അന്ധനായ ആ മനുഷ്യൻ
അവളുടെ മടിയിൽ തല ചായ്ച്ച്
കിടന്നു കൊണ്ട് അവളുടെ പരുപരുത്ത വിരലുകളിൽ മെല്ലെ തലോടി പ്രണയാർദ്രമായി അവളോട് പറഞ്ഞു
കാഴ്ച ഇല്ലെങ്കിലും ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ഞാനാണ്…
നിൻറെ സ്നേഹത്തിൻറെ സാമീപ്യമാണ് എൻറെ സ്വർഗം….
ഈ പ്രണയ നിമിഷങ്ങളാണ് എന്നിലെ അനുഭൂതി…
ആ വാക്കുകൾ അവളുടെ വരണ്ട ഹൃദയത്തിൽ ഒരു പുതിയ തെളിനീർ ഉറവ പോലെ നനുത്ത കുളിർമ പകർന്നു കൊണ്ട് ഒഴുകുകയായിരുന്നു…..
ഇതുപോലെ ഒരു നിമിഷം ജീവിതത്തിൽ എത്രയോ തവണ കൊതിച്ചിട്ടുണ്ട്..
സ്നേഹിക്കപ്പെടാൻ തൻറെ മനസ്സ് എത്രയേറെ ദാഹിച്ചിട്ടുണ്ട്…
ഏകാന്തതയിൽ നിന്നുള്ള മോചനവും അഭയവും ആശ്വാസവുമാണ്
എനിക്ക് ഈ സ്നേഹം….
അവളുടെ മനസ്സിൽ
അനിർവചനീയമായ
ഒരു നിർവൃതി സുഗന്ധം പകർന്നു….
സ്വപ്നങ്ങൾ വർണ്ണങ്ങൾ വിടർത്തി
ഒരു മയിലിനെ പോലെ ഹൃദയത്തിൽ നൃത്തം ചെയ്തു….
നൊമ്പരങ്ങൾ മാത്രം സമ്മാനിച്ച
കഴിഞ്ഞ കാലത്തെ ജീവിതം
ഒരു മന്ദഹാസത്തോട് കൂടിയാണ് അവളിപ്പോൾ
ഓർക്കുന്നത്….
വൈരൂപ്യം സൃഷ്ടിച്ച
അപകർഷതയുിൽ
ഇരുളിലേക്ക് ഉൾവലിഞ്ഞ്
സ്വയം ഒറ്റപ്പെട്ട നിമിഷങ്ങൾ….
പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട
സ്കൂൾ വിദ്യാഭ്യാസം…..
വീട്ടിൽ വിരുന്നുകാർ വരുമ്പോൾ പിന്നാമ്പുറങ്ങളിലേക്ക് ഓടിയൊളിച്ച
നാളുകൾ….
കറുത്തിരുണ്ട നിറവും മുഖത്തെ വരണ്ട പാടുകളും ഉയർന്നുപൊങ്ങിയ പല്ലുകളും
തന്നെത്തന്നെ വേദനിപ്പിച്ചപ്പോൾ
കണ്ണാടിയിൽ നോക്കാൻ പോലും ഭയപ്പെട്ടിരുന്ന നിമിഷങ്ങൾ…..
എന്നാൽ ഇപ്പോൾ
മനസ്സിനെ ഗ്രസിച്ചിരുന്ന വേദനകൾ വിട്ടൊഴിയുകയാണ്…..
സർക്കാർ ഹോസ്പിറ്റലെ ബെഡ്ഡിൽ ശരീരമാസകലം വ്രണം ബാധിച്ച് ദുർഗന്ധം വമിക്കുന്ന തരത്തിലാണ് അനാഥനും അന്ധനുമായ ആ മനുഷ്യനെ ആദ്യമായി അവൾ കണ്ടത്.
അമ്മ കിടന്നിരുന്ന തൊട്ടടുത്ത ബെഡിൽ ആണ് അയാൾ കിടന്നിരുന്നത്
അമ്മയ്ക്ക് നൽകിയ സ്നേഹവും ശുശ്രൂഷയും ഭക്ഷണവും അവൾ അയാൾക്ക് കൂടി പകുത്തു കൊടുത്തു.
അത് പിന്നെ പ്രണയത്തിന് വഴിമാറി
കാഴ്ചയില്ലാത്ത ആ മനുഷ്യൻറെ ഭാര്യയായി ഒന്നിനെയും ഭയപ്പെടാതെയാണ്
താനിപ്പോൾ ജീവിക്കുന്നത്….
അന്യമായിരുന്ന പലതും ഇപ്പോൾ അരികിലുണ്ട്…..
ഈ സ്നേഹത്തിൻ്റെ
പൊരുൾ മാത്രമാണ്
എൻറെ അഭയവും ആശ്വാസവും….
