രചന : പ്രിയബിജൂ ശിവകൃപ ✍
രാവിൽ നിശാഗന്ധി പൂവിട്ട
നിലാവിൽ ഒന്നിച്ചു
വന്നൊരാ മന്ദാരകുസുമങ്ങൾ
പ്രിയവസന്തങ്ങൾ വിടർത്തി
ഒരുനാളും പിരിയാതെ ചിരിതൂകി
കളിയോടെ കളിവള്ളമൊഴുക്കി നടന്നു
ചിന്തകളിൽപോലും ഒളിമങ്ങാ പകലുകൾ
ഒരുപോലെ വന്നോരാ ബാല്യകാലം
കൗമാരമാകവേ നിദ്ര തൻ
വേലിയേറ്റങ്ങളിൽ നീണ്ട കിനാവുകൾ
ഒരുമിച്ചു ചേരാത്തറിയാതെ
വേറിട്ടു നിന്നിടുമാർദ്ര രാവിൽ
ഇടയിലൊരു കരടായി വർണ്ണങ്ങൾ
വിതറിയൊരു
ചിത്രപതംഗതിൻ ചിറകടികൾ
അറിയാതെ ഇരുവരും മോഹത്തിൻ
മുത്തുകൾ കോർത്തൊരു ഹാരമണിഞ്ഞിടുന്നു.
ഒരുവളുടെ കിനാവിലെ നൃത്തശാലയിൽ
മുദ്രകൾ പ്രണയാർദ്രമാകവെ
സംഗീതമലയടിച്ചൊഴുകിയ മറു കനവിൽ
രാഗങ്ങൾ ഭാവങ്ങൾ തീർത്തു
ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നതോർക്കാതെ
ലയതരംഗ ലാസ്യഭാവങ്ങളിൽ
വേറിട്ടവരാറാടി….
മറ്റൊരു പൂവസന്തം മാടി വിളിക്കവേ
തേനോലും ഭാവന വിലാസ വദനായ
പതംഗം പവനനിൽ പറന്നുയർന്നു
സ്വപ്നങ്ങൾ കാറ്റിൽ പൊലിഞ്ഞു
ഒരുപോലെ നെടുവീർപ്പുകളുതിർന്നപ്പോൾ
അറിഞ്ഞവർ പ്രണയത്തിൻ
വിരഹ നൊമ്പരങ്ങൾ
വീണ്ടുമൊന്നിച്ചു ചേർന്നവർ
ഇരുകനവുകൾ വേർപെട്ടു
പോയിരുന്നൊരാ ഒറ്റത്തണ്ടിലെ ഈരിലകൾ