രചന : രാജേഷ് ദീപകം.✍
എത്ര പെട്ടെന്നാണ് വർഷങ്ങൾ മിന്നിമായുന്നത്!? 2025കടന്നുവന്നിരിക്കുന്നു…………. 1990നവബർ മാസം മൂന്നാംതീയതി രാത്രി പതിനൊന്ന് മണിക്ക് കണ്ണൂർ എക്സ്പ്രസിൽ കൊല്ലത്തുനിന്നും കണ്ണൂരിലേക്കുള്ള യാത്ര ഇന്നലെയെന്നപോലെ മനസ്സിൽ നിറയുന്നു. ജീവിതത്തിലേക്കുള്ള ഒരു യാത്രയായിരുന്നു അത്. കണ്ണൂർ പ്രൈവറ്റ്ബസ് സ്റ്റാൻഡിനടുത്തുള്ള ചെറിയലോഡ്ജ്മുറിയിൽ താമസം. പല ജില്ലകളിൽ നിന്ന് വന്നവരുമായി പരിചയം തുടങ്ങുന്നത് അന്നാണ്. കഥയും കവിതയുമായി ഒരു ദിനം…………
കണ്ണൂർ മാങ്ങാട്ട്പറമ്പ കെ. എ. പി നാലാം ബറ്റാലിയനിൽ പോലീസ്ട്രെയിനിങ്ങിന്എത്തിയതാണ് ഞങ്ങൾ. നവംബർ അഞ്ച് മുതൽ ട്രെയിനിങ് തുടങ്ങി. ഒരേ നിറമുള്ള വേഷം ധരിച്ചും, ഒരേ ഭക്ഷണരുചി നുകർന്നും ഒൻപത് മാസം. ചിരിയുടെ, ചിന്തയുടെ, കഷ്ടപാടിന്റെ ദിനരാത്രങ്ങൾ. മുടിവളർത്തി ഹിപ്പികളായവർ,തലയിൽ കുരുവികൂട് തീർത്തവർ എല്ലാം ഒരേപോലെയായി. താഴെവീണ മുടിയിൽ പലരുടെയും കണ്ണീർ കൂടിയുണ്ടായിരുന്നു. അച്ചടക്കത്തിന്റെ വാൾമുനയിൽ പലതും പഠിച്ചു. ഒരേ നിരയിൽ ചെരുപ്പുകൾ, പാത്രങ്ങൾ, ബക്കറ്റ്. നിരതെറ്റിയാൽ മുട്ടിൽ ഇഴയണം. വ്യാഴം ഞങ്ങൾക്ക് ഉത്സവമാണ്. അന്ന് ഓട്ടമില്ല, ചാട്ടമില്ല, പരേഡില്ല. ഫെറ്റിക്ക്…. പറമ്പ് വൃത്തിയാക്കൽ, കിണർ കുത്തൽ, പെയിന്റിംഗ്,…….
ഇതിനിടയിൽ ചില വിരുതന്മാർ കശുമാവിൻ തോട്ടത്തിലും പരതി നടന്നു. ട്രെയിനിങ്ങ് ഇടവേളയിൽ അഞ്ചുകിലോ കശുവണ്ടി വീട്ടിൽ കൊണ്ടുപോയവരും ഉണ്ടായിരുന്നു….. …..ഒഴിവ്ദിനം ബാരക്കിൽ പതിന്നാല് ജില്ലകളിലെ ഭാഷാ പ്രയോഗം ഒരനുഭവം തന്നെയാണ്. “ശശീ അമ്മേനെ കണ്ടോ “എന്നൊരാൾ ഇടവേളയിൽ ഒരാൾക്ക് അസുഖം മൂലം വീട്ടിൽ പോകാൻ കഴിഞ്ഞില്ല. സുഹൃത്തിനോട് വിവരം തിരക്കുകയാണ്.”അപ്പോൾ എവിടെയോ “എന്തരോ എന്തോ “…. എന്ന സംസാരം കേൾക്കുന്നു…..കഞ്ഞി കുടിച്ചിനി…… എന്തോ? എന്തോന്നാടെ? ജ്ജ്,…ഓൻ….എന്തൂട്ടാ ചങ്ങാതി?…ഓ എന്നാ പറയാനാ….. ഇങ്ങനെ നീളുന്നു.
ശനിയാഴ്ച അന്നാണ് കൾച്ചറൽ പ്രോഗ്രാം. എല്ലാവരും എന്തെങ്കിലും കലാപരിപാടി അവതരിപ്പിച്ചേ മതിയാകൂ. അതാണ് സേന. ആ കഥയാണ് പറയുന്നത്. നീണ്ട മുപ്പത്തിനാല് കൊല്ലം മുൻപ് എന്റെ ഊഴം. അന്നരം തോന്നിയഒരു കഥപറഞ്ഞു. വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന് പറയുന്നതാവും ശരി…… കഥ തുടങ്ങുകയാണ്.. ഞാൻ ആർ. റ്റി. പി. സി. 129.(റിക്രൂട്ട് ട്രെയിനിങ് പോലീസ് കോൺസ്റ്റബിൾ )…… എന്റെ കഥയുടെ പേര് “പരേഡ് ഗ്രൗണ്ടിലെ ഈച്ച “…………..
