രചന : ദിവാകരൻ പികെ ✍
നിറങ്ങളാൽ പൊതിഞ്ഞ
ലോകത്ത്
നിറമില്ലാത്തവർ
ആധാർ കാർഡിലും
നിറം മങ്ങിയവർ വിരൂപർ
നാലണയ്ക്ക് ഗതി യില്ലാത്തവർ.
ചുവപ്പ് മഞ്ഞ പച്ച കാവി
ഇടകലർന്ന നിറങ്ങളും
ചിലപ്പോൾ
ചുവപ്പ് പച്ചയിലേക്കും
പച്ച മഞ്ഞയിലേക്കും ഇടകലർന്നും
വർണ്ണങ്ങൾ തീർക്കും
മായാ ലോകം.
രൂപങ്ങളിൽ വേഷങ്ങളിൽ
ഭക്ഷണത്തിലും സംസാരത്തിൽ പ്പോലും
വൈവിധ്യം തീർക്കുംവർണ്ണ വിസ്മയം
കൈകോർത്തും കൊമ്പ് കോർത്തും
വാതോരാതെ വാഗ്ധോരണി
മുഴക്കുന്നലോകം.
ഉള്ളു പൊള്ളയായ
പുറമെ വർണ്ണങ്ങളാൽ തീർത്ത
പൊയ് മുഖങ്ങളെപ്പോൽ
നിശബ്ദരായവർ പാവങ്ങൾ ചൊല്ലി
പഠിച്ച പാഠങ്ങൾ മന്ത്രമായ് ഉരുവിടുന്നവർ
കണ്ണുകൾ തള്ളി
പടുത്തുയർത്തിയ സ്വപ്നങ്ങൾതകർന്ന്
നിറം മാറും
നിമിഷങ്ങളിൽ ചുറ്റും
കടക്കെണികൾ തീർക്കും
വിരിച്ചുവെച്ച എട്ടു കാലി
വലകളിൽ കുടുങ്ങിപ്പിടയുമ്പോൾ
പ്രലോഭനം പ്രതീക്ഷ യായിനെഞ്ചേറ്റുന്നു.