രചന : ഷിബിത എടയൂർ ✍
ഞാനാ
പഴയ കാടിന്റെ
കവാടത്തിലെത്തി നിൽക്കുന്നു.
മനുഷ്യരെപോലെയല്ല
കാടുകൾ
നിബിഡമാണെങ്കിലും
അനുവർത്തിച്ചു പോരുന്ന
അനേകം
വ്യത്യസ്തതകളുണ്ടവയ്ക്ക്.
ഇളം പിഞ്ചിൽ
ഉപേക്ഷിച്ചുപോയതാണെന്ന
പരിഭവമേതുമില്ലാതെ
തന്നെക്കാൾ മുതിർന്നൊരു
കാമുകിയെപോലെത്
മാറുകാട്ടിത്തരുന്നു,
എനിക്ക് ചെന്നുവീഴാൻ
ഇടമുണ്ടെന്നായിരിക്കുന്നു.
കണ്ണീരു വീണാൽ
കരിയാത്ത തളിരുകളും,
ചുംബിക്കുമ്പോൾ
കുലകുത്തി പൂക്കുന്ന
ഉടലുമായത്
എന്നെ ചേർത്തുവയ്ക്കുന്നു.
മുഖം തിരിക്കാനാകാത്ത
മുഴുവനായും
ഉപേക്ഷിക്കപ്പെടലുണ്ടാവാത്ത
ഉച്ചി മുതൽ
വേരു വരെ
ഒരേ സ്നേഹം വഹിക്കുന്ന
കാടിന്റെ
കാതലാലല്ലാതിനി
അഭയമതേതുണ്ട് വേറെ.
ഒരിക്കലെനിക്കു പാകമാകാതെപോയ
കുഞ്ഞുതൈയെന്ന
നരനഹന്ത,
ഇന്നീ വടവൃക്ഷത്തിനു ചോടെ
തണലു തിന്നുന്നു,
ശ്വാസമിറ(ര)ക്കുന്നു.