രചന : രാജു വിജയൻ ✍
അങ്ങേ വീട്ടിൽ കറണ്ടുണ്ടോ…മോളു…?
ഇങ്ങേ വീട്ടിൽ കറണ്ടുണ്ടോ….?
തെക്കേതിലും, വടെക്കേതിലും
കറണ്ടുണ്ടോന്ന് നോക്കെടി നീ…..!
അങ്ങേ വീട് വാർത്തപ്പോൾ
ഇങ്ങേ വീടും വാർത്തപ്പോൾ
ഓടിട്ട നമ്മുടെ കൊച്ചു വീട്
തട്ടി നിരത്തി പണിതവർ നാം….!
തെക്കേ വീട്ടിൽ ഫ്രിഡ്ജായി
ടിവീo, ചെറു കാറും വന്നപ്പോൾ
വടക്കേ വീട്ടുകാരതുപോലെ
അത്യാധുനീകതയാർന്നപ്പോൾ
വിട്ടുകൊടുക്കാതെ നമ്മളൊക്കെ
നമ്മുടെ വീട്ടിലും ചെയ്തപ്പോൾ,
എന്തു സുഖമാണയ്യയ്യ…….
തെല്ലും കുശുമ്പല്ല കേട്ടോടീ
വാശിപ്പുറത്തു നാമവരെപ്പോൽ
അവരായ് തീർന്നു ഞെളിഞ്ഞില്ലേ…!
ഒക്കെപ്പോട്ടെടി കുഞ്ഞോളെ, അവർ
ഒക്കത്തിരുത്തി കളിപ്പിക്കാൻ
ജർമ്മൻ ഡോഗിനെ വാങ്ങ്യപ്പോൾ
നമ്മളും വാങ്ങ്യടി… രണ്ടെണ്ണം….!
അപ്പൻ കള്ള് കുടിക്കുമ്പോൾ
നമ്മൾ പറഞ്ഞില്ലേ.. “മരനീര് “
അപ്പുറത്താൾക്കാർ കുടിക്കണത്
ഒക്കെയും ഗൾഫിൻ “പനിനീര് “..!
നിങ്ങളെപ്പോലും ഞാനൂട്ടിയിലെ
“ലവ് ഡയിൽ “സ്കൂളിൽ ചേർത്തില്ലേ
എന്നിട്ടുമെന്തെടി കുഞ്ഞോളെ
എന്താണീതെന്തൊരു ഗതികേട്….!
“അങ്ങേ വീട്ടിൽ കറന്റില്ലാ…. മമ്മി..
ഇങ്ങേ വീട്ടിൽ കറന്റില്ലാ….
തെക്കേ വീട്ടിലും, താഴത്തെ വീട്ടിലും
ചുറ്റുമുള്ളോർക്കും കറന്റില്ലാ…..”
ആശ്വാസമായെടി കുഞ്ഞോളെ..
സോളാറു വക്കണം നാളേക്ക്
അങ്ങനെ നമ്മൾ ചെറുതാവാൻ
വിട്ടു കൊടുക്കൂല്ല… കട്ടായം…..!
നാട് മുഴുക്കെ ചിരിച്ചാലും
കോണമുടുത്ത് നടന്നാലും
നാലാൾ പൊക്കത്തിൽ നിൽക്കണം നാം
നമ്മെക്കണ്ടു കൊതിക്കട്ടെ… അവർ
നമ്മെക്കണ്ടു കൊതിക്കട്ടെ……!!