രചന : ചെമ്മരത്തി ✍
പത്തരയുടെ അലാറം
എന്റെ ഫോണിൽ ഒരു അലാറമുണ്ട്, രാത്രി പത്തരയ്ക്ക് മുഴങ്ങുന്ന ഒന്ന്. ‘Aadhil’s Phone” എന്നാണ് അപ്പോൾ എന്റെ ഫോണിൽ തെളിയുക. കഴിഞ്ഞ കുറേ വർഷങ്ങളായി മകന്റെ ഫോൺ തിരികെ വാങ്ങാൻ വീട്ടിലേക്ക് വിളിക്കേണ്ട സമയമാണത്!!!
ഇന്നലെ മുഴുവൻ ഞാൻ അവരെ കുറിച്ച് ഓർക്കുകയായിരുന്നു, ആ പതിനാറുകാരന്റെ അമ്മയെ കുറിച്ച്. ലോകം മുഴുവൻ ഇതുവരെ നേരിട്ട വലിയൊരു തിന്മയ്ക്ക് പിന്നിലെ ക്രിമിനലിനെ കണ്ടെത്തി എന്ന മട്ടിൽ സമൂഹത്തിലെ ഭൂരിപക്ഷം മനുഷ്യരും ഒന്നിച്ചു നിന്ന് വിധിച്ച ആ കുട്ടിയുടെ അമ്മ. അവനേറ്റ ഓരോ വാക്മർദനവും അതിന്റെ പതിനായിരം മടങ്ങ് ശേഷിയിൽ അവരിൽ പതിഞ്ഞിട്ടുണ്ടാകും. പോരാത്തതിന് “മക്കളെ വളർത്താൻ അറിയാത്ത ആ അമ്മയെ” എല്ലാവരും ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഉണ്ടാകും.
ആ കുട്ടി ചെയ്ത പ്രവൃത്തിയെ ഒരു ശതമാനം പോലും ന്യായീകരിക്കുന്നില്ല. പക്ഷേ “എന്തുകൊണ്ട് അവൻ അങ്ങനെ ചെയ്തു?” എന്ന് അന്വേഷിക്കാത്തതെന്തേ…
എന്റെ മകൻ അടക്കമുള്ള കുഞ്ഞുങ്ങളോട് കോവിഡ് കാലം ചെയ്തത് എന്താണ്? വലിയൊരു അപകടസാധ്യത ഒളിഞ്ഞിരിക്കുന്ന മൊബൈൽ ഫോൺ എന്ന സംഗതി അവരുടെ കൈകളിൽ വച്ച് കൊടുക്കേണ്ടിവന്നു. 18 വയസ്സാകാതെ മൊബൈൽ ഫോൺ വാങ്ങിത്തരില്ല എന്നു പറഞ്ഞിരുന്ന ഞാനടക്കമുള്ള രക്ഷിതാക്കൾക്ക് മക്കളുടെ പഠനം തുടരാൻ മറ്റൊരു നിവൃത്തിയും ഇല്ലായിരുന്നു. അവർക്കത് കയ്യിൽ കിട്ടിയതോടെ ആ കുഞ്ഞുങ്ങൾ ഞങ്ങളെക്കാൾ ഒരുപാട് “വളർന്നുപോയി”. സാങ്കേതിക പരിജ്ഞാനം കാര്യമായില്ലാത്ത എന്നെപ്പോലെയുള്ള അമ്മമാർ അന്തംവിട്ട് നിന്നു. എന്റെ മകനോട് ഇക്കാര്യത്തിൽ ഒരുപാട് ഏറ്റുമുട്ടലുകൾ വേണ്ടിവന്നിട്ടുണ്ട്. ഞാൻ കരഞ്ഞു, അലറി, ഒടുവിൽ വീട് വിട്ടിറങ്ങി എന്റെ അച്ഛന്റെ അടുത്തേക്ക് പോകുമെന്നു വരെ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ പോലും എന്റെ പങ്കാളി എന്നെ പിന്തുണച്ചില്ല. പരീക്ഷകളിൽ അവന് മാർക്കുകൾ കുറഞ്ഞുകുറഞ്ഞു വന്നു.
