കൈയ്യാലെഴുതിയയെഴുത്തുകൾ
കണ്ടാലോയൊരഴകായിയുണ്ടാം
കുഞ്ഞിലേയെഴുതിയുറച്ചെന്നാൽ
കൈയ്യക്ഷരമതേഴഴകായിയെന്നും.

കമ്പനമുള്ളോരെഴുത്താണികളാൽ
കൈവശമായോരെഴുത്തുകളെല്ലാം
കൈമോശമാവാതതുണ്ടെന്നാൽ
കൈവല്ല്യാമൃതമനുഗ്രഹമായെന്നും.

കൈപ്പട കൊള്ളാത്തൊരുത്തനോ
കെട്ടവനാണെന്നൊരുശ്രുതിയുണ്ടേ
കെട്ടൊരു കൈപ്പട കണ്ടാലറിയാം
കനപ്പെട്ടൊരുക്രൂരതയതിലായുണ്ട്.

കാലേയെഴുതിയ കൈപ്പാടുകളിൽ
കൈയ്യാലെഴുതിയ വരമാല്യങ്ങൾ
കാലത്തിന്നുമതു ദിവ്യം പോലായി
കനകചെപ്പിൽഒളിയായെന്നും ഭദ്രം.

കേരള നാട്ടിലെ ചെപ്പേടുകളിലായി
കെട്ടിവെച്ചോരെഴുത്തോലകളിൽ
കനലായുള്ളോരെഴുത്തുകളൊഴുകി
കൈയ്യാലെഴുതുമെഴുത്താണികളാൽ.

കളരികളുണ്ടായിരുന്നന്നിവിടെ
കാത്തിരുന്നോരാശാട്ടികളുമായി
കൈയ്യാലക്ഷരമെഴുതും മണ്ണിൽ
കൈയ്യക്ഷരങ്ങളുരുട്ടിയൊരുക്കും.

കേട്ടെഴുത്തും കണ്ടെഴുത്തുമായി
കുതിക്കുന്നോരാ പാഠശാലകൾ
കേളികൊട്ടുന്നോരുറപ്പിലായിയാ
കനകാക്ഷരങ്ങളുരുത്തിരിയുന്നു.

കവിയായാലുമദ്ധ്യേതാവായാലും
കൈയ്യക്ഷരമതുത്തമമാകണം
കണ്ടാനതിനൊരു ചന്ദം വേണം
കാണുനോർക്കതുചിതമാകേണം.

കാഴ്ചക്കാർക്കതുയാനന്ദമായി
കൈകൊണ്ടുരുട്ടിയയരുളുകൾ
കെട്ടും മട്ടും മാറിയ പത്രികയിൽ
കണ്ടവർക്കെല്ലാം രസമായീടും.

കൈയ്യെഴുത്തിനുതാളവുമുണ്ടേ
കൈയ്യെഴുത്തിനുവട്ടവുമതിലായി
കൈയ്യെഴുത്തിനു ശീലുകളുണ്ടേ
കൈയ്യാലെഴുതിയൊഴുക്കീടുന്നു.

കൈയ്യില്ലാതിന്നതുയാന്ത്രികമായി
കൈവിരുതാലതു അച്ചടിയായി
കോലം കെട്ടിയ അലങ്കാരത്താൽ
കണ്ടതുപ്പോലെയായിയിന്നെല്ലാം.

കൈയ്യൊപ്പെന്നുമഴകായിയുണ്ട്
കൈയ്യാലെഴുതിയസുന്ദരകാവ്യം
കല്ലോലമൊഴുകിപ്പരന്നീടുമ്പോൾ
കാണുന്നോർക്കെല്ലാം ഉല്ലാസം.

കുരുന്നുകളായുണ്ടെഴുത്തുകൾ
കുരുട്ടുകളായിയവവിതറുമ്പോൾ
കുനുകുനുവായിയതുപ്പരക്കുന്നു
കണ്ണിനുകാണാനാവതു കഠിനം.

കോലം കെട്ടിയ പടയണി പോലെ
കനകുനെയൊഴുകിയാടീടുമ്പോൾ
കലയാണതിലായി അക്ഷരങ്ങൾ
കോലം കെട്ടിയ അലങ്കാരങ്ങൾ.

കൈയെഴുത്തിനു താളമതുണ്ടേ
കൈയെഴുത്തിനു വട്ടമതുണ്ടേ
കൈയെഴുത്തിനൊരരുളുമുണ്ടേ
കലപിലയൊഴുകുമാരവമുണ്ടേ.

കാലം പോകെ യന്ത്രപ്പെരുമകൾ
കുട്ടയിലാക്കിയകൈയ്യെഴുത്തുകൾ
കാലത്തിൻ്റെ ചുവടു പിടിച്ചിതാ
കോലപ്പെരുമയിലക്ഷരമെഴുതി.

കൈയ്യാലെഴുതിയ പഴമകളൊക്കെ
കുഴിച്ചു മൂടിയ പെരുമകളേറിയേറി
കൈയ്യക്ഷരങ്ങൾ ഫോണ്ടുകളാക്കി
കെട്ടിയൊരുക്കിയ വൈകൃതങ്ങൾ.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *