രചന : ചെറിയാൻ ജോസഫ് ✍
അപ്പോൾ അവൻ പൊടിമണ്ണിൽ എഴുതിയെന്തായിരിക്കും?
കൊല്ല്, കൊല്ലിവളേ
ഇവളാണു സത്യം പറയുന്നവൾ.
കോഴി കൂവും മുൻപേയുണർന്നവൾ
നിലാവിന്റെ തളർച്ച
പിറക്കാനിരിക്കുന്ന സൂര്യനാമ്പുകളിൽ
ത്തട്ടിയുടന്നതു കണ്ടുച്ചിരിച്ചവൾ.
ചെമ്പകപ്പൂമൊട്ടിലെ തുഷാര മണികൾ
ചുണ്ടിലുണർത്തി നിർവൃതിയണിഞ്ഞവൾ
ചെമ്പകയിതളുകൾ തലോടി ഉറപ്പിച്ചു പറഞ്ഞവൾ
സൂര്യനെ ചുറ്റുന്നത് ഭൂമിയാണെന്നു.
കൊല്ലണ്ടേ ഇവളെ?!.
മൊട്ടുരസിയ അവളുടെ കവിളും ചുണ്ടും
കടിച്ചു ചവച്ചു തിന്നണ്ടേ?
കാലം കാത്തിരിക്കുന്ന മുലഞെട്ടുകൾ
കശക്കി ഉടക്കേണ്ടേ?
അരക്കെട്ടിലേ ജന്മച്ചുഴി
അനേകർ കുത്തിമറിച്ചു കലക്കേണ്ടേ?
പൂമോട്ടു ഞെരിഞ്ഞമർന്നു
വേദനയിൽ പിടഞ്ഞു
മാനം കൂമ്പി മണ്ണോളമടിഞ്ഞു.
മണ്ണു വിറപൂണ്ടു കത്തി ജ്വലിച്ചു .
ഭൂഗർഭങ്ങൾ ഇളകി മറിഞ്ഞു .
വെസ്യൂവിസിന്റെ മലമുകൾ ഞെട്ടിവിറച്ചു
ഉരുകിയ പാറകളും ലാവയും കുത്തിയൊലിച്ചു
റോമിലേ കൊട്ടാരം നിറഞ്ഞു കത്തി.
വീണവായന ഇനിയും മതിയാക്കില്ലേ?
വീഞ്ഞും കേക്കുകളുമായി പാതയിലൂടെ
കുതിരവണ്ടികൾ പായുന്നു
വിശപ്പിൻ നോവറിഞ്ഞ കുഞ്ഞുങ്ങൾ
അലറി വിളിച്ചു കരയുന്നു
പിന്നെയവർ ആഫ്രിക്കയിലെ ഖനികളിലൂടെ
നൂഴുന്നു കയറി സ്വർണ്ണം വാരിതരുന്നു
കൊടുംങ്കാട്ടിലെ കരിമ്പാറക്കെട്ടുകൾ തച്ചുടച്ചവർ
മാളിക പണിതുതരുന്നു.
അപ്പോൾ അവൾ പാടത്തെ പണി നിർത്തി
കൊയ്ത്തരിവാൾ കൊണ്ട് മുതലാളിയുടെ
തലയറുത്തു പടിക്കൽ നാട്ടി.
ഒക്ടോബർ വിപ്ലവത്തിന് പുറപ്പെട്ട
മക്കളുടെ നെറുകയിൽ ചോര ചാർത്തി .
അവളെ കൊല്ലുക, കല്ലെറിഞ്ഞു കൊല്ലുക,
തലതെറുപ്പിച്ചു കൊല്ലുക, ആർപ്പുവിളികൾ ഉയർന്നു.
നരിച്ചീറുകൾ മുരളുന്ന വെയിലിൽ അവൾ കാതോർത്തു
പാവം ഇല്ലാത്ത കൈകൾ എറിയുന്ന കല്ലുകൾക്കായി
ഒരു കല്ലിന്റെ മൂളക്കം പോലും അവൾ കേട്ടില്ല.
വിധിച്ചവൻ കുത്തിയിരുന്നു മണ്ണിൽ കോറി കൊണ്ടേയിരുന്നു
സ്നേഹ സത്യം മണ്ണിൽ എഴുതികൊണ്ടേയിരുന്നു.