രചന : സഫൂ വയനാട് ✍
പൊന്നമ്മേടെ മോൻ
പപ്പനാഭൻ തൂങ്ങി ചത്തൂന്ന
വിവരം പൂനൂർ കവലേലു
വല്ല്യ വാർത്തയൊന്നുമായിരുന്നില്ല..
പെഴച്ചു പെറ്റത് നാട്മുടിപ്പിക്കാതെ പെട്ടന്നങ്ങു പോയത്
നന്നായെന്നൊരു ശ്വാസം
മുറിഞ്ഞു വീണുവെന്നല്ലാതെ,
“ആണും പെണ്ണുമായിട്ടാകേള്ളതാ
ഞാനിനി ആർക്ക് വേണ്ടിയാ
ജീവിക്കണത് ദൈവം തമ്പുരാനേ”ന്ന്
പൊന്നമ്മേടെ നെഞ്ചത്തടി
മുഴങ്ങി കേട്ടൂന്നല്ലാതെ,
പെൺ തിളപ്പ് തീരുവോളം
പൊതിഞ്ഞു വച്ചു
പരിഗണിച്ചോര് പോലും
തൊട്ടുനോക്കി ആശ്വസിപ്പിച്ചില്ല,
തന്തയില്ലാത്തത് തീർന്നൂന്ന് ചുറ്റും നിന്ന്
കുശു കുശുത്തൂന്നല്ലാതെ..
പെൺകുഞ്ഞുവീടിന്റെ
ഐശ്വര്യാന്ന് ആത്മഗതം ചെയ്ത
അപ്പനടക്കമുള്ള വീട്ടിലേ
ആണുങ്ങൾ പെണ്ണായത്
കൊണ്ട് മാത്രം തിരിച്ചറിവ്
എത്തും മുന്നേയവളെ
കുറച്ച്നന്നായങ്ങു
പരിഗണിച്ചൂന്നതാ നേര്.
തഞ്ചം കിട്ട്യാ കൊഞ്ചിച്ചു
വലുതാക്കിയ പെണ്ണടയാളങ്ങൾ
പിന്നീട് നാട്ടാരും വല്ല്യ രീതീ
പരിഗണിക്കാൻ തുടങ്ങിയപ്പോ
പെണ്ണായതിൽ പെണ്ണ് ഊറ്റം കൊണ്ടു.
ഒന്നീ പഠിക്കേ,
ഒപ്പമുള്ള കണ്ണനെ ഒറ്റക്കാലേൽ
നിർത്തി “ക്ഷ” വരപ്പിക്കുമ്പോഴും
തന്നെ മടീൽ അമർത്തിയിരുത്തി
ഒറ്റകയ്യോണ്ട് നെഞ്ചത്ത് അക്ഷരമാലയെഴുതി താലോലിച്ച്,
മറ്റെ കയ്യോണ്ട് പുസ്തകത്തിൽ
വിരല് വച്ചു വിസ്മയിപ്പിച്ച
ഇട്ടിമാഷും, നീയങ്ങു വലുതായല്ലോട്യേ,
ന്ന് നിരന്തരം അളവെടുക്കുന്ന തുന്നൽക്കാരൻ അയൽവാസി ചേട്ടനും
ബസ്സിലെ തിരക്കിൽ മുട്ടിയുരുമ്മി
ഒട്ടി നിക്കുന്ന കണ്ടക്ടർ ചേട്ടനും
ചെറുപ്പത്തിലേ വല്ലാതെ
പരിഗണിച്ചപ്പോ പെണ്ണായി
ജനിച്ചതിൽ അടിമുടി പൂത്ത് അഭിമാനം
കൊണ്ട് പെണ്ണൊരുത്തി .
വീട്ടുകാർ ചാർത്തിത്തന്ന
പേര് ഒരുമ്പട്ടോൾന്നായതു
കൊണ്ട് അവർക്ക് ശേഷം കാമുകനും,
അവിടുന്നങ്ങോട്ട് അഴക് കണ്ട് അടികൂടിയോരൊക്കെ
പള്ളേലായപ്പോ അലിവ് കാട്ടാതെ ആട്ടിയോടിച്ചൂന്നതാനേര്..എന്നിട്ടും
നിറമോ അഴകോ നോക്കാതെ പൊന്നമ്മ
നിൽക്കകള്ളിയില്ലാതെ എല്ലാരെയും
മതിമറന്നു സ്നേഹിച്ചു, വേണ്ടവിധം പരിഗണിച്ചു.
