രചന : പുഷ്പ ബേബി തോമസ് ✍
എൻ്റേത് മാത്രമായിരുന്ന ഒരുവൾ…
പൂവിടാൻ മടിച്ച ചെടിയിൽ
വിരിഞ്ഞ സുന്ദരിപ്പൂവ്.
ജീവിതത്തിന് അർത്ഥമേകി
എന്നിലെ അമ്മയെ ധന്യയാക്കിയവൾ.
നിൻ്റെ കൈ പിടിച്ചും
എൻ്റെ കൈ പിടിച്ചും
കൈകൾ കോർത്തു പിടിച്ചും
നമ്മൾ നടന്ന വഴികൾ…..
കണ്ട കാഴ്ചകൾ …….
അറിഞ്ഞ രുചികൾ…….
നമുക്ക് പ്രിയമുള്ള ഇടങ്ങൾ…..
നീയൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ……
അർത്ഥമുള്ള നിമിഷങ്ങൾ …..
ഞാൻ ജീവിച്ച നിമിഷങ്ങൾ….
അത്ഭുതകരമായ നിമിഷങ്ങൾ ……
നിനക്കൊപ്പം വളർന്ന
ഇഷ്ടങ്ങൾ ……
അനിഷ്ടങ്ങൾ……
ചിന്തകൾ ….
ലോകം ……
വലുതായ ലോകത്തേക്ക്
പറന്നപ്പോൾ
നീയറിയാതെ
പെട്ടിയിലടച്ച് കൊണ്ടുപോയ
എൻ്റെ ശീലങ്ങൾ.
അഴിച്ചിട്ട മുടിയോട്
ചുളിഞ്ഞ കിടക്കവിരിയോട്
അലങ്കോലമായ മുറിയോട്,
മേശപ്പുറത്തോട്,
അലമാരിയോട്,
നിൻ്റെ വേഷങ്ങളോട്
എൻ്റെ ആക്രോശങ്ങൾ …
” പറഞ്ഞു പറഞ്ഞു മടുത്തു “
എന്ന പരാതി …….
ഇതൊക്കെ
പൊടിപിടിച്ചു കിടക്കുന്നുണ്ടോ
നിൻ്റെ പെട്ടിയിൽ ???
മൗനം നിറഞ്ഞ നിൻ്റെ മുറി
എൻ്റെ നെഞ്ചുപൊളളിക്കുന്നു.
🥀🥀🥀🥀🥀🥀🥀🥀
ഫോട്ടോ ബൈജു കല്ലൂപ്പറമ്പിൽ