അതിൽ അലിഞ്ഞലിഞ്ഞ്
സ്വയം ഇല്ലാതാകുന്ന ഈ നിമിഷങ്ങളാണ്
ജീവിതത്തിലെ
ഏറ്റവും പുണ്യം നിറഞ്ഞത്…..
അവൾ അയാളെ
തൻറെ ഹൃദയത്തോട് മെല്ലെ ചേർത്ത് വരിഞ്ഞുമുറുക്കി…
അവളുടെ സ്നേഹത്തിൻറെ
പരിരംബണത്തിൽ….
ആ ആലിംഗനത്തിൻ്റ നിർവൃതിയിൽ
ലയിച്ച നിമിഷത്തിൽ അയാൾ
അവളുടെ കാതിൽ പതുക്കെ മന്ത്രിച്ചു…
എനിക്ക് നിന്നെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ……
അവൾ ഞെട്ടിപ്പോയ്….
വേണ്ട.. ..
എന്നെ കാണാൻ കഴിഞ്ഞാൽ
എൻറെ വിരൂപത ഈ മനസ്സിനെ തളർത്തും
പിന്നീട് എന്നെ വിട്ടു പോവില്ലേ….
അവൾ വേദനയോടു കൂടി ചോദിച്ചു.
വിട്ടു പോവാനോ…..
ഇരുൾമൂടിയ എൻറെ ജീവിതത്തിൽ സ്നേഹത്തിൻറെ സുഗന്ധം പകർന്ന്
വെളിച്ചത്തിൻ്റ ജ്വാലപൂർണ്ണിമയായ
നിന്നെ വിട്ടു പോകാനോ……
അതിന് ഈ ജന്മം എനിക്ക് കഴിയില്ല….
എൻറെ എല്ലാം നീയാണ്…
നീ ഏതു രൂപത്തിൽ ഇരുന്നാലും നിന്നെ സ്നേഹിക്കാൻ മാത്രമേ എനിക്ക് കഴിയൂ….. എൻറെ ഹൃദയത്തിലെ സ്നേഹം മുഴുവൻ നിനക്കുള്ളത് മാത്രമാണ്….
ആ വാക്കുകൾ അവളെ വല്ലാതെ കോരിത്തരിപ്പിച്ചു…
അവൾക്ക് അയാളെ വിശ്വാസമായിരുന്നു
അത്രയേറെ അവളെ അയാൾ സ്നേഹിക്കുന്നുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു….
തനിക്ക് ഏറ്റവും പ്രിയപ്പെട്ടവന് ഈ ലോകം കാണാനുള്ള ആഗ്രഹം അവളെ വല്ലാതെ വേദനിപ്പിച്ചു…
അങ്ങനെയാണ് അവൾ രോഗാതുരയായ അമ്മയുടെ മരണ ശേഷം അമ്മയുടെ കണ്ണുകൾ അയാൾക്ക് ദാനം ചെയ്തത്…
എന്നാൽ കുറച്ചു ദിവസങ്ങൾ
കഴിഞ്ഞപ്പോൾ
അവൾക്ക് തോന്നി.
ആ കണ്ണുകൾ തന്നെ വെറുക്കുന്നുവെന്ന്.. .
പ്രണയ സല്ലാപങ്ങൾ നിറഞ്ഞ അവർക്കിടയിൽ നിശബ്ദത കനം കെട്ടി..
മൗനം മനസ്സിനെ
വീണ്ടും ഒറ്റപ്പെടുത്തുന്നു …
ഒടുവിൽ അയാൾ പുറംകാഴ്ചകൾ തേടി
ആ മുറി വിട്ടിറങ്ങി പോകുമ്പോൾ…
അവൾ തനിച്ച്
ഏകാന്തതയുടെ തടവറയായ
ആ ഇരുണ്ട മുറിയിലെ ചുമരിൽ ചാരി നിശബ്ദമായി കണ്ണുനീർ പൊഴിക്കുകയായിരുന്നു…
അടക്കിപ്പിടിച്ച തേങ്ങലുകളും
അടർന്നു വീണ കണ്ണുനീരും
ചുമര് തൻറെ ചുമലിലേക്ക് ഏറ്റുവാങ്ങി
തേങ്ങലിൻ്റ പ്രതിധ്വനികൾ ആരും കേൾക്കാതിരിക്കാൻ
കാറ്റ് വന്ന് ജാലകം അടച്ച് അവളെ തഴുകി തല താഴ്ത്തി നിന്നു.
…………………….

By ivayana

Leave a Reply

Your email address will not be published. Required fields are marked *