നിന്നെക്കുറിച്ചുഞാൻ പാടിയതൊക്കെയു-
മെന്നിലെ പ്രേമാർദ്ര ഭാവമല്ലോ!
പൊന്നേ,യതോർക്കാൻ നിനക്കായിടില്ലെങ്കിൽ
പിന്നെയെന്തർത്ഥമീ,വാഴ്‌വിനുള്ളൂ!
ഓരോ നിമിഷവും പിന്നിടുമ്പോൾ സ്വയം
നേരിനുനേരേ തിരിഞ്ഞിടാതെ,
പാരിന്നനന്തമാം സർഗസമസ്യകൾ
പാരമറിയാൻ മുതിരുകാർദ്രം
എത്ര മറക്കാൻ ശ്രമിക്കിലുമെന്നിൽ നിൻ
ചിത്രമൊന്നല്ലീ തെളിഞ്ഞുനിൽപ്പൂ!
അത്രയ്ക്കു നിന്നിലലിഞ്ഞുപോയന്നുഞാ-
നത്രയതിപ്പൊഴു,മങ്ങനെതാൻ
എല്ലാം ക്ഷണികമാണെങ്കിലും ഞാനിന്നു
വല്ലാത്ത വേദനയോടെ ചൊൽവൂ
കല്ലാക്കി മാറ്റുവാനായെങ്കിലേമന-
മുല്ലാസപൂർണമായ് മാറിടുള്ളു!
കേവല ചിന്തകൾ കൊണ്ടറിഞ്ഞീടുവാ-
നാവില്ലൊരിക്കലും ജീവിതത്തെ
ആവണ,മീനമുക്കേതൊരു നേരവും
ഭാവനാലോകത്തിലേക്കുയരാൻ
ഞാനെന്നതത്ത്വത്തെ സാക്ഷിനിറുത്തിഞാൻ
താനേയിരുന്നെത്ര പാട്ടുപാടി!
വാനവും ഭൂമിയും തന്നിലൊതുക്കിവ-
ച്ചൂനംമറന്നെത്ര പാട്ടുപാടി!
നന്മമരമായി നാംവളർന്നീടണം
തിന്മയെപ്പാടേയകറ്റിടേണം
ജന്മ,മമരപഥത്തിലെത്തിക്കുവാ-
നുൺമയെപ്പുൽകിയുണർത്തിടേണം
കൈവിട്ടുപോകാതെ കാത്തുസൂക്ഷിക്കുവിൻ
നൈതികസത്യങ്ങൾ നമ്മൾ നീളേ
ലൗകിക സത്തകൾക്കപ്പുറമുണ്ടൊര-
ലൗകിക സത്തയതുനിനയ്ക്കൂ
എല്ലാമൊരച്ചുതണ്ടിൽ കറങ്ങുമ്പൊഴു-
മില്ലില്ല,തെല്ലുമോർക്കുന്നീലഹോ,
സ്വർലോകനാഥൻ്റെയാ,സൃഷ്ടിവൈഭവം
നിർലോപചിത്തരായ് നമ്മളൊന്നും!
ഇപ്രപഞ്ചത്തിൻ പ്രണയാർദ്രചിന്തകൾ-
ക്കെത്രയുണ്ടാഴ,മവർണനീയം!
ഒക്കെയുംവ്യർത്ഥമായ് തോന്നിടാമെങ്കിലു-
മുൾക്കമലം ചൊരിയുന്നമൃതം!

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *