ഒരു പഴന്തുണിക്കെട്ടുപോലൊരു
മൂലയിൽ നാറി മുഷിഞ്ഞ്
മരവിച്ചിരിപ്പൂ ഞാൻ.
ഇവിടെയിവരെന്റെ കൂട്ടുകാർ
ഈ ചോണനുറുമ്പുകൾ,
ഒരുവേളയിവരെന്റെ ഭൂതകാലത്തിൻ
ഹൃദയം കവർന്ന
പ്രണയാപ്സരസ്സുകളാവാം,
അതുപോലെയെന്നെ-
പ്പൊതിയുന്നതിനർത്ഥം.
ചിലരെന്റെ കാതിൽ കഴുത്തിൽ
അനുരാഗ ചുടുചുംബനങ്ങളൊരുപാട് കോർത്ത്,
മൃദുചുണ്ടിലിങ്ങനെയവിരാമമുമ്മ
ചാർത്തുന്നത്,
ഇവരെന്റെ വക്ഷസ്സി-
ലതിവേഗമോടി
ഇണതിരയുന്നതുപോൽ മുളങ്കാട്ടുകൂട്ടങ്ങൾക്കിടയിൽ
പരതിയെൻ കരൾകാമ്പിൽ രതിയുടെ
കൊടുങ്കാറ്റു തീർക്കുന്ന ചോണനുറുമ്പുകൾ.
ഇവരിപ്പോളൊന്നിച്ചു ജാഥപോൽ
എന്നുടെ ജരാനര മേനിയിലൊരു
കമ്പളം പോൽ പൊതിഞ്ഞെന്നെയൊരു
മൃതപിണ്ഡമാക്കി ഉയിരെടുക്കുന്നു.
അതിവേഗം, നശ്വരമെന്നു ഞാൻ കരുതിയയീ,
ഉടലാകെ- തീ
പടർന്നൊരു പിടി ചാരമാ-
യൊടുവിലൊരു വാകയ്ക്ക് വളമായി
ഒരു കുഞ്ഞുപൂവായിനിയും ജനിക്കാൻ,
ഒരു പ്രണയിനിക്കിനിയും-
പ്രലോഭനമാകാനിനിയും
ജനിക്കാനൊരു മൂലയിൽ-
ഞാനിങ്ങനെയൊരു പഴന്തുണിക്കെട്ടുപോൽ-
കുനിഞ്ഞിരിക്കുന്നു.
ഇവരെന്റെ കൂട്ടുകാർ
ഈ ചോണനുറുമ്പുകൾ.

സുരേഷ് പൊൻകുന്നം

By ivayana

Leave a Reply

Your email address will not be published. Required fields are marked *