രചന : ചെറിയാൻ ജോസെഫ്✍
ഒരു നറുനിലാവിന്റെ സാന്ദ്രമാം താരാട്ടിലലിഞ്ഞു
ഒറ്റക്കു വിരിഞ്ഞോരു പാതിരാപ്പൂവേ,
മഞ്ഞലത്തുളുമ്പുന്ന രാപ്പാടി കേഴുന്ന
ഉറയുന്ന യാമങ്ങളിൽ പുഞ്ചിരിച്ചോരുപ്പൂവേ
നിനക്കായ് മാത്രം കരുതുന്നു
എന്റെ ഞരമ്പുകളിൽ തുടിക്കുന്ന ചോരയും
ഹൃദയത്തിൽപ്പിടക്കുന്ന ശ്വാസത്താളങ്ങളും
ഞണുങ്ങിയ പിച്ചപ്പാത്രവുമായി
പകലായപകലൊക്കെ നീയലഞ്ഞപ്പോൾ
എന്റെ കരൾയുരുകിയൊലിച്ച വെയിലിന്റെ
കൊഴിഞ്ഞ ദലങ്ങൾ കുമിഞ്ഞുക്കൂടിയ ചക്രവാകത്തിൽ
നിന്നെ കുറിച്ചുള്ള കിനാക്കളും
കവിതയൂറുന്ന നിലാവും
നീറിപ്പിണഞ്ഞു കത്തുന്ന അന്തിയിൽ
നീ മാത്രമെന്നോ നേദിച്ച മാംസം ,
തീരാത്ത ഒരു തുള്ളി ചോര.