രചന : യൂസഫ് ഇരിങ്ങൽ✍
വിവര വിപ്ലവത്തിന്റെ സമകാലിക ലോകം നമുക്ക് സമ്മാനമായി തന്നത് ഒന്നും മിണ്ടിപ്പറയാനില്ലാത്ത കാലമാണെന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ..? എത്രമാത്രം,സംസാരം കുറക്കാമോ എന്ന ഗൗരവമായ നിരീക്ഷണമാണ് ഓരോ ബന്ധങ്ങൾക്കിടയിലും ഏറ്റവും വേഗത്തിൽ വളരുന്ന ഒരേ ഒരു കാര്യം.ഫോണിലായാലും നേരിട്ടായാലും കുറച്ചധികം നേരം സംസാരിക്കുന്നവരെ അഫോർഡ് ചെയ്യാൻ പറ്റാത്തത്ര കടുത്ത അസഹിഷ്ണുത നിറഞ്ഞ മാനസികാവസ്ഥയിലേക്ക് നമ്മിൽ ഭൂരിഭാഗം പേരും മാറിപ്പോയിട്ടുണ്ട്. ഏറെ നേരവും, സ്വന്തമായി സൃഷ്ടിച്ചെടുക്കുന്ന മൗനത്തിന്റെ തുരുത്തുകളിൽ അഭയം തേടാനാണ് ഏറെ പേരും ഇഷ്ട്ടപ്പെടുന്നത്.
മുൻ തലമുറയിൽ നിന്ന്ഒരു പാട് കഥകൾ കേട്ട് വളർന്ന ഭാഗ്യവാന്മാരായ കുട്ടികളാണ് നമ്മിൽ പലരും.അന്ന് സ്വയം അറിവ് നേടാനുള്ള മാർഗങ്ങൾ കുറവായിരുന്നു. അങ്ങനെ കേട്ട കഥകളാണ് നമ്മെ നേട്ടങ്ങളിലേക്കും സന്തോഷങ്ങളിലേക്കും കൈപിടിച്ച് നടത്തിയത്.ഇന്ന് കുട്ടികൾക്കു കഥാ പരിസരങ്ങൾ അന്യമാണ്. അറിവും അനുഭവങ്ങളും നേടാനുള്ള മാർഗങ്ങൾ എണ്ണമറ്റതാണെങ്കിലും നന്മയുടെ വമൊഴി വഴികൾ എന്നോ അന്യം നിന്ന് പോയെന്ന് തന്നെ പറയേണ്ടി വരും.
കുട്ടികളോട് നമ്മൾ പറയുന്ന കഥകൾക്ക് /ഗൃഹാതുര സ്മരണകൾക്ക് വലിയ മൂല്യമുണ്ട്. ഏത് നവീന സാങ്കേതിക മാധ്യമങ്ങളെക്കാളും രക്ഷിതാക്കളുടെ മുതിർന്നവരുടെ കഥാ കഥനങ്ങൾക്ക് അവരെ സ്വാധീനിക്കാൻ കഴിയും. അറിവിന്റെയും തിരിച്ചറിവിന്റെയും പുതിയ ലോകങ്ങളിലേക്ക് അതവരെ കൈ പിടിച്ചു നടത്തും. പി. പത്മരാജൻ അദ്ദേഹത്തിന്റെ സമ്പൂർണ്ണ കഥാ സമാഹാരം സമർപ്പിക്കുന്നത് ഇങ്ങനെയാണ്.., “കഥ പറഞ്ഞു കഥ പറഞ്ഞു എന്നെ വലിയ കഥ പറച്ചില് കാരനാക്കി മാറ്റിയ എന്റെ അമ്മ, ഞവരക്കൽ ദേവകിയമ്മക്ക് സമർപ്പിക്കുന്നു.”
നോക്കൂ നമ്മളിലെ എന്തൊക്കെയോ നല്ല ഗുണങ്ങൾ, നമ്മുടെ മാതാ പിതാക്കളുടെയോ മാറ്റ് അടുത്ത ബന്ധുജനങ്ങളുടെയോ വാമൊഴി സ്വാധീനത്തിന്റെ കൂടെ ഫലമാണ്.
വീട്ടിലെ, അല്ലെങ്കിൽ അടുത്ത് ബന്ധത്തിലെ പ്രായമായവരോട് അടുത്ത് ക്ഷമയോടെ കുറച്ചു നേരം സംസാരിച്ചു നോക്കൂ. അവർ അവരുടെ പഴയകാലത്തെ കഥകൾ വളരെ ആവേശത്തോടെ നമ്മോട് പങ്കു വെക്കും. കേട്ടിരിക്കാൻ വളരെ രസമായിരിക്കും. നമുക്ക് കേട്ടുകേൾവി മാത്രമുള്ള കാലത്തെ ദീപ്തമായ സ്മരണകൾ ഏറെ ഗൃഹാതുരമായ അനുഭവം സമ്മാനിക്കും
തിരക്കുകൾ എല്ലാം ഒഴിഞ്ഞ നേരം നോക്കി നമുക്ക് ആരോടെങ്കിലും മിണ്ടിപ്പറയാനോ, കഥപറയാനോ /ആരുടെയെങ്കിലും കഥകൾക്ക് ചെവി കൊടുക്കാനോ കഴിയില്ല. എല്ലാ തിരക്കുകളിലും അലിഞ്ഞു നിന്നു കൊണ്ട് തന്നെ ജീവിതത്തിന്റെ സമസ്ത സൗന്ദര്യങ്ങൾക്കും സാക്ഷിയാവാൻ കഴിയണം.
ഒന്നും മിണ്ടാനോ പറയാനോ ഇല്ലാത്തവരല്ല , എന്തെങ്കിലും പറയാനും കേൾക്കാനുമുള്ളവരാണ് ജീവിതത്തിന് എപ്പോഴും നിറവും സുഗന്ധവും നൽകുന്നത്.