രചന : എം പി ശ്രീകുമാർ✍
നഗരഹൃദയത്തിൽ പാല പൂത്തു
നറുമണം ചുറ്റും വിതറി നിന്നു
നെറുകയിൽ യക്ഷി വിലസീടുന്ന
കടുംപാല കാന്തി ചൊരിഞ്ഞു നിന്നു
നിറപൂക്കൾ കാറ്റത്തുലഞ്ഞിളകി
തിരമാല പോലെ തിളങ്ങിനിന്നു !
നഗരം വളർന്നപ്പോൾ മരങ്ങൾ പോയ്
പാലയതങ്ങനെ നിന്നുവെന്നാൽ
പലവഴി പായും തിരക്കിനുള്ളിൽ
പരിമളം തൂകി ചിരിച്ചുനിന്നു.
ഇനിയൊരു നാളിലാ പാലപോയാൽ
പരിമളമെങ്ങൊ മറഞ്ഞു പോകും
പാലയിലാടിയ മോഹിനിയൊ
ഭീകരരൂപിണിയായ പോലെ
വിഷപ്പുക വന്നു നിറയുമെങ്ങും
കടുംചുടുനാറ്റങ്ങൾ മാത്രമാകും
ശേഷിച്ച നൻമകൾ കെട്ടടങ്ങും
ശേഷൻ വിഷക്കാറ്റൂതി വിടും !
പാലകളെത്ര മറിഞ്ഞു പോയി !
പാലലയെത്ര യകന്നു പോയി !
പാലിച്ചിടാം പാല കാത്തിടുന്നാ
പരിമളമിന്നീ നഗരഹൃത്തിൽ .