രചന : *സതി സതീഷ് ✍
നിനക്കുമെനിക്കുമിടയിൽ
ചിലപ്പോൾനൂലിഴയോളം
ചിലപ്പോൾ കടൽപ്പരപ്പോളം ദൂരം…
എന്നിട്ടും മനസ്സിലേക്കണയാൻ
എന്താണിത്ര ദൂരംഅത്രമേൽ പ്രണയിച്ചവർ
ഇരുധ്രുവങ്ങളിലായതെ ങ്ങനെയെന്നറിയില്ല…
ഒരിക്കലും കൂടിച്ചേരാത്ത
വഴികൾ പോലെ,
കടലെത്ര
അരികെയായാലും
ഒഴുക്കു നിലച്ച
നദികൾപോലെ,
ചങ്കിലൊരു
പെരുങ്കടലൊളിപ്പിച്ച്
സ്വപ്നങ്ങളുടെ
ഇടനാഴിയിൽ
പരിഭവം പറയുന്ന
മിഴിനീർത്തുള്ളികൾപോലെ
എൻ്റെ ആകാശവും ഭൂമിയും
നിറങ്ങളും
നിന്നിലാണെന്ന്
നിൻ്റെ പ്രണയത്തിലാണെന്ന്
പറയാതെ പറഞ്ഞ്
ഇലക്കുമ്പിളിൽനിന്ന്
നിന്നിലേക്ക്
പതിക്കുമ്പോഴാണ്
ജന്മസാഫല്യം
ഈ വേനൽത്തുള്ളിക്കെന്ന്
പറയാതെ പറഞ്ഞ്
ഇരുധ്രുവങ്ങളിലായ്
ഓളം തെന്നി ദിക്കറിയാതെ നീങ്ങുന്നൊരു
മനസ്സുമായ് ഞാനും
നിഴൽപോലെ നീയും..