ഈച്ച എന്റെ ശത്രുവല്ല, മിത്രവുമല്ല. നന്നേ ചെറിയ ക്ലാസ്സിൽ മാലതി ടീച്ചർ പഠിപ്പിച്ചത് ഓർമ്മയിലുണ്ട്.”ഈച്ച രോഗം പരത്തുന്ന ജീവിയാണ്. പല അണുക്കളും നമ്മുടെ ഭക്ഷണപദാർദ്ധങ്ങളിൽ നിക്ഷേപിച്ച് നമ്മെ രോഗിയാക്കുന്ന ക്രൂരൻ “……. എന്നിട്ടും ഈച്ച എന്റെ ശത്രുവായില്ല…… ആ ഈച്ചയാണ് ഇപ്പോൾ ഇങ്ങനെ….!?……. ട്രെയിൻ യാത്രയിൽ വിടാതെ പിന്തുടർന്ന് ഒരീച്ച എന്നെ ശല്യം ചെയ്തിരുന്നു. അത് ഞാൻ കാര്യമാക്കിയില്ല. ഇതിപ്പോൾ അങ്ങനെയല്ലല്ലോ….. സെറിമോണിയൽ പരേഡ് ആണ്. പരേഡ് ഗ്രൗണ്ടിലെ വാക്കുകൾ ഇടിമിന്നൽ പോലെ കാതിൽ തുളച്ചുകയറി.”ഇടി വെട്ടിയേക്കാം, പാമ്പ് കടിച്ചേക്കാം… പരേഡ് ഇൻസ്‌പെക്ഷൻ സമയം അനങ്ങരുത് “……… മേടകൊടും ചൂടിൽ പരേഡ്… നീളം കൂടുതൽ ഉള്ളതിനാൽ തന്നെ പരേഡിൽ റൈറ്റ് നമ്പർ ആയി ഒന്നാമതാണ്.
പരേഡ് ഗ്രൗണ്ടിലെ ഹതഭാഗ്യനാണ് ഈ ഒന്നാമൻ. പിടിപ്പത് പണിയുണ്ട്. കമാന്റ് കേൾക്കാൻ കൂടുതൽ കരുതൽ വേണം. വലത്തോട്ടും, ഇടത്തോട്ടും ഉള്ള ഡയറക്ഷ്ൻ വരുമ്പോൾ ശ്രദ്ധകുറവ് വന്നാൽ ഒറ്റയ്ക്ക് ഒരു പോക്കാവും!”?… അങ്ങനെ പോയ ഉണ്ണൂണ്ണി പരേഡ് ഗ്രൗണ്ടും കടന്ന് അടുത്തവീട്ടിലെ പോർച്ചിലാണ് ചെന്നുനിന്നത്……പരേഡ് തുടങ്ങി കഴിഞ്ഞു…. ആ സമയം തന്നെ മേടചൂടിൽ വിയർത്തുകുളിച്ചുനിന്ന എന്റെ മൂക്കിൽ ഒരീച്ച വന്നിരുന്നു. വല്ലാത്ത അസ്വസ്ഥത….. മൂക്ക് കൊണ്ട് ഗോഷ്ടി കാട്ടി…. അത് പറന്ന് പുരികത്ത്… പിന്നെ കവിളിൽ… അവൻ പോകുന്ന ഒരു ലക്ഷണവും കാണുന്നില്ല….. ഒടുവിൽ പരേഡ് ഗ്രൗണ്ട് മറന്നു…. ഇൻസ്‌പെക്ഷ്ൻ മറന്നു…..
സേനാചട്ടവും….. തോക്ക് മുട്ട്കാലിന്റെ ഇടയിൽ തിരുകി രണ്ട് കൈത്തലം കൊണ്ടും ഒരൊറ്റയടി…. അതാ ചത്തുമലച്ചു കിടക്കുന്നു ഈച്ച… വലിയ ഒരു അലർച്ച കേട്ടു. അത് ഓഫീസറുടേതായിരുന്നു.”ആരാണത്.”.?……… കടൽ പോലെ പരന്ന പരേഡ് ഗ്രൗണ്ടിൽ ഞാൻ മുട്ടിൽ ഇഴഞ്ഞുകൊണ്ടേയിരുന്നു……. കൾച്ചറൽ പ്രോഗ്രാം കഴിഞ്ഞു. പക്ഷേ ഈ കഥയിൽ മനപ്പൂർവം വിട്ടുകളഞ്ഞ രണ്ടു വരികൾ അച്ചടക്കസേനയിൽ പാടില്ലാത്തതാണെന്ന് എന്നെ ബോധ്യപ്പെടുത്തികൊണ്ട് പൊട്ടിയ മുട്ടിലെ തഴമ്പ് ഇന്നും അതിശക്തമായി നിലകൊള്ളുന്നു. ഈച്ച അങ്ങനെ എന്റെശത്രുവായി.