രചന : സാഹിദ പ്രേമുഖൻ ✍
മഹാകവി കുമാരനാശാന്റെ വിയോഗത്തിന് ഇന്ന് 100 വർഷം തികയുകയാണ്!
ഒരു നിശ്ചയമില്ലയൊന്നിനും;
വരുമോരോ ദശ വന്ന പോലെ പോം,വിരയുന്നു മനുഷ്യനേതിനോ
തിരിയാലോകരഹസ്യമാർക്കു മേ!
മരിക്കുന്നതിനു് ഏതാനും വർഷങ്ങൾക്കുമുമ്പ് ചിന്താവിഷ്ടയായ സീതയിലൂടെ, ജീവിതത്തിന്റെ ആകസ്മികങ്ങളായഗതിവിഗതികളെ കുറിച്ച് ആശാൻ കുറിച്ചിട്ട വരികളാണിത്!
പ്രവചനാതീതമായ ജീവിതത്തിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള ദാർശനിക വീക്ഷണങ്ങളെ തന്റെ കൃതികളിലൂടെ അദ്ദേഹം ലോക സമക്ഷം അവതരിപ്പിക്കുകയായിരുന്നു.!
!
നാമിങ്ങറിയുവതൽപം
എല്ലാം ഓമനേ ദൈവസങ്കൽപം.!
മനുഷ്യന്റെ അൽപ്പത്തരത്തെക്കറിച്ചും അജ്ഞതയെക്കുറിച്ചും ഏറ്റവും ചുരുങ്ങിയ അക്ഷരങ്ങളിൽ കുറിച്ച ഈ വരികളിലെ അർത്ഥ ചാരുത മറ്റെവിടെയും നമുക്കു കാണാൻ കഴിയില്ല..
ഭാവനയുടെ മൂശയിൽ വച്ച് സംസ്കരിച്ചെടുത്ത സംഭാഷണഭാഷയാണ് കവിത ! കവിതയിലെ വരികൾ പോലെ അനശ്വരമായി നിലനിൽക്കുന്ന മറ്റൊന്നും ലോകത്തില്ല.. ഒരിക്കൽ കേട്ടാൽ ഒരിക്കലും മറക്കാത്തതും വ്യത്യസ്ത സാഹചര്യങ്ങളിലെല്ലാം സന്ദർഭാനുസരണം ഉദ്ധരിക്കപ്പെടുന്നതും കവിതകളിലെ സുഗന്ധവാഹിയായ അക്ഷരമലരുകളാണ്!..അതിൽ തന്നെ ആശാന്റെ വരികൾ പോലെ ഇത്രയും Quot ചെയ്യപ്പെട്ട കാവ്യശകലങ്ങളും മറ്റാരുടെയും കൃതികളിലുണ്ടാകില്ല!
” മാറ്റുവിൻ ചട്ടങ്ങളെ, സ്വയ, മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ “
കാലദേശാതിവർത്തിയായി എന്നും പുതുമയോടെ ഉച്ചരിക്കാവുന്ന ചിരസ്ഥായിയായ വരികൾ! കാവ്യ പര്യന്തം, വാക്പര്യന്തം, പദപര്യന്തം നിലനിൽക്കുന്ന ഈ ഉദ്ധരണികളാണ് ആശാനെ എന്നും ജനകീയനാക്കുന്നത്!
20ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല ! ആശാനോളം ആഘോഷിക്കപ്പെട്ടതും അത്രത്തോളം പഠിക്കപ്പെട്ടതുമായ മറ്റൊരു കവിയും മലയാളത്തിലുണ്ടായിട്ടുമില്ല !
1891-ൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യനാകുമ്പോഴും സ്തോത്രകവിതകൾ മാത്രമെഴുതി വൈരാഗിയെപ്പോലെ നടന്നിരുന്ന ആ ചെറുപ്പക്കാരൻ കൽക്കട്ടയിലെ ഉപരി പഠനകാലത്താണ് തന്നിലെ വിപ്ലവകാരിയായ കവിയെ കണ്ടെത്തുന്നത്! 1907-ൽ വീണപൂവെന്ന ഖണ്ഡകാവ്യമെഴുതി ആശാൻമലയാള കവിതയുടെ തലവര തന്നെ മാറ്റിക്കുറിച്ചു !! അതോടുകൂടി മലയാള കാവ്യലോകത്ത് അദ്ദേഹംഅതിപ്രശസ്തനായി മാറുകയായിരുന്നു! ഖണ്ഡകാവ്യങ്ങൾ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കിയ ആശാൻ, അന്നത്തെ സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെയാണ് തന്റെ തൂലിക ചലിപ്പിച്ചത്! വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്നാണ് ആശാനെ അക്കാലത്ത്മുണ്ടശ്ശേരി വിശേഷിപ്പിച്ചത് ! വള്ളത്തോൾ കൃതിയായ ചിത്രയോഗത്തിന്റെ നിരൂപണം നിർവ്വഹിച്ചു കൊണ്ട് നല്ലൊരു നിരൂപകനെന്ന പ്രശസ്തിയും അദ്ദേഹം നേടിയെടുത്തു! ഏ.ആർ.രാജരാജവർമ്മയുടെ മരണത്തിലുള്ള തന്റെ ദുഃഖത്തെ ആസ്പദമാക്കി രചിച്ച” പ്രരോദനം “മലയാളത്തിലെ ഏറ്റവും മികച്ച വിലാപകാവ്യങ്ങളിലൊന്നാണ്! പരിത്യക്തയായ സീതയ്ക്കു പറയാനുള്ളത് ” ചിന്താവിഷ്ടയായ
സീത ” യിലൂടെ കേൾപ്പിച്ച ആശാനിലെ വിപ്ലവകാരിക്ക് സമനായി മലയാളത്തിൽ ഇതേ വരെ മറ്റൊരു കവിയും ജനിച്ചിട്ടില്ല! ലോകസാഹിത്യത്തിൽ തന്നെ ഇത്ര ഗാംഭീര്യമുള്ള മറ്റൊരു കൃതിയില്ലെന്നാണ് എം.കൃഷ്ണൻ നായർ എഴുതിയത്!
