രചന : മാധവ് കെ വാസുദേവ് ✍
ഇന്നലെയൊരുപാടു വൈകിയാണ് കിടന്നത്. ഉറക്കം പതുക്കെ തലോടിത്തുടങ്ങവേ, ജനാലവിടവിലൂടെ പുലരിവിളിച്ചുണര്‍ത്തി. പകല്‍ പതിവുപോലെ ഉണരുന്നൊരു ഗ്രാമം. പാല്‍ക്കാരനും പത്രക്കാരനും പതിവു കാഴ്ചകള്‍…. അമ്പലത്തില്‍ നിന്നും തൊഴുതു മടങ്ങുന്ന ഭക്തര്‍, പള്ളിയില്‍ തങ്ങളുടെ മനോവിഷമം ഇറക്കിവെയ്ക്കാന്‍ തിടുക്കം കൂട്ടിയോടുന്ന വിശ്വാസികള്‍…. സ്കൂള്‍ ചുമടുമായി നടന്നു നീങ്ങുന്ന കുട്ടികള്‍.. ഇങ്ങിനെയുള്ള ഒരു സാധാരണ ഗ്രാമം.
അമ്മയിട്ടുവെച്ചിരുന്ന കട്ടന്‍ കാപ്പിയുമെടുത്തു ഉമ്മറത്തിണ്ണയില്‍ വന്നപ്പോള്‍ ചാരുകസേരയില്‍ ഇരിക്കാൻ തോന്നിയില്ല. എന്തോ നിലത്തിരിക്കാനനൊരു പൂതി മനസ്സില്‍കുടിയേറി.
തിണ്ണയിൽ ചമ്രം പടഞ്ഞിരുന്നു പത്രം നിവര്‍ത്തിനോക്കുമ്പോള്‍ മരണത്തിന്‍റെ പല മുഖങ്ങള്‍ മാത്രം. മനുഷ്യന്‍ പല രൂപഭാവങ്ങളില്‍ ആത്മാവിനെ വിട്ടുകൊടുക്കുന്നു. മരണത്തോടു മനുഷ്യര്‍ക്കു ഇത്ര പ്രണയമോ.
വെറുതെ മുറ്റത്തെയ്ക്കു നോക്കിയപ്പോള്‍ തൊടിയിലെ മൂവാണ്ടന്‍മാവില്‍ കണ്ണുകള്‍ ഉടക്കി നിന്നു. അതിന്‍റെയൊരു കൊമ്പിൽ അണ്ണാറക്കണ്ണന്‍ കലുപില ചിലച്ചുകൊണ്ടു ചാടിയോടുന്നു. മറ്റൊരു കൊമ്പില്‍ ഒരു ബലികാക്ക ഓട്ടക്കണ്ണിട്ടു ചെരിഞ്ഞു നോക്കുന്നു. പൊടുന്നനെ ചാട്ടംപിഴച്ച അണ്ണാന്‍ താഴെവീണുകിടന്നുപിടഞ്ഞു നിശ്ചലമായി. കാറ്റില്‍ ഒരുപഴുത്ത മാവില അതിന്‍റെമേല്‍ പതിച്ചു.
ഓര്‍മ്മകള്‍ കുറെ പിന്നോക്കം പാഞ്ഞു. കാലത്തിന്‍റെ അതിര്‍വരമ്പുകളെ ഭേദിച്ചുകൊണ്ട്. രണ്ടുമൂന്നു തലമുറകളുടെ ജീവിതവും ജീവനവും കണ്ടു നിന്ന മാവ്. അതിന്‍റെ കൈകളില്‍ ചിലതു മുറിച്ചു മാറ്റിരിയിക്കുന്നു. പലതും നിലച്ചു പോയ ജീവിതങ്ങള്‍ക്കു വേണ്ടി സ്വയം വേദനിച്ചു കൊണ്ടു അംഗ ഭംഗം സ്വീകരിച്ചു. വരപ്രസാദത്തിനു തലകള്‍ സ്വയം മുറിച്ചു അഗ്നിയില്‍ അര്‍പ്പിച്ച ദശമുഖനെ പോലെ.
ഇപ്പോളീമാവു പൂക്കാറില്ല. പഴയ കാലത്തെപോലെ മൈനയും തത്തയും കുയിലും അണ്ണനുമൊന്നും വിരുന്നുവരാറില്ല. ആരോ വിലയ്ക്ക് വാങ്ങാന്‍ വന്നപ്പോള്‍ വലിയച്ഛന്‍ തടഞ്ഞു.
“വേണ്ട അതിനാവിശ്യം വരും”.
അതുകേട്ട മുത്തശ്ശിയുടെ ചുണ്ടിലൊരു ചെറു ചിരിവിടര്‍ന്നതും പിന്നെ ആകണ്ണുകള്‍ നിറയുന്നതും ഞാന്‍കണ്ടു. എന്നെ ചേര്‍ത്തിരുത്തി മുത്തശ്ശി പറഞ്ഞു.
”എന്‍റെ കുഞ്ഞിനാളില്‍ ഇതിന്‍റെ ചോട്ടില്‍നിന്നും കണ്ണിമാങ്ങകള്‍, മാമ്പഴങ്ങളെല്ലാം ഒരുപാടു പെറുക്കിയെടുക്കുമായിരുന്നു.
”ദേ ആ മുറിച്ചു മാറ്റിയ കൊമ്പിലാണോണത്തിനു ഊഞ്ഞാല്‍ കെട്ടിയാടിരുന്നത്. അതു പിന്നൊരിക്കല്‍ നിന്‍റെ മുത്തശ്ശനു വേണ്ടി …..’ മുഴിപ്പിക്കാനാവാതെ മുത്തശ്ശി നിര്‍ത്തി. കര്‍ക്കടമാസത്തിലെ കറുത്തപക്ഷത്തിനു അതിനടുത്ത കൊമ്പും മുത്തശ്ശിക്കു വേണ്ടി സതി അനുഷ്ടിച്ചു.
ഒരുപാടുജീവിതങ്ങൾ കണ്ട, ഋതുക്കള്‍ കണ്ട മാവ്. ഇപ്പോഴും ഒരുശിഖരം അണിഞ്ഞൊരുങ്ങിനില്ക്കുന്നു. ഒരുപക്ഷെ അതിന്‍റെ അടുത്ത അവകാശി ഞാനാവാം .