രചന : ജയനൻ ✍
(2000-ൽ പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ച – ‘സർപ്പ സീൽക്കാരത്തിന്റെ പൊരുൾ ‘ – എന്ന കാവ്യസമാഹാരത്തിൽ ഉൾപ്പെട്ട കവിത. 1995-ൽ കേരള സാഹിത്യ അക്കാദമി പാലയിൽ സംഘടിപ്പിച്ച യുവകവികൾക്കായുള്ള ശില്പശാലയിൽ പങ്കെടുത്ത അനുഭവപശ്ചാത്തലത്തിൽ എഴുതിയ കവിത )
രാത്രിമഴയുടെ താളം
അവർക്കന്യമായിരുന്നു…
കിതയ്ക്കുന്നനെഞ്ചിന്റെ –
യൊടുക്കത്തെക്കിതപ്പിന്റെ –
യൊടുങ്ങാത്തനോവിന്റെ
തുറിക്കുന്നനേരാണെന്റെ കവിത…
വെളിപ്പെടുത്താത്ത
പ്രണയത്തിന്റെ
വ്രണിതലഹരിയിൽ
* കാമ്പസ്കവികൾ
സിൽക്കുസ്മിതയുടെ
ചുമർചിത്രങ്ങളിൽ
കുരിശുവരച്ചു….
മുഷ്ടിമൈഥുനത്തിന്റെ
മുറതെറ്റാജപമായിരുന്നു അവൾ…
അമ്മ
അറം വന്നൊരു കാല്പനികാനുഭൂതിയുടെ
അശിഷ്ടം-
കണ്ണുഴിഞ്ഞുതാണ കവികൾ മൊഴിഞ്ഞു.
സ്ത്രീയുടെ
അസ്തിത്വദു:ഖങ്ങളിലാഴമേറിയ
ആദ്യദു:ഖം?-
മുറതെറ്റാത്തമാസമിരുപ്പ് –
ഗവേഷണ വിദ്യാർത്ഥിയായ കവിയുടെ കണ്ടെത്തൽ
ഗൃഹാതുരമായൊരുകവിമൊഴി:
ആണിപ്പഴുതുള്ള
ഹൃദയത്തിൽ
അമ്മ
വേരറ്റ കാലം….
ഗ്രാമത്തിൽ നിന്നെത്തിയകവി
*പീപ്പിൾസ് വാർ ഗ്രൂപ്പിനു നൽകിയ
സ്നേഹ സന്ദേശം:
ഫ്യൂഡലിസത്തിന്റെ
അവശിഷ്ടമഹിമക്ക് മേൽ
ആണിതറച്ചാദിത്യ രോഷം തുപ്പുക…
ലാൽ സലാം…സഖാക്കളെ….
അഗ്നിശരങ്ങളെയ്ത്
ആതിരതെളിക്കുക…
നമ്പ്യാർകളരിയിൽ നിന്നെത്തിയ
വിദൂഷക കവി
ദാരിദ്ര്യത്തിന്
നവീനമായൊരു
സാഹിത്യഭാഷ്യംചമച്ചു:
നമ്പൂരിദാരിദ്ര്യം
ദളിത് ദാരിദ്ര്യം
പുലയ ദാരിദ്ര്യം
പറയദാരിദ്ര്യം
കരളലിവിന് വലിയ ദാരിദ്ര്യം…
നാഗരികമായ
കാല്പനിക ഭാവുകത്വത്തിന്റെ
ഊടുവഴികൾ –
** കാലം കീഴ്മേൽമറിഞ്ഞാലും
പമ്പ പമ്പയായൊഴുകും –
പമ്പയായൊഴുകും –
പമ്പയാറിന്റെപൈതൃകമുള്ളൊരു
കവിമൊഴി
ക്ലോറിൻ രുചിയുള്ള
നഗരജലത്തിന്റെ ഗർവ്വ്…
*** വെള്ളായണിക്കായലിനെ
കാല്പനികഭാവനയിലൂയലാട്ടിയ
ജേണലിസ്റ്റ് കവിമൊഴി:
മൺകൂനകൾ
കടവിലേയ്ക്കിറങ്ങുമ്പോൾ
സമ്പന്നമാകും മാളോരെ
നാടും നമ്മുടെ നഗരവും
വെന്ത മനസ്സിനു ശ്രാദ്ധമൂട്ടാൻ
വെള്ളമെന്തിന് സഖീ….
*
- ശില്പശാലയിൽ പങ്കെടുത്ത ചിലകാമ്പസ് കവികൾ സിൽക്കു സ്മിതയുടെ ദാരുണ മരണത്തിന്റെ പാപഭാരം ചുമലിലേറ്റി .
- ** ആകാശവാണി – പ്രഭാതഭേരിയിൽ പമ്പ മലിനമായൊഴുകുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനു കവി പ്രഭാവർമ്മ നൽകിയ മറുപടി
*** 1990-കളിൽ ശുദ്ധജലതടാകമായ വെള്ളായണിക്കായൽ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ പ്രമാണിമാരുടെയും ഒത്താശയോടെ റിയൽ എസ്റ്റേറ്റ് മാഫിയ വ്യാപകമായ് മണ്ണിട്ടു നികത്തൽ തുടങ്ങി.കേരളകൗമുദി ജേണലിസ്റ്റും കവിയുമായ മഞ്ചു വെള്ളായണിയെ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നതിന് പ്രസ്തുത വിഷയവുമായ് ബന്ധപ്പെട്ട ഒരു വാർത്തയുമായ് വീട്ടിൽ നേരിൽ കണ്ടപ്പോഴുണ്ടായ അനുഭവം. വാർത്ത പത്രത്തിൽ നൽകിയതുമില്ല; വാർത്ത ബന്ധുവായ റിയൽ എസ്റ്റേറ്റ് ദല്ലാളിനു ചോർത്തി നൽകുകയുമാണുണ്ടായത്…