ആശാന്റെ കവിതാശകലങ്ങൾ പലതും മലയാളത്തിൽ ചൊല്ലുകൾ പോലെ പ്രചരിച്ചു! “സ്വാതന്ത്ര്യം തന്നെ അമൃതം !
സ്വാതന്ത്ര്യം തന്നെ ജീവിതം !
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം!
കാലാതിവർത്തിയായ ഈ വരികൾ ആശാനിലെ വിപ്ലവകാരിയെയും സ്വാതന്ത്ര്യദാഹിയെയും ഒരു പോലെ ഉദ്ദീപിപ്പിക്കുന്നതായി!
” എന്തിനു ഭാരതധരേകരയുന്നു, പാരതന്ത്ര്യം നിനക്കു വിധികൽപിതമാണു തായേ “
” ചിന്തിക്ക, ജാതി മതാന്ധരടിച്ചു
തമ്മിലന്തപ്പെടും തനയ, രെന്തിന യേ, സ്വരാജ്യം !
ആശാനിലെ ക്രാന്തദർശിയായ കവിയെയാണ് നാമിവിടെ കാണുന്നത്! ഇന്നും ഭാരതത്തിലെങ്ങും നടമാടുന്നത് മതാന്ധരുടെ സംഹാരതാണ്ഡവമാണല്ലോ !
ജീവിതത്തെയും ലോകത്തെയും ഇത്രയും വിശാലമായി നോക്കിക്കണ്ട മറ്റൊരു കവിയും മലയാളത്തിലെന്നല്ല ലോകത്തെവിടെയും ഉണ്ടായിട്ടില്ല!
മഹാവനം നിൻ മലർവാടിയാക,
മുള്ളൊക്കെയും നൻ മുകുളങ്ങളാക,
മഹേശ ,നിൻ സന്നിധി കൊണ്ടു ദുഷ്ട –
മൃഗങ്ങളും ഗായക ദേവരാക!
ആ മഹാനുഭാവന്റെ സാന്നിദ്ധ്യം കൊണ്ട് മലയാള ഭാഷയും കാവ്യലോകവും എത്രത്തോളം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ വരികളിൽ നിന്നു തന്നെ നമുക്കു ബോദ്ധ്യപ്പെടുന്നതാണ് !
ഹാ! പുഷ്പമേ.! അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നൊരു രാജ്ഞി കണക്കയേ നീ ‘
എന്ന് വീണു പോയ പൂവിനെ നോക്കിയുള്ള ആശാന്റെ വിലാപത്തിന് അറം പറ്റിയതു പോലെ, മലയാള കാവ്യസാമ്രാജ്യത്തിന്റെ ഉത്തുംഗ സിംഹാസനത്തിൽ ചക്രവർത്തിയെപ്പോലെ വിരാജിച്ചിരുന്ന ആ വിശ്വമഹാകവിയെ പെട്ടെന്നൊരു സുപ്രഭാതത്തിൽ മലയാളത്തിനു നഷ്ടമായി!
1924 – ജനുവരി 16 ന്പല്ലനയാറിന്റെസങ്കടത്തിരകളിലേക്ക് ആഴ്ന്നു പോയ ആ കാവ്യ തേജസ്സിന്റെ ഓർമ്മകൾക്കു മുമ്പിൽ ഒരു പിടി കണ്ണീർപ്പൂക്കളർപ്പിച്ചു കൊണ്ട് ഈ സ്മൃതി ലിഖിതങ്ങളെ ഞാൻ ആ പാദങ്ങളിലർപ്പിക്കുന്നു!
എല്ലാ കൂട്ടുകാർക്കും ഒരു സുപ്രഭാതത്തിന്റെ സ്നേഹാശംസകൾ🌹