രചന : കെ.ആർ.സുരേന്ദ്രൻ✍
കൊയ്ത്ത് കഴിഞ്ഞ
ഗോതമ്പുപാടങ്ങളുടെ
അപാരത.
നിലാവിന്റെ കംബളം
അപാരതയെ
പുതപ്പിക്കുന്നു.
പാടത്തിന്റെ അപാരതയെ
പകുത്ത്
നിലാക്കംബളം
വകഞ്ഞുമാറ്റി
ചുവന്ന കണ്ണുകൾ
തെളിച്ച്,
ഒരു തീവണ്ടി
രാവിന്റെ
നിശ്ശബ്ദസംഗീതത്തെ
മുറിപ്പെടുത്തി
ചൂളം കുത്തിപ്പായുന്നു. കമ്പാർട്ട്മെൻ്റ്
ജനാലയിലൂടെ ഒരാൾ
കമ്പിളിപ്പുതപ്പിനുള്ളിൽ
ശൈത്യമകറ്റി
ഉറങ്ങാതെ
പുറത്ത്
നോക്കിയിരിക്കുന്നു.
ദൂരെ, ഏറെ ദൂരെ
മലനിരകൾ
ഇരുട്ടിൽ
മാനത്തിന്
മുത്തം നൽകുന്നു.
മലനിരകൾ
അവിടവിടെ
വെളിച്ചത്തിന്റെ
ചതുരങ്ങളും,
വൃത്തങ്ങളും,
പൊട്ടുകളും ചാർത്തി
അഹങ്കരിക്കുന്നു.
എല്ലാം
കാണാതെ കണ്ട്
അയാൾ
പ്രണയിനിയുടെ
ഓർമ്മയിൽ മുങ്ങുന്നു.
ജീവിതത്തിന്റെ
നാൽക്കവലയിലൊരിടത്ത്
യാത്ര പറഞ്ഞ്
പോയവൾ.
അവളോടൊത്തുള്ള
നിമിഷങ്ങളിൽ മുങ്ങി
അയാളുടെ ദീർഘനിശ്വാസങ്ങൾ.
ആദ്യമായി
കണ്മുന്നിലണഞ്ഞ
നിമിഷങ്ങൾ തൊട്ട്
പല പടികൾ
കയറിയിറങ്ങിയ
അവരുടെ
പ്രണയനാളുകൾ
അയാളെ
തരളിതനാക്കുന്നുണ്ട്.
മുഗ്ദ്ധനാക്കുന്നുണ്ട്.
ഓർമ്മകളിൽ
വേദന പടരുന്നുണ്ട്.
തീവണ്ടിയുടെ
ഇടവേളകളിലെ
ചൂളം വിളികൾ
ഒരു മയക്കത്തിൽ
നിന്നെന്ന പോലെ
ഓർമ്മളിൽ നിന്നയാളെ
ഞെട്ടിയുണർത്തി
ദൂരെ ദൂരെയുള്ള
മലനിരകളിലെ
വെളിച്ചത്തിന്റെ
ചതുരങ്ങളിലേക്കും,
വൃത്തങ്ങളിലേക്കും,
പൊട്ടുകളിലേക്കും
കണ്ണുകളെ
നീട്ടിക്കൊണ്ട്
പോകുന്നുണ്ട്.
തിരികെ വീണ്ടും
വിരഹത്തിന്റെ
ആഴങ്ങളിലേക്ക്
നയിക്കുന്നു.
നട്ടുച്ചയുടെ
മറ്റൊരു ദേശത്ത്
സൂര്യകാന്തിപ്പാടങ്ങളുടെ
അപാരതയിലൂടെ
ചൂളം വിളിച്ചോടുന്ന
ഒരു തീവണ്ടിയുടെ
കമ്പാർട്ട്മെന്റിന്റെ
ജനാലയിലൂടെ
അവൾ സൂര്യചുംബനങ്ങളേറ്റ്
വാങ്ങി
സൂര്യനെ കാമിക്കുന്ന
സൂര്യകാന്തിപ്പൂക്കളിലേക്ക്
കണ്ണുകളെറിയുന്നു.
സൂര്യകാന്തിപ്പാടങ്ങൾക്കിടയിൽ
അവിടവിടെയായി
പീലി വിടർത്തിയാടുന്ന
മയിലുകളെ
അവൾ കാണാതെ
കാണുന്നുണ്ട്.
അപ്പോഴും
അവളുടെയോർമ്മകളിൽ
ജീവിതത്തിന്റെ
നാൽക്കവലയിലൊരിടത്ത്
വഴി പിരിഞ്ഞുപോയ
അവളുടെ
കാമുകന്റെ മുഖം
തെളിയുന്നു.
പൊയ്പ്പോയൊരു
വസന്തം ചുരുൾ
നിവരുന്നു.
നിശ്വാസങ്ങളുതിരുന്നു.
അയാളിന്നെവിടെയാവുമെന്നോർക്കുന്നു.
അങ്ങ് ദൂരെ
സൂര്യകാന്തിപ്പാടങ്ങൾക്കപ്പുറം
ഒരു മലയടിവാരത്തിലൂടെ
സമാന്തരമായി
പായുന്ന
തീവണ്ടിയുടെ
ചൂളം വിളി
അവളുടെ ഓർമ്മകളുടെ
ചങ്ങലക്കണ്ണികളെ
മുറിക്കുന്നു.
സമാന്തരതയിലൂടെ
പായുന്ന
തീവണ്ടിയിൽ
അയാളുണ്ടാവുമോയെന്നോർത്തവൾ
നിശ്വാസങ്ങളിൽ
മുങ്ങിനിവരുന്നു.
ആശിക്കുന്നു.
അല്ലെങ്കിലും
തങ്ങളിപ്പോൾ
സമാന്തരങ്ങളിലൂടെ
സഞ്ചരിക്കുന്ന
യാത്രക്കാർ
തന്നെയാണല്ലൊ
എന്നോർത്തവൾ
അറിയാതെ
ചിരിച്ചുപോകുന്നു…..