അർദ്ധരാത്രിയിൽ ഒരു
ഫോൺകോൾ വരുന്നു.
മറുവശത്തുനിന്ന് ആരോ
താഴ്ന്ന ശബ്ദത്തിൽ ചൊല്ലുന്നു;
“സുഹൃത്തേ, അയാൾ മരണപ്പെട്ടിരിക്കുന്നു!”
നെഞ്ചിൽ നിന്നുമൊരു
ദീർഘശ്വാസമുണരുന്നു.
ജനൽത്തിരശ്ശീലകളെ,
ജനൽച്ചില്ലുകളെ നീളത്തിൽ
കീറിമുറിച്ച് പുറത്തെയിരുളിലേക്ക്
പറക്കുന്നു.
ദൂരങ്ങൾ പിന്നിട്ട് അയാളുടെ
വീട്ടിലെത്തുന്നു.
നെഞ്ചിലൊരു റീത്ത് സമർപ്പിക്കുന്നു.
പിറകിലേക്കൊന്ന് ചുവടുവച്ച്
മെല്ലെ മന്ത്രിക്കുന്നു.
“നിങ്ങളുടെ തെറ്റുകളൊന്നും തന്നെ
ഞാൻ പൊറുത്തിട്ടില്ല.
ഇപ്പോഴും പഴയ അതേയളവിൽത്തന്നെ
നിങ്ങളെ ഞാൻ വെറുക്കുന്നു.
മരണം ആരെയും വിശുദ്ധരാക്കുന്നില്ല…”
ശേഷം തിരികെപ്പറക്കുന്നു.
ദൂരങ്ങൾ പിന്നിട്ട്,
ജനൽച്ചില്ലുകളുടെ,
ജനൽത്തിരശ്ശീലയുടെ
നീളൻമുറിപ്പാടുകൾക്കിടയിലൂടെ
മുറിയിലെത്തുന്നു.
ഇനിയുമൊരു ഫോൺകോൾ പ്രതീക്ഷിച്ച്
മിടിപ്പുകളോടൊന്നിച്ച് അസ്വസ്ഥതയുടെ
കമ്പിളിത്തിരകളിൽ അടയിരിക്കുന്നു.

സെഹ്‌റാൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *