രചന : ഗഫൂർകൊടിഞ്ഞി✍
വഴിവക്കിൽ ബീരാന്റെ
മീൻ വണ്ടി കുരവയിട്ടു.
മണിയൻ പൂച്ചയോടൊപ്പം
മൈമൂനയും മണ്ടിക്കിതച്ച്
ചട്ടിയും കൊണ്ട് റോട്ടിലേക്ക് കുതിച്ചു.
മത്തിയും മാന്തളും അയലയും,
കാലത്തെ കന്നിവെയിലത്ത്
മൈമൂനയെ നോക്കിച്ചിരിച്ചു.
സീല് ചെയ്യാത്ത പഴന്തുലാസിലേക്ക്
ചെകിള ചോന്ത മീൻ വാരിയിടുമ്പോൾ
ബീരാൻ പഴയ പറ്റുപടി ഏറ്റുപറഞ്ഞ്
മൈമൂനക്ക് നേരെ കണ്ണിറുക്കി.
കടക്കണക്ക് തീർക്കാൻ
മൈമൂനയുടെ മെലിഞ്ഞ വിരലുകൾ
മത്തിച്ചെതുമ്പൽ പരന്ന
ബീരന്റെ കൈത്തണ്ടയിൽ
ഒരു പ്രണയ ചിത്രം കോറിക്കൊടുത്തു.
അവളെറിഞ്ഞ കടക്കണ്ണിൽ
ബീരാൻ കടവും കടപ്പത്രവും മറന്നു.
രോമാഞ്ചം തലക്ക് പിടിച്ചപ്പോൾ
മത്തി രണ്ടെണ്ണം ബോണസായി
ചട്ടിയിൽ ചിരിച്ച് ചെന്ന് വീണു.
ബീരാൻമൈമൂനമാർ
ഞൊടിയിട ലൈലാമജനുവായി
മുഹബ്ബത്തിന്റെ മുന്തിരിത്തോപ്പിൽ
മിണ്ടിയും പറഞ്ഞും അലഞ്ഞുതിരിഞ്ഞു
പരിസരം മറന്ന്
പ്രണയം പൊടി പാറി
പ്രേമപ്പൂഞ്ചോലയിൽ
നീരാടിക്കയറുന്നതിനിടക്ക്
പള്ള നിറഞ്ഞ മണിയൻ പൂച്ച
പ്രണയികൾക്ക് നന്ദി പറഞ്ഞ്
തന്റെ പാട് നോക്കിപ്പിരിഞ്ഞു പോയി.
ബീരാന്റെ മീൻ കുട്ട കാലിയായി.