രചന : എസ്.എൻ.പുരം സുനിൽ ✍
തേയത്തുകാരി വയലുകൾ കാത്തതും
കാലിക്കു കൂട്ടായി കാലിച്ചാൻ നിന്നതും
മുച്ചിലോട്ടമ്മയും കതിവന്നൂർ വീരനും
പച്ചപ്പു തീർത്തു പെരുമ പകർന്നതും
മാമല കത്തിച്ചുണർത്തും പുനംകൃഷി
കണ്ടനാർകേളൻ ലഹരിയായി കണ്ടതും
“പൂതിയോതി” യെന്നവൾ പുതിയ ഭഗവതി
പാടാർക്കുളങ്ങര വീരനെ തീർത്തതും
ഗ്രാമ്യ വഴികളിലാൽമരച്ചോലയിൽ
പച്ചോലപ്പന്തലിൽ ചൂട്ടുവെളിച്ചത്തിൽ
മെച്ചത്തിലാടുന്ന മണ്ണിന്റെ മക്കൾ തൻ
കച്ചയുലയുന്നിതൊട്ടും വയറിനാൽ .
ആൾദൈവ കോലങ്ങളാറാട്ടുതിണ്ണയിൽ
ആടിത്തിമിർക്കും കുലത്തിന്റെ ദൈന്യത
ആരറിഞ്ഞീടുവാൻ ആട്ടമൊഴിയവേ
ആറടിയകലം നിഷ്ക്കർഷമല്ലയോ…?!
മലയനും പുലയനും വേലനും വണ്ണാനും
മാവിലാൻ, ചിങ്കത്താൻ, കോപ്പാളക്കൂട്ടവും
മുന്നൂറ്റാൻമക്കളും അഞ്ഞൂറ്റാൻപക്ഷവും
മണ്ണിൽ പകരുമീ ഭക്തിക്കലകളിൽ
കനലാട്ടദൈവങ്ങളേറുന്ന പാദത്തിൻ
തനിയോട്ട വീഥിയിലേറുന്ന മുള്ളുകൾ
ഇരയിലേക്കെത്തും പറശ്ശിനിയമ്പു പോൽ
കണിശമങ്ങാഴുന്ന ജീവിതക്കാഴ്ചയിൽ
ചാവുകളൊക്കെയും ദൈവഭാവങ്ങളായി
ചേലിട്ടുണരുന്ന കാവ്യായനങ്ങളിൽ
ചാവാതെ ചാവിൻ കഥയാട്ടമാടുവോർ
ചാവും വരേയ്ക്കും സമത്വമറിയുമോ …?!