വഴിപിഴച്ച സഖാവെ
താങ്കൾ
ബൂർഷ്വാസിയുടെ
പുഴുപ്പല്ലിന്റെ സ്ഥാനത്ത്
രൂപാന്തരം വന്ന
സ്വർണ്ണപ്പല്ലാണെന്ന്
ഞാൻ ലോകരോട് പറയും
കണ്ണിൽ
കരിന്തിരികത്തുന്ന സഖാവെ
താങ്കൾ
ബൂർഷ്വാസിയുടെ
രൂപാന്തരംവന്ന ചെരുപ്പ് നാടയെന്ന്
ഞാൻ ലോകരോട് പറയും
ഒറ്റപ്പെട്ടവന്റെ ഓരിയിടലായ്
എന്റെ പോർവിളിയെ ഭത്സിക്കരുത്
തത്വശാസ്ത്രങ്ങളുടെ
ജരാനരകൊണ്ടെന്നെ
ഉന്മൂലനം ചെയ്യരുത്…
വഴിപിഴച്ച സഖാവെ
ചില്ലിട്ട ചെഗുവേരയുടെ ചിത്രം
എന്തിന് നീ തീയിലെറിഞ്ഞു ?
ഭാഷയില്ലാത്ത
വിലാപങ്ങൾക്ക് കാതോർത്ത
എന്റെ ചെവിക്കല്ല്
എന്തിന് നീ എറിഞ്ഞുടച്ചു?
വിധിയിൽ വിശ്വാസമില്ലാഞ്ഞ്
തോക്കെടുക്കാൻ നീണ്ട എന്റെകരങ്ങളെ
എന്തിന് നീ അരിഞ്ഞുവീഴ്ത്തി?
ചക്രവാളങ്ങളിലേക്ക്
പലായനം ചെയ്ത എന്റെ കണ്ണുകളെ
എന്തിന് നീ ചൂഴ്ന്നെടുത്തു ?
ചെഗുവേരയാണെ സത്യം;
ചരിത്രം നിനക്ക് മാപ്പു തരില്ല…
ലാറ്റിനമേരിക്കൻ കാടുകളിലൂടെ
വീശിയടിച്ച കൊടുങ്കാറ്റിന്
വേലി കെട്ടുന്ന
മന:സാക്ഷി മരവിച്ച സഖാവെ
താങ്കൾ
ബൂർഷ്വാസിയുടെ
രൂപാന്തരംവന്ന കണ്ണടയാണെന്ന്
ഞാൻ ലോകരോട് പറയും
വഴിപിഴച്ച സഖാവെ
നിന്റെമുഖത്ത് കാർക്കിച്ചുതുപ്പാനോങ്ങിയ
നമ്മുടെ പഴയ ഫിഡൽ കാസ്ടോക്ക്
ഈ വൈകിയ വേളയിൽ
നന്ദി പറയുന്നു
ലാൽസലാം…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *