രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍
ചിറകു തേടുന്ന മൗനം
രാഗംമൂളുന്ന
പൂങ്കുയിലിന്നെന്തേ
പാടാൻ മറന്നുപോയി
താളംപിടിക്കുന്ന
പൂങ്കാറ്റുമിന്നെന്തേ
വഴിമാറിപ്പറന്നുപോയി
ഈണംപകരുന്ന
ഏകാന്തനിമിഷങ്ങൾ
ഇന്നെന്തേ പിണങ്ങിപ്പോയി
വാക്കുകൾ മുറിയുന്ന
വാചാലതയെന്തെ
വിങ്ങിവിതുമ്പിപ്പോയി
ചിന്തയിൽ മുളക്കുന്ന
മൂകവികാരങ്ങൾ
കൺമുന്നിൽ കരിഞ്ഞുണങ്ങി
എന്നിനിക്കാണുമാ
സ്വപ്നങ്ങളൊക്കെയും
എവിടെയോ നഷ്ടമായി
ചിറകുകൾ തേടുന്ന
മൗനക്കുരുവികൾ
പറക്കാതെ നടന്നകന്നു
അകലം തേടിയെൻ
മോഹപ്പൂത്തുമ്പിയും
ഇന്നെന്നെ മറന്നുപോയി
രാഗം പാടുന്ന
പൂങ്കുയിലിനിയെന്നു
പാട്ടുമായ് കൂടെവരും
ചിറകു മുളക്കുമെൻ
മൗനം പിന്നേയും
വാചാലമായെന്നുമാറും…?