പണ്ടുണ്ടായൊരപമാനങ്ങളെല്ലാം
പരന്നതുപറയാതുള്ളിലായുറച്ച്
പകയോടെരിഞ്ഞുനീറുന്നധികം
പിടയുന്നോരെരിത്തീയായിയന്ത്യം.
പറഞ്ഞില്ലാദ്യമാരോടുമുള്ളത്
പ്രായമാകാത്തമാനസമെന്നാൽ
പതുക്കെപതുക്കെവളരുമ്പോൾ
പരിഹസിച്ചതൊരുചിത്രമാകുന്നു.
പാടുപ്പെട്ടതുമറന്നീടാനായെന്നാൽ
പകയുള്ളവരയൽവാസികളായാൽ
പുലമ്പുന്നതെല്ലാം പരിഹാസമെന്ന്
പർവ്വതീകരിച്ചൊരുതോന്നലുമായി.
പ്രേരിതമായൊരയവസ്ഥയെല്ലാം
പ്രേരണയായതുയുറയ്ക്കുമ്പോൾ
പോത്തുപോലുറച്ചോരകതാരകം
പ്രാപിക്കുന്നതുലഹരിയാലുല്ലാസം.
പുലരിമുതലാവർത്തിച്ചായിരവിലും
പൂരപ്പാട്ടുപ്പാടിയാർത്തുച്ചിരിക്കുന്നു
പേക്കൂത്തും പിന്നെ പിത്തലാട്ടങ്ങളും
പൊട്ടിത്തെറിച്ചൊരടിപ്പിടികളുമായി.
പിഴച്ചോരുലകമാവർത്തനമാമുരു
പഴുതുണ്ടെന്തിനുമുത്തരമേകുവാൻ
പോക്രിത്തരത്തിനൊരതിരില്ലെന്നാൽ
പറയുന്നതെല്ലാംപൊങ്ങച്ചങ്ങളാകുന്നു.
പരസ്പരമേഷണിയും ചതിയുമായി
പേരുദോഷത്തിനായുള്ളൊരുപ്പോക്കും
പേരുകേട്ടൊരുകെട്ടവരായിയീടുന്നു
പൊറുതിമുട്ടുന്നോരിന്നിടനിലക്കാർ.
പകയേറിയിരുപക്ഷമായെതിർത്ത്
പടരുന്നധികമായതാം വൈരികൾ
പരസ്പരമടിച്ചടിച്ചീമണ്ണിലായാലും
പലരുമോർക്കില്ല; പരമാർഥങ്ങൾ.
പടയോട്ടങ്ങളൊക്കെ ചരിത്രങ്ങൾ
പാണത്തുടികൊട്ടിപ്പാടിയാലുമതിലുൾ
പ്പെട്ടുകാണുന്നില്ല; ശാന്തിമന്ത്രങ്ങളുൾ
പ്പെട്ടതൊക്കെയെന്നുമേസർവ്വനാശം.
പെരുമയേറിയ വീരഗാഥകളേറെ
പെരുമ്പറകൊട്ടിപ്പറയൻപ്പാടിയാലും
പേരെടുത്താഘോഷിച്ചാലുമോർക്കുക
പടവെട്ടിയോരെതിരുള്ളയടവുകൾ.
പണ്ടേപേരുള്ളകുരുക്ഷേത്രത്തിൽ
പടവെട്ടിതോറ്റൊരായഭിമന്യുവും
പടയാലജയ്യനായൊരർജ്ജനനും
പോരിനന്ത്യമെന്നെങ്കിലുമൊടുങ്ങും.
പുലരിയുമിരവുമന്ത്യമകലും പോൽ
പുലുരുന്നവർക്കെല്ലാമന്ത്യമുണ്ടറ്റത്ത്
പട്ടടയിലൊന്നുമേയാരുംവീരരായില്ല
പൊലിപ്പിച്ചതൊക്കെപ്പാഴായിടാൻ.
പടച്ചട്ടയണിഞ്ഞാലുമായുധത്താൽ
പടയോട്ടമേറുമ്പോൾ മുറിഞ്ഞിടും
പടവെട്ടുന്നതിനിടെ മൃതരായിടും
പലവഴിചിതറിപ്പാഞ്ഞോരോടീടും.
പെടാപാടെല്ലാമന്ത്യംവ്യർഥമായി
പൊണ്ണക്കാര്യമില്ലതില്ലൊന്നിലും
പൊള്ളയായൊരുചിന്തയെല്ലാമേ
പൊളിച്ചെഴുതേണമുന്നതിക്കായി.
പൊന്നുപോരായ്മകളനേകമുണ്ട്
പണ്ട്മുതലിന്നേക്കുംകമ്മിയായി
പെട്ടുപോയൊരു ചെയ്‌ വിനയിനി
പുലരുന്നേരമാവർത്തനമാകല്ലേ !

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *