രചന : ഷാജി പേടികുളം✍
കുണ്ടും കുഴിയും നിറഞ്ഞ
ഇടവഴികൾ
ചെമ്മൺ നിരത്തുകൾ
മൈലുകൾ താണ്ടിയോർ
നമ്മുടെ പൂർവികർ
നടപ്പാതയ്ക്കപ്പുറം
പാതകളില്ലാത്ത
കുഗ്രാമഭൂമിയാം
നമ്മുടെ നാട് .
പലവട്ടം കാലമീ
ഗ്രാമഭൂമിയിലൂടെ
കടന്നുപോയപ്പോൾ
പരിണാമകിരണങ്ങൾ
തെളിഞ്ഞുവത്രെ….
ആശതൻ പാശം പോലെ
ചെമ്മൺ നിരത്തുകൾ
ഗ്രാമഗ്രാമാന്തരങ്ങളെ
കീറിമുറിച്ചു കടന്നുപോയി
കൈവണ്ടികൾ
കാളവണ്ടികൾ
നിരത്തിലൂടാരവത്തോടെ
ഇഴഞ്ഞുനീങ്ങവേ
വിടർന്ന മിഴികളാൽ
നോക്കി നിന്നൂ
നമ്മുടെ പൂർവികർ
ഗ്രാമവാസികൾ …..
കാലം പിന്നെയും
കടന്നു പോയി …..
പുഴ പോൽ വളഞ്ഞു
പുളഞ്ഞൊരാ
ടാറിട്ടപ്പാതകളിൽ
യന്ത്ര ശകടങ്ങൾ
ചെകിടടപ്പിക്കു
മൊരൊച്ചയോടെ
നീങ്ങവേ,യുത്സവ
പ്രതീതിയോടെ
വരവേൽപ്പൂ
ഗ്രാമവാസികൾ
പൂർവികർ…
കാലത്തിനു
വേഗത കൂടിയ പോൽ
ഗ്രാമങ്ങൾ മാറി
ജനനിബിഡമായി
പട്ടണമായിനഗരമായി
ശബ്ദ കോലാഹലമായി
മാലിന്യക്കൂനകളായി.
ഭക്ഷണം മലിനമായി
വായുവും മലിനമായി
ജല സ്രോതസുകളൊ
ക്കെയുംമലിനമായി.
പരിഷ്കാര ഭ്രമം മൂത്തു
ഭ്രാന്തരായ് മാറി നാം
ഭ്രാന്തരെ ഭ്രാന്തർ
നയിക്കുന്ന നാടായി മാറി
നമ്മുടെ നാട് ……
*