കണ്ണെഴുതി, പൊട്ടു തൊട്ട്, ചുണ്ട്
ചോപ്പിച്ച പൊന്നമ്മ
പൂനൂർ കാവലേലുള്ള ആണുങ്ങൾടെ
ഉറക്കം കെടുത്തിയ കാലമുണ്ടാർന്നു.
മുന്നഴകും, പിന്നഴകും,മുഖമഴകുമാണ്
അന്ന് പൊന്നമ്മയോട് കാട്ടുന്ന പരിഗണനയ്ക്ക് മൂല കാരണം.
പക്ഷേങ്കില് പെഴച്ചു പെറ്റതാണേലും
പൊന്നമ്മേടെ ചെറുക്കൻ
പപ്പനാഭൻ ആൺ കുട്ട്യാർന്നു,
പൂനൂർ ഉത്സവത്തിനു മതമിളകിയ
കൊമ്പനെ തളച്ചതും, മീത്തലെ
മാതു കിണറ്റ്റീ വീണപ്പോ
മറുത്തൊന്നും ആലോചിക്കാതെ
ചാടി രക്ഷിച്ചതും,കവലേലെ
ആളോളെ ഉറക്കം കെടുത്തിയ
കള്ളൻ കോരനെ പിടിച്ചു കെട്ടാൻ
ഏമാൻമാരേ സഹായിച്ചതും അവനാർന്നു
ന്നാലും പിഴച്ചോൾടെ സന്തതീന്ന്
തരംകിട്ടുമ്പോ പുലഭ്യം പറയും,
കരളറ്റത്തോളം തുളഞ്ഞ്
കയറുന്ന കുത്തുവാക്കിന്‍റെ
മുനകൊണ്ടു കുത്തിനോവിച്ചു രസിക്കും,
കപട സദാചാരകണ്ണുകൊണ്ട് നോക്കി
വഴി നീളെ നഗ്നനാക്കും,
പാപ ഗർഭജൻമമെന്നു
ഒളിഞ്ഞും തെളിഞ്ഞും
അസ്ത്രമെയ്യുമ്പോൾ
ഉദാത്തമായ അമ്മ സ്നേഹ
മോർത്തവൻ ദുർബലനാവും,
പിഴയെന്നു കുരച്ചു
പിന്നിലേക്ക് തള്ളുമ്പോ
തല കുനിച്ചു താണുകൊടുക്കും,
മുറിഞ്ഞു പോയ പൈതൃകവേരിന്റെ
അറ്റം തിരയുമ്പോൾ ഇരുട്ടിലേക്ക്
മുങ്ങാങ്കുഴിയിടും,
പൊന്നമ്മ ഇതൊന്നുമറിയാതെ
പൊന്നു പോലെയവനെ നോക്കും.
ഉത്തരം കിട്ടാത്ത
ചോദ്യങ്ങളുടെ
പൊരുൾ തേടി
ഒടുക്കം ഒറ്റ മരകൊമ്പത്ത്
ഒറ്റയുത്തരമായ് ഉൺമയെ
കൊളുത്തി ഇട്ടിട്ടും
പട്ടീം പൂച്ചേo ചത്ത
ബാറില്ലായിരുന്നു നാട്ടാർക്ക്,
ഒടുക്കം പൂനൂർ കവലേല്
കടുവയിറങ്ങി ഭീതിപരന്നപ്പോ
നാട്ടാര് ഒന്നടങ്കം പറഞ്ഞു,
പപ്പനാഭനുണ്ടാരുന്നേൽ
നോക്കി നിൽക്കില്ലാർന്നു.
പിഴച്ചു പെറ്റതാണേലും,
ഓൻ ഉശിരുള്ള ആൺ കുട്ട്യാർന്നു,
പപ്പൻ തൂങി ചത്തന്ന്
മാനസിക നില തെറ്റി
തെരിവ് തോറും അലയുന്ന
പൊന്നമ്മയ്ക്ക് അപ്പറഞ്ഞത്
മാത്രം വള്ളി പുള്ളി തെറ്റാതെ മനസിലായി,
“എന്റെ പിഴ “എന്നാർത്ത്
കവല കിടുങ്ങുമാറുച്ചത്തിലവൾ
അലറി ചിരിച്ചു.