രചന : എം പി ശ്രീകുമാർ✍
അർത്തുങ്കൽ പള്ളിയിൽ
പെരുന്നാളു കൂടുവാൻ
അന്നു മകരത്തിൽ
പോയപ്പോൾ
അമ്പേറ്റു നില്ക്കുന്ന
പുണ്യാളൻ തന്നുടെ
അൻപാർന്ന തിരുമുമ്പിൽ
മുട്ടുകുത്തി
വേദന കൊള്ളുന്ന
കൺകളിൽ നല്ലൊരു
വേദപ്പൊരുളന്നു
കണ്ടുവല്ലൊ
ആരാധനകളിൽ
അലകളായിളകുന്ന
ആയിരങ്ങളി-
ലൊരുവനായി
വിണ്ണിലേക്കുയരുന്നു
പള്ളിയും വിശുദ്ധനാം
സെബാസ്ത്യാനോസിന്റെ
നാമങ്ങളും
കുരിശടി കടക്കെ
അലകടലാകെ
അലയടിക്കുന്നു
തിരുനാമം !
അർത്തുങ്കൽ പള്ളിയിൽ
പെരുന്നാളു കൂടുവാൻ
അന്നു മകരത്തിൽ
പോയപ്പോൾ
അമ്പേറ്റുനില്ക്കുന്ന
പുണ്യാളൻ തന്നുടെ
അൻപാർന്ന തിരുമുമ്പിൽ
മുട്ടുകുത്തി .