ഇക്കഴിഞ്ഞ ഓണക്കാലത്ത് തറവാട്ടിൽ ചെന്നപ്പോൾ ഞാൻ പൊട്ടിത്തെറിച്ചു, പൊട്ടിക്കരഞ്ഞു. അതോടെ എന്റെ ചേച്ചിമാരുടെ പെൺകുട്ടികൾ അവനെ പിടികൂടി. അവർ എന്ത് മാജിക്കാണ് പ്രയോഗിച്ചതെന്ന് എനിക്കറിയില്ല. മടങ്ങിവന്ന അവൻ ഒരുപാട് മാറിയിരുന്നു. പരീക്ഷകളിൽ മെച്ചപ്പെട്ട മാർക്കുകൾ വന്നുതുടങ്ങി. ഈയടുത്ത് ഒരാഴ്ച അവന്റെ ഫോൺ കാണാതായി. എവിടെയോ വച്ച് മറന്ന് ഫോൺ ഓഫായി പോയിരുന്നു. അത് തേടിക്കണ്ടെത്താൻ വലിയ ആവേശമൊന്നും കണ്ടില്ല. അത്യാവശ്യത്തിന് അവന്റെ അച്ഛന്റെ ഫോൺ ഉപയോഗിച്ചു. ഇന്നലെ എവിടെയോ കിടന്നു കണ്ടുകിട്ടിയ ഫോൺ കക്ഷി തന്നെ അച്ഛനെ ഏൽപ്പിച്ചു. എന്റെ പെൺകുട്ടികൾ പ്രയോഗിച്ച ഏതോ മാജിക് അവനെ രക്ഷിച്ചു. അവന്റെ അധ്യാപകരും അത്രയേറെ സ്നേഹക്കാരാണ്. പ്രത്യേകിച്ച് അവന്റെ ക്ലാസ് ടീച്ചർ. അമ്മയുടെ കരുതലാണ് അവർക്ക്. സിബിഎസ്ഇ സ്കൂളിലെ മികച്ച സൗകര്യങ്ങളിൽ, കുറഞ്ഞ അംഗബലമുള്ള ക്ലാസുകളിൽ അത് എളുപ്പമാണെന്നത് മറക്കുന്നില്ല.
എല്ലാ അമ്മമാർക്കും എന്നെപ്പോലെ ഒരു supporting system ഉണ്ടാകണമെന്നില്ല. മൊബൈൽ ഫോണിൽ കൂടി തന്റെ കുഞ്ഞിനു നേർക്ക് വരുന്ന നീരാളിക്കൈകൾ കണ്ടെത്താനും തടയാനും എളുപ്പവുമല്ല. ഈയടുത്ത് പത്തനംതിട്ടയിൽ ഒരു പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച അറുപതോളം പേർ പിടിയിലായി. മൊബൈൽ ഫോൺ നേരാംവണ്ണം ഉപയോഗിക്കാൻ പോലും അറിയാത്ത ഒരു പാവം അച്ഛന്റെ ഫോണിലൂടെയാണ് ആ നരാധമന്മാർ എല്ലാം ആ കുഞ്ഞിലേക്ക് എത്തിയത്.
മൊബൈൽ ഫോൺ വേണ്ടെന്ന് വച്ച് പിന്നാക്കം നടക്കാൻ നമുക്ക് ആവില്ല. പക്ഷേ ഈ വിപത്തിനെ നേരിടുകയും വേണം. അതിനെക്കുറിച്ച് പൊതുസമൂഹം ഒറ്റക്കെട്ടായി ആലോചന നടത്തുകയാണ് വേണ്ടത്.
ഒന്നുകൂടി പറയട്ടെ… അധ്യാപകനോട് ക്ഷോഭിക്കുന്ന ആ കുഞ്ഞിന്റെ ദൃശ്യം പുറത്തുവിട്ടത് തെറ്റ് തന്നെയാണ്. ലഹരിവസ്തുക്കൾ പോലെ തന്നെയാണ് മൊബൈൽ ഫോൺ അഡിക്ഷനും. കൈവിട്ടു പോയാൽ ചികിത്സ ആവശ്യമാണ്. അവൻ anger issues ഉള്ള കുട്ടിയാകാം. അതു തിരുത്തേണ്ട വൈകല്യമാണ്. നമ്മുടെ കുഞ്ഞിന് ഒരു രോഗം വന്നാൽ അതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അവനെ നമ്മൾ അവഹേളിക്കുമോ? ഇന്നുവരെ അധ്യാപകസമൂഹം നേരിട്ട എല്ലാ പ്രശ്നങ്ങളിലും പ്രതി അവനാണോ? അവന് വേണ്ടത് നല്ലൊരു കൗൺസലിംഗ് അല്ലേ… അതിനു പകരം അവനെ സമൂഹത്തിന്റെ ഓഡിറ്റിങ്ങിന് ഇട്ടുകൊടുക്കുകയാണോ വേണ്ടത്? മനസാക്ഷിയുണ്ടെങ്കിൽ ഒരു കുഞ്ഞിനോടും അത് ചെയ്യരുത്.
അതല്ല ഇങ്ങനെ വിഡിയോ പ്രചരിക്കുന്നതാണ് തിന്മകളെ ചെറുക്കാനുള്ള വഴിയെങ്കിൽ സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽക്കുന്ന ഒരുപാട് പേരുണ്ട്. നിങ്ങളുടെ ക്യാമറ അവർക്ക് നേരെ തിരിക്കൂ. എന്നിട്ട് ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യൂ. നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി വിധിയെഴുതാം… അതാണ് ഹീറോയിസം 🙏🏽🙏🏽🙏🏽