രചന : സാബി തെക്കേപ്പുറം✍
“അമ്മേയെനിക്ക്
മൊല മൊളച്ച്…
തലയല്ലമ്മേ, മൊല…”
സ്കൂൾബാഗൂരി
നിലത്തിട്ട്
ഉടുപ്പിന്റെ സിപ്പഴിച്ച്
കുഞ്ഞുനെഞ്ചിൽ
തൊട്ടുകൊണ്ട്
കുഞ്ഞിപ്പെണ്ണ്…
ചെറിയ വായിലെ
വലിയ വർത്താനംകേട്ട്
കണ്ണുതള്ളിനിൽക്കുന്ന
അമ്മയോടവൾ
‘മൊല’…. ‘മൊല’ യെന്ന്
നാലഞ്ചാവർത്തി പറഞ്ഞു…
“സത്യമാണമ്മേ…
കുഞ്ഞൂന്
മൊല മൊളച്ച്…”
നിത്യവും രാവിലെ
കുളിപ്പിച്ച് തോർത്തുന്ന,
ഉടുപ്പിടീച്ച് കൊടുക്കുന്ന,
താനറിയാതെ
കുഞ്ഞിപ്പെണ്ണിന്
മുലമുളച്ചതോർത്ത്
അന്തംവിട്ട്നിന്ന
അമ്മയെ നോക്കി
കുഞ്ഞിപ്പെണ്ണ്
പിന്നേം പറഞ്ഞു…
“അപ്പുറത്തെ വീട്ടിലെ
റിച്ചൂന്റപ്പൂപ്പനും, പിന്നെ
കുഞ്ഞൂന്റങ്കിളും
കുപ്പായത്തിന്റെടേലൂടെ
കയ്യിട്ട്
കുഞ്ഞൂന്റെ മൊലമേൽ
ഞെക്കിനോക്കീട്ട്,
അമർത്തി നോക്കീട്ട്
പറഞ്ഞതാമ്മേ…
കള്ളമല്ലമ്മേ
കുഞ്ഞൂന് ശരിക്കിലും
മൊല മൊളച്ച്…”
അമ്മയുടെ
നെഞ്ചിലൂടൊരു
കൊള്ളിയാൻ മിന്നിയോ?
കുഞ്ഞിപ്പെണ്ണിന്നായി
ചുരന്ന്, പാൽവറ്റിയ
മുലകളിലൂടെ കടന്ന്
ഗർഭപാത്രത്തെ
പ്രകമ്പനം കൊള്ളിച്ച്
കാലുകൾക്കടിയിലൂടെ
ഭൂമിയിലേക്കും,
തലച്ചോറിൽ
മിന്നൽപ്പിണറുതിർത്ത്
ആകാശത്തേക്കും
കടന്നുപോയ
കൊള്ളിയാൻ
അമ്മയെയൊന്നാകെ
പിടിച്ചുലച്ചുവോ?
ഏഴുവയസ്സു തികയാറായ
കുഞ്ഞിപ്പെണ്ണിനെ
മാറോടടുക്കിക്കൊണ്ട്,
ഉള്ളുലച്ചിലിന്റെ
ബാക്കിപത്രമെന്നോണം
തികട്ടിവന്ന
വിതുമ്പലൊതുക്കി,
അമ്മയവളുടെ
കുഞ്ഞിക്കാതുകൾ
ചുണ്ടോട് ചേർത്ത്,
“കുഞ്ഞിപ്പെണ്ണെല്ലാരുടെ
കണ്ണിലും,
അമ്മക്ക് തോന്നുംപോലെ
കുഞ്ഞല്ലെ”ന്നും,
“സ്വന്തക്കാരെന്ന്
കരുതുന്നോരെല്ലാം
സ്വന്തക്കാരല്ലെ”ന്നും,
ഓതിക്കൊടുത്തിട്ട്,
ഗുഡ് ടച്ചും ബാഡ് ടച്ചും
പഠിപ്പിച്ചു…
അതിൽപ്പിന്നെ
കുഞ്ഞിപ്പെണ്ണിന്
മുലമുളച്ചോന്നറിയാൻ
അവളല്ലാതാരും
ഞെക്കിയുമമർത്തിയും
നോക്കിയിട്ടില്ലത്രെ…