രചന : ദീപ്തി പ്രവീൺ ✍
'' കുഞ്ഞാനീ , നിന്റെ അമ്മേടെ കല്യാണമാണ് അല്ലേ.''
കുഞ്ഞാനീ ഞെട്ടിത്തിരിഞ്ഞു.. രേഷ്മയാണ് സ്കൂളില്‍ ഒപ്പം പഠിക്കുന്നോള്‍.
ശാന്തമായി ഒഴുകുന്ന പുഴയിലൂടെ ഇടയ്ക്കിടെ നീന്തിയെത്തുന്ന പായലിലേക്ക് അവള് വീണ്ടും നോട്ടം പായിച്ചു.. തുണി കഴുകി വിരിച്ചിട്ട് ഇരുന്നതാണ്…. ഇനി ഇത് ഉണങ്ങും വരെ കാവലിരിക്കണം.. കഴിഞ്ഞാഴ്ച തുണി കഴുകി വിരിച്ചു വീട്ടില്‍ പോയപ്പോള്‍ ആ തുണിയൊക്കെ ആരോ നശിപ്പിച്ചിരുന്നു.. അന്ന് അമ്മാവിയുടെ വക ശകാരവും അമ്മയുടെ കൈയ്യില്‍ നിന്നും തല്ലും കിട്ടിയതാണ്… വടക്കേതിലെ കുഞ്ഞുണ്ണിയുടെ വീട്ടിലെ പട്ടിയാണ് തുണി കടിച്ചു കീറിയതെന്നും പറഞ്ഞു ഒരു വഴക്കും കഴിഞ്ഞു.. അതില്‍ പിന്നെ തുണി ഉണക്കിയെടുത്തിട്ടെ പോകാറുള്ളു..
” ഡീ കുഞ്ഞാനീ ,നീ നിന്റെ അമ്മയുടെ കല്യാണത്തിന് പപ്പടം വിളമ്പുമോടീ… ” രേഷ്മ വിടൂന്ന മട്ടില്ല..
” കുഞ്ഞുണ്ണി പറഞ്ഞല്ലോ നീയാണ് പപ്പടം വിളമ്പുന്നതെന്ന്.. ”
കുട്ട്യോള് കളിയാക്കുമ്പോള്‍ എന്നും ഈ കണ്ണ് നിറഞ്ഞു വരും.. ഇപ്പോഴും അതുതന്നെ.. പുള്ളിപ്പാവാടയുടെ അറ്റം പിടിച്ചു കണ്ണു തുടച്ചു മാവിന്റെ തണലിലേക്ക് അവള് മാറിയിരുന്നു …
രേഷ്മ കൊണ്ടു വന്ന സോപ്പുപെട്ടി കടവിലെ കല്ലിലേക്ക് വെച്ചു ചെറിയ കപ്പ് മാറ്റി വെച്ചു..
കടവില്‍ കുട്ടികള്‍ക്ക് കുളിക്കാന്‍ വേണ്ടി പ്രത്യേകം കല്ല് കെട്ടി തിരിച്ചിട്ടുണ്ട്.. കടവിലേക്ക് ഇറങ്ങാതെ തന്നെ വെള്ളം കോരിയൊഴിച്ച് അവിടെ നിന്നു കുളിക്കാം..
തന്നെ ഇവിടെ കുളിക്കാന്‍ ആരും സമ്മതിക്കുകയേ ഇല്ല..
” വീട്ടില്‍ നിന്നു കുളിച്ചാല്‍ മതി..പണ്ട് അമ്മ കുറേ കുളിക്കാന്‍ പോയതാ.. ” അമ്മാവി പല്ലുഞ്ഞവറുന്ന ശബ്ദം…. അമ്മയുടെ അടക്കിയ സ്വരം അകത്തെവിടെയെങ്കിലും അപ്പോള്‍ ഉയരും..
” രേച്ചൂ..നിന്നോട് ആരാ പറഞ്ഞത്.. ”
ചോദ്യം പകുതിയെത്തിയപ്പോഴേക്ക് സ്വരം ഇടറി നിന്നു..
”എന്ത്.. ”
തുണികള്‍ ഓരോന്നു അഴിച്ചു മാറ്റി ഉടുത്തിരുന്ന പാവാട മുകളിലേക്ക് ഉയര്‍ത്തി കെട്ടി കൊണ്ട് രേഷ്മ തിരക്കി..
” അമ്മയുടെ കാര്യം.. ”
”. അപ്പോള്‍ നീയറിഞ്ഞില്ലേ… ഞാന്‍ കരുതി നീ അറിഞ്ഞൂന്ന്..
,കുഞ്ഞുണ്ണി പറഞ്ഞല്ലോ അടുത്താഴ്ച കഴിഞ്ഞാല്‍ നിന്റെ അമ്മയുടെ കല്യാണം ആണെന്ന് ”
കുറേ നാള് മുന്നേ ആരൊക്കെയോ വീട്ടില്‍ വന്നിരിക്കുന്നു ..
എത്രയായാലും വേണ്ടില്ല.. കൊടുത്തു വിട് നാശം ശല്യം ഒഴിയട്ടെ.. അമ്മാവനോട് അമ്മാവി ദേഷ്യപെടുന്നത് കണ്ടിരുന്നു .. ,അതില്‍ പിന്നെ അമ്മയുടെ മുഖത്തൊരു തെളിച്ചം ഉണ്ടായിരുന്നു..
കണ്ണെഴുതുകയും പൊട്ടു തൊടുകയും സാരി പിന്നെയും പിന്നെയും ഉടുത്തു നോക്കുകയും കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കുന്നതൊക്കെ കണ്ടിരുന്നു ..
അപ്പോള്‍ അമ്മയുടെ കല്യാണമാണോ…
അപ്പോള്‍ താനും കൂടെ പോകുമോ.. പുതിയ സ്ഥലം എങ്ങനെയായിരിക്കും.. പുതിയ സ്കൂളില്‍ ചേര്‍ക്കുമോ.. അപ്പോള്‍ രേച്ചൂവിന്റെയും അമൃതയുടെയും പോലെ ഒത്തിരി പുതിയ ഉടുപ്പുകള്‍ വാങ്ങി തരുമോ..?
പുഴ ഒഴുക്കിനൊപ്പം കുഞ്ഞാനിയുടെ ചിന്തകളെയും കൊണ്ടുപോയി…
” അപ്പോള്‍ നിന്റെ അച്ഛന് വന്നാലോ കുഞ്ഞാനീ.. ”
രേച്ചൂവിന്റെ ചോദ്യം ചൂടു പാത്രത്തില്‍ തെറിച്ചു വീണ വെള്ളത്തുള്ളീകളെ എരിച്ചു കളയും പോലെ അവളുടെ ചിന്തകളെ എരിച്ചു കളഞ്ഞു..
” ഒരാള്‍ക്ക് രണ്ട് അച്ഛന്മാര് പറ്റുമോ.. നിന്റെ അമ്മ കെട്ടുമ്പോള്‍ അയാളും നിന്റെ അച്ഛനാകൂലേ..അപ്പോ നാടു വിട്ടു പോയ നിന്റെ അച്ഛന് വരൂലേ.. ”
ചന്ദ്രിക സോപ്പ് ചകീരിയില് തേച്ചു പിടിപ്പിച്ചു അത് കാലില്‍ അമര്‍ത്തി ഉരയ്ക്കുമ്പോള്‍ സംശയത്തോടെ രേച്ചു തലയുയര്‍ത്തി നോക്കി..
”’ പെങ്കൊച്ച് ആണെന്നു കണ്ടപ്പോള്‍ നാടു വിട്ടു പോയോനാ.. മറ്റുള്ളവര്‍ക്ക് ബാധ്യതയായൊരു ജന്മം.. ”
അച്ഛനെ പറ്റി അവള്‍ക്ക് ആകെയുള്ള അറിവ് ആണ് അത്…. അച്ഛന് ഇനി മടങ്ങി വരുമോ..വന്നാല്‍ രണ്ട് അച്ഛന്മാര് ശരിയാകുമോ..
കുഞ്ഞാനിയുടെ ചിന്തകള്‍ കുഴഞ്ഞു മറിഞ്ഞു
” നെന്റെ ഭാഗ്യമാ..പുതിയ സ്കൂളില്‍ പഠിക്കാലോ ” രേച്ചു അസൂയയോടെ പറഞ്ഞു..
ഓര്‍മ്മ വെച്ച കാലംമുതല്‍ അമ്മ അകറ്റി നിര്ത്തിയിട്ടെയുള്ളു.. വല്യമ്മച്ചിയാണ് കുളിപ്പിക്കുന്നതും ഒരുക്കുന്നതും എല്ലാം. അമ്മായി വന്നതില്‍ പിന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റമാണ്.. അമ്മായി വന്നപ്പോഴാ അച്ഛനെ പറ്റിയൊക്കെ അറിഞ്ഞത്… അത് വരെ ആരും അതിനെ പറ്റി സംസാരിക്കാറില്ലായിരുന്നു..
അമ്മ രാവിലെ ജോലിക്ക് പോകും വൈകുന്നേരം വരും..
അപ്പോള്‍ ഇനി പുഴയും ഒന്നും കാണാന്‍ പറ്റൂലേ..അതോര്‍ത്തപ്പോള്‍ കുഞ്ഞാനിക്ക് സങ്കടം വന്നു.. പുഴയില്‍ തുണി നനയ്ക്കാന്‍ വരുന്നതാണ് ഏറ്റവും സന്തോഷം.. പുഴയില്‍ മീനും കുഞ്ഞുങ്ങളും വരുന്നത് കാണുമ്പോള്‍ നോക്കി ഇരിക്കാറുണ്ട്..,,ഇനി ഇതൊക്കെ അന്യമാകുമോ.. ?
” എവിടെയാ അമ്മ പോകുന്നത്.. ” കുഞ്ഞാനീയുടെ ശബ്ദത്തില്‍ ആകാംക്ഷ നിറഞ്ഞു..
” ആ..ദൂരെയെവിടെയോ ആണ്… ” അലസതയോടെ പറഞ്ഞു കൊണ്ട് രേച്ചു മുഖത്ത് സോപ്പുപത മുറുക്കെ തേച്ചു..പിന്നീട് കപ്പെടുത്ത് തപ്പിത്തപ്പി വെള്ളം കോരി ശ്രദ്ധയോടെ മുഖം കഴുകി..
കുഞ്ഞാനിയുടെ മനസ്സില്‍ ഇരുട്ടു പടര്‍ന്നു….അനാഥത്വത്തില്‍ നിന്നും വീണ്ടും അനാഥത്വത്തിലേക്കാണോ പോകുന്നത്.. തന്നെ കാണുമ്പോള്‍ അമ്മയുടെ മുഖഭാവം എന്താണ് അവള് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു..ഒരിക്കലും വാത്സല്യം തോന്നീട്ടില്ല.. രേച്ചുവിന്റെയൊക്കെ അമ്മ എത്ര സ്നേഹത്തോടെയാ ചോറ് വാരികൊടുക്കുന്നതൊക്കെ..
രേഷ്മ കുളിച്ചു കഴിഞ്ഞപ്പോഴേക്ക് കുഞ്ഞാനിയും തുണിയെല്ലാം മടക്കിയെടുത്ത് വീട്ടിലേക്ക് നടന്നു..
” നിന്റെ അമ്മയുടെ കല്യാണം എന്നെ വിളിക്കില്ലേടീ.. ” രേച്ചൂവിന്റെ ചോദ്യം കേട്ട് കുഞ്ഞാനീ താഴേക്ക് നോക്കി നടന്നു..
” ഓ..പത്രാസുകാരി. ” രേച്ചു ചുണ്ടു കോണിച്ചു കാട്ടി അവളുടെ വീട്ടിലേക്ക് ഓടി..
അമ്മയോടൊപ്പം പോകണോ പോകണ്ടെയോ എന്ന ആശയക്കുഴപ്പം കുഞ്ഞാനിയില് ഉണ്ടായി..
ഇതുവരെ സ്നേഹം കാണിക്കാത്ത അമ്മ ഇനി സ്നേഹിക്കുമോ…. അമ്മായിയുടെ കൂടെ നില്ക്കാന് പറ്റുമൊ..
വല്യമ്മച്ചി ഒന്നും പറഞ്ഞില്ലല്ലോ…
വീട്ടിലേക്ക് അടുക്കുമ്പോഴേ കണ്ടു ധൃതിയില്‍ പുറത്തേക്ക് പോകുന്ന അമ്മയെ..
അവള് മടക്കി കൊണ്ടുവന്ന തുണി ഹാളിലെ ടേബിളിന് മുകളില്‍ വെച്ചു വല്യമ്മച്ചിയുടെ അടുത്തേക്ക് ചെന്നു..
വല്യമ്മച്ചി എവിടേയോ പോകാന്‍ ഒരുങ്ങുന്നു..
” വല്യമ്മച്ചി എങ്ങോട്ടു പോവാ.. ”
” വല്യമ്മച്ചി ഇപ്പോ വരാട്ടോ.. മോള് ഇവിടെ ഇരിക്ക് ” കവിളില്‍ ചെറുതായി തട്ടി വല്യമ്മച്ചി പുറത്തേക്ക് പോയി..
വീട്ടില്‍ ആരൊക്കെയോ വരുന്നും പോകുന്നും ഉണ്ട്..കുഞ്ഞാനി അകത്തേ മുറിയില്‍ കയറി കട്ടിലില്‍ കിടന്നു..
” ഞാന്‍ ദൈവത്തെ വിളിച്ചതു കൊണ്ട് ഒത്തുവന്ന ആലോചന ആണെന്നേ
അവള് തനിമൂശാട്ടയാ.. ഞങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നതൊന്നും കണ്ടുകൂടാ.. പത്തു പവനാ ചോദിച്ചത്.. പോട്ടെ. വസ്തു എഴുതി വാങ്ങിച്ചിട്ടാ കൊടുക്കുന്നത്.. ഇനി പെണ്ണിനെ നോക്കേണ്ടേ. നാളെ കാലത്ത് അതിനെയും കെട്ടിച്ചിറക്കേണ്ടേ .. ”
അമ്മായിയുടെ ശബ്ദത്തില്‍ സന്തോഷം നിറഞ്ഞിരുന്നു ..
” അപ്പോള്‍ കൊച്ചിനെ കൊണ്ടു പോന്നില്ലേ. ” ആരുടെയോ ചോദ്യം..
”എവിടുന്നു .. അവള് അല്ലെങ്കില്‍ എന്നാ ആ കൊച്ചിനോട് സ്നേഹം കാട്ടണത്.. അവളുടെ തോന്നിവാസത്തിന് ഏതോ ഒരുത്തനെ പിടിച്ചെടുത്ത് കാര്യം കഴിഞ്ഞപ്പോള്‍ അവന് അവന്റെ പാട് നോക്കി പോയി..അതിനും കുറ്റം ആ കൊച്ചിനാ…
അല്ലെങ്കിലും സ്വന്തം അച്ഛന്മാരെ വിശ്വസിക്കാന്‍ വയ്യാത്ത ഈ കാലത്ത് രണ്ടാനച്ഛന്മാരെ എങ്ങനെ വിശ്വസിക്കും.. ചേട്ടന് പറഞ്ഞു അവളെ കൊണ്ടു പോകേണ്ടെന്ന്.. നമുക്കും ഒരു സഹായമാണെല്ലോ.. ”
അമ്മായിയുടെ വാക്കുകള്‍ തനിക്ക് ചുറ്റും അലയടിക്കുന്നതു പോലെ കുഞ്ഞാനിക്ക് തോന്നി..
അവിടെ നിന്നും പോകേണ്ടെന്നു ഓര്‍ത്തപ്പോ ഒരേസമയം ആശ്വാസവും സങ്കടവും തോന്നി..
അമ്മയുടെ ചിരിക്കുന്ന മുഖം ഓര്‍ക്കവേ കുഞ്ഞാനിയുടെ മുഖവും തെളിഞ്ഞു..
സന്ധ്യ കഴിഞ്ഞിട്ടും അമ്മയെയും വല്യമ്മയെയും കാണാതെ ആയപ്പോള്‍ കുഞ്ഞാനീക്ക് ആധിയേറി… അമ്മായിയോട് തിരക്കിയാല്‍ വഴക്കുപറയുമോ എന്ന ഭയത്താല്‍ ഇരുട്ടില്‍ ഇരുന്നു..
ഇരുളു കനക്കും തോറും ചീവിടുകളുടെ ശബ്ദമേറി വന്നു..ഓരോ വണ്ടിയുടെ ശബ്ദവും പ്രതീക്ഷ നല്കി കടന്നു പോയി..
” കുഞ്ഞാനീ ഉറങ്ങിയോ.. ” തലയില്‍ ആരോ തലോടി.. അമ്മയുടെ ശബ്ദമല്ലേയത്..
അത്ഭുതത്തോടെ അവള് കണ്ണു തുറന്നു.. ഹാളിലെ ചെറിയ പ്രകാശം അരിച്ചിറങ്ങുന്നത് ഒഴിച്ചാല്‍ ഇരുട്ടു നിറഞ്ഞു നിന്നു..അതിനാല്‍ അമ്മയുടെ മുഖം കാണാന്‍ കഴിഞ്ഞില്ല..
” കുഞ്ഞാനിക്ക് അമ്മയോട് ദേഷ്യമാണോ.. ” ആ സ്വരം ചിലമ്പിച്ചിരുന്നോ.
” ഇല്ലല്ലോ.. ” പലപ്പോഴും ദേഷ്യം തോന്നിയ നിമിഷങ്ങളെ മനപൂര്‍വ്വം വിസ്മരിച്ചു കൊണ്ട് അവള് ശബ്ദിച്ചു..
”അമ്മയുടെ തെറ്റാണ് മോളേ അകറ്റി നിര്‍ത്തിയത്.. എല്ലായിടത്തും നിന്നും കുറ്റപെടുത്തല്‍.. പരിഹാസം..അപ്പോഴൊക്കെ നിന്റെ അച്ഛനോട് ദേഷ്യം തോന്നി.. അതൊക്കെ നിന്നില്‍ തീര്‍ത്തു… അമ്മയുടെ തെറ്റാണ് എല്ലാം..അമ്മയ്ക്ക് അറിയാം..
ഇപ്പോള്‍ മനസ്സൊന്നു ശാന്തമായപ്പോള്‍ അമ്മ ആലോചിച്ചു.. നിന്റെ ഭാഗത്തു നിന്നും ഒരിക്കലും അമ്മ ചിന്തിച്ചില്ല..നിനക്ക് അമ്മ അല്ലാതേ ആരാ ഉള്ളത്…
അമ്മയോടൊപ്പം ഇനി എന്നും മോളും ഉണ്ടാകണം.. അമ്മ മോളേ കൊണ്ടു പോകുകയാണ് കേട്ടോ.. ” ചേര്‍ത്തു പിടിച്ചു നെറ്റിയില്‍ ഉമ്മ തരുമ്പോള്‍ അമ്മയുടെ കണ്ണീര് കവിളിലൂടെ ഒഴുകി..
കണ്മുന്നില് നടക്കുന്നതൊന്നും വിശ്വസിക്കാന്‍ കഴിയാതെ കുഞ്ഞാനീ കൈയ്യില്‍ ചെറുതായി നുള്ളി നോക്കി..
സ്വപ്നത്തില്‍ നിന്നും ജീവിതത്തിലേക്കുള്ള ദൂരത്തിന് ഇത്രയും സന്തോഷം ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ആ കണ്ണുകളും നിറഞ്ഞു.. സന്തോഷത്താല്‍…