ഇനി എന്ത് ബന്ധങ്ങൾ… എല്ലാം പറഞ്ഞ് അവസാനിപ്പിക്കുക..”
ഗോവിന്ദ് ഇത്രയും പറഞ്ഞപ്പോൾ തൊണ്ട ഒന്ന് ഇടറിയപോലെ തോന്നി…
വക്കീൽ തന്റെ ബാഗ് തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന ആധാരക്കെട്ടുകൾ പുറത്തേക്ക് എടുത്തു… ഗോപനും ഗൗരിയും അക്ഷമരായി തോന്നി…
“ആദ്യം ഈ തറവാട് ഇരിക്കുന്ന സ്ഥലത്തിന്റെ ആവട്ടെ അല്ലേ….”
“വക്കീൽ തന്റെ ഇഷ്ടം പോലെ ചെയ്യൂ..”
വക്കീൽ തന്റെ കയ്യിൽ ഇരിക്കുന്ന ആധാരം തുറന്നു…. ആദ്യം മുതൽ അയാൾ വ്യക്തമായി വായിക്കാൻ തുടങ്ങി… ഗോപനും ഗൗരിയും വിയർക്കാൻ തുടങ്ങി…
“എല്ലാരും കേട്ടല്ലോ… ഈ തറവാടും ഇതിന് ചുറ്റിലുമുള്ള ഒന്നര ഏക്കർ വരുന്ന തൊടിയും അച്ഛന്റെ പേരിൽ ഗോവിന്ദ് തുടങ്ങിയ ട്രസ്റ്റ്‌ന് എഴുതി വെച്ചിരിക്കുന്നു എന്നത്…. നിങ്ങളുടെ അച്ഛനായി തുടങ്ങിവെച്ച വായന ശാലയും അതിനോട് ചേർന്ന ഓഡിറ്റോറിയവും അർഹതപ്പെട്ടവർക്ക് യഥേഷ്ടം ഉപയോഗിക്കാൻ കൊടുക്കാനുള്ള അനുമതിയും ട്രസ്റ്റിനു മാത്രമായിരിക്കും…. ട്രസ്റ്റ് നടത്തിപ്പിന് അനുവാദം കൊടുത്തിരിക്കുന്നത് ഗോവിന്ദിനാണ്…. “”
“അപ്പോൾ ഞങ്ങൾക്ക് അവകാശമൊന്നും ഇല്ലേ…. അമ്മയുടെ ആഭരങ്ങൾ എവിടെ…”
“മാലതി ടീച്ചറുടെയും തറവാട് പൂർവ്വികരുടെയും ആയ ആഭരണങ്ങളും അവരുടെ ബാങ്കിൽ അവശേഷിക്കുന്ന തുകയും പാവപ്പെട്ട പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാനും, പഠിക്കാൻ കഴിവുള്ള കുട്ടികളെ പഠിപ്പിക്കാനുമായി ഉപയോഗിക്കണം എന്നാണ് എഴുതി വെച്ചിരിക്കുന്നത്…”
“ഓഹോ ഇത് ആരുടെയൊക്കെ തീരുമാനത്തിന് തയ്യാറാക്കിയ ഉടമ്പടി ആണ്…. അമ്മക്ക് വയ്യാതായപ്പോൾ ഒപ്പിച്ചതാണോ….”
ഗോപൻ ഗോവിന്ദിനെയും വക്കീലിനെയും മാറി മാറി നോക്കി….
“ഏട്ടൻ കാടു കേറി ചിന്തിക്കേണ്ട… അച്ഛൻ മരിച്ചു ഉടനെ അമ്മ തയ്യാറാക്കിയ വില്പത്രം ആണിത്… നിങ്ങൾക്കൊക്കെ തരാനുള്ളതെല്ലാം തന്നില്ലേ… എനിക്കും ഈ തറവാടിന് അവകാശം ഇല്ല… ഞാൻ വെറും നോട്ടക്കാരൻ മാത്രം..”
ഗോവിന്ദ് അവരോടായിപറഞ്ഞു…
ഗോപൻ പെട്ടന്ന് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു…
“ഞാൻ പോകുന്നു… നീ വരുന്നോ…”
അയാൾ ഗൗരിയോടായി ചോദിച്ച്…..
“ഇനി എന്തിന് ഇവിടെ നിൽക്കുന്നു ഞാനും പോരുന്നു…”
അവർ രണ്ടാളും പെട്ടന്ന് മുറ്റത്തേക്കിറങ്ങി കാറിൽ കയറി വെളിയിലേക്ക് പോയി…
പെട്ടന്ന് ഒരു തണുത്ത കാറ്റ് ആഞ്ഞു വീശി…
ഗോവിന്ദ് അമ്മയുടെ കുഴിമാടത്തിന് അടുത്തേക്ക് ചെന്നു….
അവിടെ കത്തിയിരുന്ന ചന്ദനത്തിരികൾ കെട്ടു തുടങ്ങിയിരുന്നു അപ്പോൾ…. അമ്മയുടെ സുഗന്ധം അവിടെയാകെ ഒഴുകി നടക്കുന്നതായി ഗോവിന്ദ്ന് അനുഭവപ്പെട്ടു….
✍️